'അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?; ഡോ. രാജേഷ് ജി. നായർ
ഹാർട്ട് അറ്റാക്ക് ആണെങ്കിൽ നേരേ കാത്ത് ലാബിലേക്ക്, ഉടൻ ആൻജിയോപ്ലാസ്റ്റി, ഡോക്ടർമാരോട് വെറുതെ സംസാരിച്ചു സമയം കളയരുത് എന്നല്ലേ ഞാൻ പറഞ്ഞത്?

കോഴിക്കോട്: അനാവശ്യ ആൻജിയോപ്ലാസ്റ്റികൾ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി. നായർ ഉൾപ്പെടെയുള്ള ചില ഡോക്ടർമാർ മുഖ്യമന്ത്രിക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ പിന്തുണച്ചതിന് കടുത്ത വിമർശനവും സൈബർ ആക്ഷേപങ്ങളും നേരിടുന്നതിനിടെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഡോ.രാജേഷ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു കോടാലി കയ്യുടെ പരിദേവനങ്ങൾ.. ഓർക്കുക ആരംഭത്തിനെല്ലാം അവസാനമുണ്ട്. രണ്ടാംമൂഴത്തിലെ വരിയാണ്. ഞാനും ഒരു രണ്ടാമൂഴം നോക്കുന്നു, എന്താണ് മുഖ്യമന്ത്രിയെ പ്രശംസിച്ചതിലൂടെ ഞാൻ ഉദ്ദേശിച്ചത് എന്ന് ഒന്നൂടെ വ്യക്തമാക്കാൻ വൃഥാ ശ്രമിക്കുന്നു.
കടലിന് കറുത്ത നിറമായിരുന്നു, സോറി ഞായറാഴ്ചയ്ക്ക് കറുത്ത മൂടൽക്കെട്ടായിരുന്നു. എന്റെ അരക്കിറുക്ക് മുഴുവട്ട് ആയിരുന്നോ? വരാനുള്ളത് വഴിയിൽ തങ്ങുമോ? വഴിയെ പോകുന്ന വയ്യാവേലി എടുത്ത് കഴുത്തിൽ ഇടുന്ന ഒരു സ്വഭാവം എനിക്ക് പണ്ടേ ഉണ്ട്. വായിൽ തോന്നുന്നത്, ശരി എന്ന് തോന്നുന്നത് വിളിച്ചു കൂവും, പിന്നെ അനുഭവിക്കും. ഞാൻ ടിവി കണ്ടിട്ട് 15 വർഷത്തിൽ കൂടുതൽ ആയി. പത്രം മാത്രമേ നോക്കൂ, അതും തലക്കെട്ടുകൾ മാത്രം. അതുകൊണ്ട് തന്നെ ഒരു പത്ര സമ്മേളനങ്ങളോ നേതാക്കളുടെ പ്രസ്താവനകളോ ഞാൻ നേരിട്ട് കേൾക്കാറില്ല. സിഎം സാർ പറഞ്ഞതും ഞാൻ കേട്ടിട്ടില്ല. ആ കുറ്റം ഞാൻ സമ്മതിക്കുന്നു. കൃത്യമായി അദ്ദേഹം പറഞ്ഞത് മുഴുവൻ ഞാൻ കേട്ടില്ല.
ഞായറാഴ്ച രാവിലെ എഴുനേറ്റു എന്നത്തെയും പോലെ പത്രം നോക്കി, സാധാരണ പോലെ തലക്കെട്ടുകൾ മാത്രം നോക്കി പേജുകൾ മറിച്ചു. അതാ അകത്തെ പേജിൽ ഒരു ന്യൂസ് “അനാവശ്യ ആൻജിയോപ്ലാസ്റ്റികൾ ഒഴിവാക്കണം” മുഖ്യമന്ത്രി. ഞാൻ അതിന്റെ ഫോട്ടോ എടുത്തു, ഫേസ്ബുക്കിൽ ഇട്ടു. എന്നിട്ട് ഇപ്പോഴൊക്കെയാണ് ആൻജിയോപ്ലാസ്റ്റി വേണ്ടത് എന്നും എപ്പോഴാണ് ചെയ്യരുതാത്തത് എന്നും എനിക്ക് അറിയാവുന്ന ഭാഷയിൽ എഴുതി. സിഎം സാറിനെ അഭിനന്ദിച്ചു. പിന്നെ എല്ലാം കൈവിട്ട് പോയി. പല പല കമന്റുകൾ, കുറ്റപ്പെടുത്തലുകൾ, തെറിവിളികൾ. കോടാലി കയ്യോടു ഉപമിച്ചു സാഹിത്യകാരനായ ഒരു ഡോക്ടർ. എന്തൊരു കഷ്ടമാണ്?
അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണം- ഇതിൽ എന്താണ് തെറ്റ്?
അനാവശ്യമായി ഒരു കാര്യം ചെയ്യരുത് എന്ന് ആര് പറഞ്ഞാലും അതിൽ എന്താണ് തെറ്റ്. അതിപ്പോ മുഖ്യമന്ത്രിയോ ഒരു സാധാരണ പൗരനോ ആകട്ടെ, അതിൽ എന്താണ് തെറ്റ്. എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ പ്രസ് മീറ്റ് ഞാൻ കണ്ടിട്ടില്ല, കാരണം ഞാൻ ടിവി ന്യൂസ് കാണാറില്ല. പത്രത്തിലെ ഈ തലക്കെട്ട് മാത്രമേ ഞാൻ കണ്ടൊള്ളൂ.
