Quantcast

അലർജിയുണ്ടോ? തേനീച്ചയുടെ കുത്തേൽക്കാൻ ഇടവരരുത്! അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

അലർജി ഉള്ളവർ തേനീച്ചകളുടെ കുത്തേൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

MediaOne Logo

Athulya

  • Updated:

    2026-09-28 05:10:06

Published:

28 Sept 2026 10:34 AM IST

അലർജിയുണ്ടോ? തേനീച്ചയുടെ കുത്തേൽക്കാൻ ഇടവരരുത്! അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
X

തേനീച്ച ചെറിയൊരു ജീവിയാണെങ്കിലും അതിൻ്റെ കുത്തേറ്റാലുണ്ടാകുന്ന പാർശ്വഫലങ്ങൾ വളരെ ഗുരുതരമാണ്. തേനീച്ച കുത്തി ആളുകൾ മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അലർജി പ്രശ്നങ്ങളുള്ളവരിലാണ് തേനീച്ചയുടെ കുത്ത് ഏറ്റവും അപകടകരമായി മാറുന്നത്. തേനീച്ചകളിലുള്ള വിഷത്തോട് അലർജിയുള്ളവരിൽ അനാഫിലാക്സിസ് (Anaphylaxis) എന്ന ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഒന്നിലേറെ തവണ കുത്തേൽക്കുമ്പോഴാണ് അപകടസാധ്യത വൻതോതിൽ വർധിക്കുന്നത്. കുത്തേറ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ തലകറക്കം, ബോധക്ഷയം, ഛർദി, ചുമ, മുഖം ചുവന്നു തടിക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. കടുത്ത നീർവീക്കവും ശ്വാസതടസവുമാണ് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണത്തിലേക്ക് നയിക്കുന്നത്. അതിനാൽ അലർജി ഉള്ളവർ തേനീച്ചകളുടെ കുത്തേൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കുത്തേറ്റാലുടൻ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറണം. അമിതമായി പരിഭ്രമിക്കാതെ സമചിത്തതയോടെ പെരുമാറുക എന്നതും വളരെ പ്രധാനമാണ്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസവും സിപിആറും നൽകണം. കുത്തേറ്റ ഭാഗത്ത് ചുമന്ന് തടിക്കുകയോ നീര് വെയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ ഐസ് പായ്‌ക്ക് വെയ്ക്കാവുന്നതാണ്. അലർജിക്കുള്ള അവിൽ പോലുള്ള ഗുളികകൾ നൽകുന്നതും ഗുണം ചെയ്യും. കാലതാമസമില്ലാതെ ആളെ ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

അലർജി പ്രശ്നങ്ങൾ ഇല്ലാത്തവരാണെങ്കിൽ ചെറിയ ചില നടപടിക്രമങ്ങളിലൂടെ അപകടം ഒഴിവാക്കാവുന്നതാണ്.

1. മുള്ള് നീക്കം ചെയ്യുക

തേനീച്ച കുത്തിയ സ്ഥാനത്ത് അതിന്റെ മുള്ള് തങ്ങിനിൽപ്പുണ്ടോ എന്ന് പരിശോധിക്കുക. ഇത് എത്രയും വേഗം നീക്കം ചെയ്യണം. മുള്ള് ശരീരത്തിൽ ഇരിക്കുംതോറും വിഷം ഉള്ളിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കും. മുള്ള് നീക്കം ചെയ്യാൻ വിരലമർത്തി ഞെക്കരുത്. അങ്ങനെ ചെയ്യുന്നത് മുള്ളിലുള്ള വിഷസഞ്ചി അമർന്ന് കൂടുതൽ വിഷം രക്തത്തിലേക്ക് കലരാൻ ഇടയാക്കും. എടിഎം കാർഡോ നഖമോ ഉപയോഗിച്ച് ചർമത്തിലൂടെ പതുക്കെ ചുരണ്ടി മുള്ള് പുറത്തെടുക്കുക.

2. കുത്തിയ ഭാഗം വൃത്തിയാക്കുക

കുത്തേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ഇത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

3. ഐസ് പായ്ക്ക് ഉപയോഗിക്കുക

വീക്കവും വേദനയും കുറയ്ക്കാൻ തുണിയിൽ പൊതിഞ്ഞ ഐസ് ക്യൂബുകളോ ഐസ് പായ്‌ക്കോ കുത്തേറ്റ ഭാഗത്ത് വെക്കുക. ഐസ് നേരിട്ട് ചർമത്തിൽ വെക്കരുത്. അത് ചർമത്തിൽ കേടുപാടുണ്ടാക്കാം

4. ശാന്തമായിരിക്കുക

തേനീച്ച കുത്തേറ്റ സ്ഥലത്ത് നിന്നും ഉത്കഠപ്പെടാതെ ശാന്തമായി മാറിപ്പോവുക. പരിഭ്രാന്തിയോടെ കൈകാലുകൾ ഇളക്കുന്നത് കൂടുതൽ തേനീച്ചകളെ ആകർഷിക്കാനും വീണ്ടും കുത്തേൽക്കാനും കാരണമാകും.

കഴുകി ഐസ് പായ്‌ക്ക് വെച്ചതിന് ശേഷം കുത്തേറ്റ ഭാഗത്ത് ചില ലേപനങ്ങൾ പുരട്ടാവുന്നതാണ്

1. തേൻ

തേനീച്ചക്കുത്തേറ്റ ഭാഗത്ത് അൽപ്പം തേൻ പുരട്ടുന്നത് ചർമത്തിന് ആശ്വാസം നൽകാനും അണുബാധ തടയാനും മുറിവ് വേഗത്തിൽ ഉണങ്ങാനും സഹായിക്കും

2. കറ്റാർവാഴ ജെൽ

ശുദ്ധമായ കറ്റാർവാഴ ജെൽ പുരട്ടുന്നത് വീക്കവും ചൊറിച്ചിലും കുറയ്ക്കാൻ വളരെ നല്ലതാണ്. രാസവസ്തുക്കളോ സുഗന്ധദ്രവ്യങ്ങളോ ഇല്ലാത്ത യഥാർഥ കറ്റാർവാഴ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

3. ബേക്കിങ് സോഡ പേസ്റ്റ്

ബേക്കിങ് സോഡയിൽ അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റാക്കി കുത്തേറ്റ ഭാഗത്ത് പുരട്ടുക. ഇത് തേനീച്ചയുടെ അമ്ലസ്വഭാവമുള്ള വിഷത്തെ നിർവീര്യമാക്കാനും ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കും.

4. തുളസി/പനിക്കൂർക്ക ഇലകൾ

പനിക്കൂർക്ക അല്ലെങ്കിൽ തുളസിയില ചതച്ച് പേസ്റ്റാക്കി പുരട്ടുന്നത് വേദന കുറയ്ക്കാനും ബാക്ടീരിയൽ അണുബാധ തടയാനും സഹായിക്കും.

5. കറിവേപ്പില പേസ്റ്റ്

കറിവേപ്പില പൊടി വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുന്നത് വീക്കവും വേദനയും കുറയ്ക്കും.

6. ലാവെണ്ടർ ഓയിൽ

ലാവെണ്ടർ ഓയിൽ വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ ലയിപ്പിച്ച് പുരട്ടുന്നത് വേദനയ്ക്ക് നല്ലൊരു പരിഹാരമാണ്.

TAGS :

Next Story