അവശ്യസമയത്ത് നോ പറയാൻ കഴിയാറില്ലല്ലേ? സാരമില്ല,പ്രതിവിധിയുണ്ട്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...
സാമൂഹികബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നില്ല. ഇതിന് നോ പറയാതിരിക്കുകയാണ് ഇവർ തിരഞ്ഞെടുക്കുന്ന രീതി

നോ എന്നത് വളരെ ചെറുതും എന്നാൽ അത്രയധികം പ്രാധാന്യമുള്ളതുമായ ഒരു വാക്കാണ്. പക്ഷേ അവശ്യസമയത്ത് ഇത് പറയാൻ സാധിക്കാത്തവരാണ് നമ്മളിൽ കുറച്ചു പേരെങ്കിലും.
അവശ്യ സമയത്ത് വേണ്ട എന്ന് പറയാതെ വന്നതു കൊണ്ട് കുഴപ്പത്തിൽ ചാടിയ ഒരുപാട് പേരുണ്ടാവും നമ്മളിൽ തന്നെ. എന്തായിരിക്കും നോ പറയാനുള്ള ഈ ബുദ്ധിമുട്ടിന് പിന്നിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? വേണം എന്ന് പറയുന്നത് പോലെ എളുപ്പമല്ലേ വേണ്ട എന്ന് പറയുന്നതും? എന്നാലിതത്ര എളുപ്പമല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധരടക്കം അറിയിക്കുന്നത്. നോ പറയുന്നത് അത്ര എളുപ്പല്ലാതെ വരുന്നതിന് പിന്നിൽ ചില ചെറിയ വലിയ കാരണങ്ങളുമുണ്ട്. കുറ്റബോധം തോന്നാതെ വേണ്ട അല്ലെങ്കിൽ പറ്റില്ല എന്നൊക്കെ എങ്ങനെ പറയാം എന്നതിന് ആദ്യം ഈ കാരണങ്ങൾ അറിഞ്ഞിരിക്കണം.
കുട്ടിക്കാലം കുട്ടിക്കളിയല്ല
നമ്മുടെ ജീവിതശൈലിയും സ്വഭാവരൂപീകരണവുമെല്ലാം ഒരു പരിധി വരെ കുട്ടിക്കാലത്താണ് സംഭവിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ സോ കോൾഡ് വിനയവും വരും വരായ്കകൾ നേരത്തേ അറിയാനുള്ള കഴിവുമൊക്കെ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കും. നോ എന്നത് ധിക്കാരത്തിന്റെ മറ്റൊരു വാക്കാണ് പലർക്കും. എന്തെങ്കിലും കാര്യത്തിൽ കുട്ടികൾ നോ പറഞ്ഞാൽ അത് അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ മുതിർന്നവർക്ക് കഴിയാറില്ല. നോ പറയുന്നതിന്റെ ഭവിഷ്യത്തുകൾ ഭീകരമാകുന്നതിനാൽ കുട്ടികൾ പതുക്കെ നോ പറയേണ്ടിടത്ത് യെസ് പറഞ്ഞു തുടങ്ങും. അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിലവർ മൗനം പാലിക്കും.
ഇത്തരം അനുഭവങ്ങൾ കുട്ടികളുടെ പ്രതികരണശേഷി പാടേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ചിലപ്പോൾ അവരുടെ ഭാവിജീവിതത്തെ കാര്യമായി ബാധിച്ചേക്കാം.
സ്വയം വിലയിരുത്തൽ അമിതമായാൽ...
ഇംപോസ്റ്റർ സിൻഡ്രോം എന്നൊരു സംഗതിയുണ്ട്. സ്വന്തം കഴിവിൽ തീരെ വിശ്വാസമില്ലാതെ വരുന്ന അവസ്ഥയാണിത്. ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യാൻ പ്രാപ്തരാണോ എന്ന തോന്നൽ ഇംപോസ്റ്റർ സിൻഡ്രോം ഉള്ളവരിൽ നിരന്തരമുണ്ടാകും. തന്നേക്കാൾ കേമരാണ് മറ്റുള്ളവർ എന്ന ഈ തോന്നൽ സ്വാഭാവികമായും നോ പറയുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കും. തന്നെയുമല്ല മറ്റുള്ളവർ പറയുന്നതെന്തും നാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും.
സാമൂഹികബന്ധങ്ങളിൽ വിട്ടുവീഴ്ചയില്ല
മനുഷ്യനൊരു സമൂഹജീവിയാണെന്നതാണ് നോ പറയാൻ ബുദ്ധിമുട്ടുന്നതിന്റെ മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമൂഹികബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നില്ല. ഇതിന് നോ പറയാതിരിക്കുകയാണ് ഇവർ തിരഞ്ഞെടുക്കുന്ന രീതി. സമാധാനപ്രിയരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
നോ പറയേണ്ടതെപ്പോൾ...