1. അനാവശ്യമായി ആൻജിയോപ്ലാസ്റ്റികൾ ചെയ്യുന്നുണ്ടോ ആരെങ്കിലും? എന്റെ കാർഡിയോളജി സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് പറയാമോ ഉത്തരം. എന്റെ ഉത്തരം അപൂർവം ചിലർ ചെയ്യുന്നുണ്ട് എന്നു തന്നെയാണ്, നിങ്ങൾ എന്നെ കോടാലി എന്നല്ല എന്ത് വിളിച്ചാലും ഞാൻ അതിൽ ഉറച്ചു നിൽക്കുന്നു. മുഖ്യ മന്ത്രിയുടെ ആ അഭിപ്രായത്തിന് പൂർണ പിന്തുണ നൽകുന്നു.
2. കാദർ മുനീർ സാർ, മെഡിക്കൽ കോളേജിൽ യൂണിറ്റ് ചീഫ് ആയിരുന്നപ്പോൾ താങ്കൾക്കല്ലേ ഒരു ഡിഎംഒ റിക്വസ്റ്റ് അയച്ചത് ഒരു ഡോക്ടർ ചെയ്ത ആൻജിയോപ്ലാസ്റ്റി വേണ്ടതായിരുന്നോ എന്ന് നോക്കി അഭിപ്രായം പറയാൻ? എന്റെ ഓർമ ശരി അല്ലേ? തീയില്ലാതെ പുക ഉണ്ടാവുമോ?
3. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് ദിവസവും ചീഫ് സെക്രട്ടറിയും ഡിജിപി യും ഇന്റലിജൻസ് ചീഫും മറ്റും അന്നന്നത്തെ വിവരങ്ങൾ കൊടുക്കും എന്ന് അറിയില്ലേ. ഒന്നും അറിയാതെ അദ്ദേഹം കാർഡിയോളജിസ്റ്റുകൾ പോലുള്ളവരെ വെറുപ്പിക്കുമോ? എന്തെങ്കിലും ഒക്കെ അദ്ദേഹത്തിന്റെ ചെവിയിൽ എത്താതെ ഇങ്ങനെ അദ്ദേഹം പറയും എന്ന് കരുതുന്നുണ്ടോ? ഇത്രയും കൂർമബുദ്ധിയായ ഒരാൾ വെറുതെ എന്തെങ്കിലും പറയുമോ?
4. ആഴ്ചയിൽ രണ്ട് ദിവസം എങ്കിലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഞാൻ അതിനെതിരെ എന്തെങ്കിലും പറഞ്ഞിരുന്നോ? Chronic stable angina ക്ക് മെഡിസിൻ കൊണ്ടുള്ള ചികിത്സയാണ് ആദ്യം വേണ്ടത് എന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു! അത് തെറ്റാണോ?
5. ഹാർട്ട് അറ്റാക്ക് ആണെങ്കിൽ നേരേ കാത്ത് ലാബിലേക്ക്, ഉടൻ ആൻജിയോപ്ലാസ്റ്റി, ഡോക്ടർമാരോട് വെറുതെ സംസാരിച്ചു സമയം കളയരുത് എന്നല്ലേ ഞാൻ പറഞ്ഞത്? NSTEMI ആണെങ്കിൽ 2 മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാം ചെയ്യണം എന്ന് പറഞ്ഞില്ലേ! ഇതിൽ കൂടുതൽ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യകത എങ്ങനെയാണ് ഊന്നി പറയേണ്ടത്. പിന്നെ എന്നെ എന്തിനാണ് കോടാലി കൈ എന്ന് വിളിക്കുന്നത്?
ഞാൻ സിഎം സാറിനെ സുഖിപ്പിക്കാൻ നോക്കിയതാണത്രേ. എന്തിന്?! എന്തൊക്കെയാ ആക്ഷേപങ്ങൾ ?!!
എനിക്ക് റിട്ടയർ ചെയ്യാൻ നാല് വർഷം ഉണ്ട് ഇനി. പക്ഷേ പ്രിൻസിപ്പൽ ഓഫീസിൽ വിആര്‍എസ് എടുക്കാൻ വേണ്ടി E1 സെക്ഷനിൽ ഞാൻ AG ഓഫീസിൽ നിന്നും എന്റെ സർവീസ് ഡീറ്റെയിൽസ് ഇപ്പോൾ തന്നെ റെഡി ആക്കി വെച്ചിരിക്കുവാ. നിങ്ങൾക്ക് പോയി നോക്കാം. ആ ഫോം പൂരിപ്പിച്ചു അതും റെഡി ആണ് എന്റെ കയ്യിൽ, 2027 ജനുവരിയിൽ മതിയാക്കാം എന്ന് കരുതി. അവിടെ അത് സബ്മിറ്റ് ചെയ്താൽ മാത്രം മതി ഇനി, ക്ലോസ്ഡ് ചാപ്റ്റർ.
4 വർഷം ഇപ്പോൾ തന്നെ ചുമന്നു എച്ച്ഒഡി സ്ഥാനം. സ്വാതിതിരുനാൾ സിനിമയിൽ അവസാനത്തെ സ്സീനിൽ അദ്ദേഹം പറയും പോലെ “ഇനി ഈ ഉടവാൾ താങ്ങാനുള്ള കരുത്ത് അടിയനില്ല”. ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ. ആ ഞാൻ പിന്നെ എന്തിന് ആരെ ഇനി വെറുതെ പുകഴ്ത്തണം? ഇതു ഇവിടെ അവസാനിപ്പിക്കുന്നു
Adjust Story Font
16