വേണ്ട സമയത്ത് വേണ്ട എന്ന് പറയേണ്ടത് വളരെ വളരെ അത്യാവശ്യമായ കാര്യമാണ്. എതിർപ്പുകളും നിഷേധങ്ങളുമെല്ലാം കൂടിച്ചേരേണ്ടതാണ് നമ്മുടെ എല്ലാവരുടെയും തന്നെ നിത്യജീവിതം. ഒരു സാഹചര്യത്തിൽ അല്ലെങ്കിൽ സന്ദർഭത്തിൽ ഒകെ അല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ നോ എന്ന് പറഞ്ഞിരിക്കണം. ജോലി സ്ഥലത്താണെങ്കിൽ ബോസ്സിനോടും മറ്റും നോ പറയുന്നതിന് ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ മറ്റുള്ളവരുടെ സൗകര്യത്തിനേക്കാൾ നമ്മുടെ സമയവും സൗകര്യവും ആരോഗ്യവുമൊക്കെയാണ് പ്രധാനം എന്നത് ഓർക്കണം. ഇതിനായി ഒരു കാര്യം നിഷേധിക്കുന്നതിന് ഒരു കുറ്റബോധവും തോന്നേണ്ടതില്ല.
പേഴ്‌സണൽ സ്‌പേസുകളിൽ കയറി ഒരാൾ അമിതമായ ഇടപെഴകലുകൾ നടത്തുകയാണെങ്കിൽ അവിടെയും നോ പറയേണ്ടതുണ്ട്. മറ്റെന്തിനേക്കാളും വലുത് നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന പരിധികളാണെന്നത് തിരിച്ചറിയണം.
മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ യെസ് പറയുന്നത് ഒഴിവാക്കുന്നത് വലിയ ഗുണം ചെയ്യും. ആരെയെങ്കിലും സന്തോഷിപ്പിക്കാനോ പ്രീതിപ്പെടുത്താനോ നോ പറയാതിരിക്കുന്നതിലും വലിയ അബദ്ധമില്ല.
നോ എങ്ങനെ പറയാം...
പ്രാക്ടീസ് പ്രാക്ടീസ്...
കുറച്ച് മോട്ടിവേഷൻ കിട്ടിയാൽ പെട്ടന്ന് പോയി പറയാനാവുമെങ്കിലും പിന്നീട് അതേക്കുറിച്ചോർത്ത് ദുഖിക്കാതിരിക്കാൻ കുറച്ച് സമയമെടുത്ത് നോ പറഞ്ഞ് പരിശ്രമിക്കണം. ചെറിയ കാര്യങ്ങളിൽ പറഞ്ഞു തുടങ്ങി പിന്നീട് മടിയില്ലാതെ നോ പറയാൻ പറ്റുന്നത് വരെ ഇത് തുടരണം.
കാരണം വ്യക്തമാക്കാം...
എത്രത്തോളം വ്യക്തമായി കാരണം പറയുന്നുവോ അത്രത്തോളം സ്വീകാര്യമായിരിക്കും നോ. എന്തുകൊണ്ടത് വേണ്ട എന്നതിന് കൃത്യമായ ഉത്തരം നിങ്ങൾക്ക് തന്നെ നൽകാനായില്ലെങ്കിൽ മറ്റുള്ളവർക്കത് അംഗീകരിക്കാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് കാരണം എത്ര ചെറുതാണെങ്കിലും വ്യക്തവും കൃത്യവുമായിരിക്കണം.
നോ എപ്പോഴും റൂഡ് ആയിരിക്കേണ്ട
ഒറ്റയടിക്ക് പരുഷമായി നോ പറയുന്നത് പറയുന്നവർക്കും കേട്ടിരിക്കുന്നവർക്കും അരോചകമായി തോന്നാം. മുന്നോട്ട് വയ്ക്കുന്ന ടാസ്‌കുകൾ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ അറിയിക്കുന്നതിനും വേണ്ടാത്തത് വേണ്ട എന്ന് പറയുന്നതിനുമൊക്കെ കുറച്ച് ബഹുമാനം കൊടുക്കാം. ജോലി ചെയ്യാൻ തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞതിന് ശേഷം അത് നിരസിക്കുന്നതാണ് മര്യാദ.
വളഞ്ഞ് മൂക്ക് പിടിക്കേണ്ട
എന്തുകൊണ്ട് ഒരു കാര്യം ചെയ്യാനാവില്ല, അല്ലെങ്കിൽ നിങ്ങൾക്കത് വേണ്ട എന്നതിന് ആർക്ക് മുന്നിലും പരിധിയിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. നീട്ടിവലിക്കാതെ ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞാൽ മതിയാവും.
മറ്റുള്ളവരുടെ സഹായം തേടാം...
സീക്കിംഗ് ഹെൽപ് എന്നത് ഒരു മോശം കാര്യമല്ല. നോ പറയാൻ നിങ്ങൾക്ക് സഹായം വേണമെന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനയോ ഇക്കാര്യത്തിൽ മികച്ചതാണെന്ന് നിങ്ങൾക്ക് തോന്നുന്നവരെയോ സമീപിക്കുക. ഇതിനൊരിക്കലും മടി വേണ്ട.
Adjust Story Font
16

