കഴുകി വൃത്തിയാക്കേണ്ട മാലിന്യപൈപ്പുകളല്ല വൃക്കകൾ! ലിറ്റർ കണക്കിന് വെള്ളം കുടിക്കുന്നതിൽ അപകടം
അമിതമായി വെള്ളം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്നാണ് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി താഴുന്ന 'ഹൈപ്പോനാട്രീമിയ' എന്ന അവസ്ഥ

ആരോഗ്യം സംരക്ഷിക്കാനുള്ള നിർദേശങ്ങൾക്കായി യൂട്യൂബിലും ഇൻ്റർനെറ്റിലും പരതുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. അങ്ങനെ കിട്ടുന്ന നിർദേശങ്ങളിൽ ഉറപ്പായും ഉണ്ടാകുന്ന ഒരു കാര്യമാണ് ധാരാളം വെള്ളം കുടിക്കണമെന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി രണ്ട് മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണമെന്നതാണ് നമ്മുക്ക് കിട്ടാറുള്ള നിർദേശം. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായി വൃക്കകൾ ശുദ്ധീകരിക്കുന്നതിനാണ് ഇത്രയും വെള്ളം കുടിക്കാൻ പലരും നിർദേശിക്കാറ്. എന്നാൽ യഥാർഥത്തിൽ ഇങ്ങനെ വെള്ളം കുടിക്കേണ്ടതുണ്ടോ? ഇങ്ങനെ ലിറ്റർ കണക്കിന് വെള്ളം കുടിച്ചതുകൊണ്ട് നമ്മുടെ വൃക്കകൾ ശുദ്ധീകരിക്കപ്പെടുമോ?
യഥാർഥത്തിൽ പലരും കരുതുന്നത് വൃക്കകളെ ഒരുപാട് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിക്കൊണ്ടിരിക്കണം എന്നാണ്. എന്നാൽ നമ്മുടെ ശരീരത്തിലെ വെള്ളത്തിൻ്റെയും സോഡിയത്തിൻ്റെയും അളവിനെ നിയന്ത്രിച്ച് നിർത്തുന്ന അവയവങ്ങളാണ് വൃക്കകളെന്നത് പലരും മനസിലാക്കുന്നില്ല. നമ്മൾ എത്രത്തോളം കായികാധ്വാനം ചെയ്യുന്നു, എത്രത്തോളം വിയർക്കുന്നു, എന്തൊക്കെ ഭക്ഷണം കഴിക്കുന്നു, മുൻപ് എത്ര വെള്ളം കുടിച്ചു എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് ഈ സന്തുലിതാവസ്ഥ നിലനിൽക്കുന്നത്.
ഫരീദാബാദ് അമൃത ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. ഊർമിള ആനന്ദ് പറയുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ ലിറ്റർ കണക്കിന് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ്. ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് ആരോഗ്യവാനായ ഒരാൾക്ക് വലിയ കുഴപ്പമുണ്ടാക്കില്ലെങ്കിലും അത് എല്ലാവർക്കും ആരോഗ്യകരമല്ല. അതുപോലെതന്നെ, ദിവസം മുഴുവൻ ഇടവേളകളെടുത്ത് വെള്ളം കുടിക്കുന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ വൻതോതിൽ വെള്ളം കുടിക്കുന്നതും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. വെള്ളം വൃക്കകൾക്ക് ഹാനികരമായതുകൊണ്ടല്ല. മറിച്ച് ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്ന ദ്രാവകത്തിന്റെ അളവിന് ഒരു പരിധിയുള്ളതുകൊണ്ടാണ്.
അമിതമായി വെള്ളം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രയാസങ്ങളിലൊന്നാണ് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി താഴുന്ന 'ഹൈപ്പോനാട്രീമിയ' (Hyponatraemia) എന്ന അവസ്ഥ. ശരീരത്തിന് പുറന്തള്ളാൻ കഴിയുന്നതിലും കൂടുതൽ വെള്ളം ഉള്ളിലെത്തുമ്പോൾ രക്തത്തിലെ സോഡിയം നേർപ്പിച്ചു പോകുന്നു. തുടക്കത്തിൽ തലവേദന, ഓക്കാനം, വയർ വീർക്കൽ, അസാധാരണമായ തളർച്ച, ആശയക്കുഴപ്പം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എന്നാൽ സോഡിയത്തിന്റെ അളവ് വളരെ കുറയുന്നത് തലച്ചോറിൽ വീക്കമുണ്ടാക്കുകയും അപസ്മാരം, ബോധക്ഷയം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
ഒരു വ്യക്തിക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് അവരുടെ ശരീരഘടന, കാലാവസ്ഥ, കായികാധ്വാനം, ഭക്ഷണം, ഗർഭാവസ്ഥ, നിലവിലുള്ള രോഗങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ചൂടുള്ള കാലാവസ്ഥയിൽ പുറത്ത് ജോലി ചെയ്ത് കഠിനമായി വിയർക്കുന്ന ഒരാൾക്ക്, എയർ കണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് ജോലി ചെയ്യുന്നയാളേക്കാൾ കൂടുതൽ വെള്ളം ആവശ്യമായി വരും. അതിനാൽ മറ്റുള്ളവർ വെള്ളംകുടിക്കുന്ന രീതിയുമായി സ്വന്തം ശീലത്തെ താരതമ്യം ചെയ്യുന്നത് നന്നല്ല. ശരീരം അതിന് വെള്ളം ആവശ്യമുണ്ടെന്ന് അറിയിക്കുന്ന മാർഗം ദാഹം തന്നെയാണ്. അതുകൊണ്ട് ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കുന്നത് തന്നെയാണ് ഉചിതം.
ചില രോഗാവസ്ഥയുള്ളവർ വെള്ളത്തിന്റെ ഉപയോഗത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം എന്നിവയുള്ളവരിലും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിക്കുന്ന മറ്റ് രോഗങ്ങളുള്ളവരിലും അമിതമായി വെള്ളം കുടിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇത്തരക്കാരോട് ഡോക്ടർമാർ നിശ്ചിത അളവിൽ കൂടുതൽ വെള്ളം കുടിക്കരുതെന്ന് നിർദ്ദേശിക്കാറുണ്ട്.
ശരീരത്തിന് വെള്ളം അത്യാവശ്യമാണ്. വൃക്കകളുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യത്തിന് ദ്രാവകം വേണം. എന്നാൽ നിർബന്ധപൂർവ്വം കൂടുതൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഓരോ വ്യക്തിയും ദിവസവും ഇത്ര ലിറ്റർ വെള്ളം കുടിക്കണം എന്നൊരു കണക്കില്ലെന്ന് ഡോ. ഊർമിള ആനന്ദ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ കണ്ട് ലിറ്റർ കണക്കിന് വെള്ളം വയറ്റിലേക്ക് അടിച്ചുകയറ്റുന്നതിന് പകരം, സ്വന്തം ദാഹം തിരിച്ചറിഞ്ഞ്, കാലാവസ്ഥയ്ക്കും കായികാധ്വാനത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് ആവശ്യത്തിന് മാത്രം വെള്ളം കുടിക്കുക. വൃക്കകൾക്ക് വേണ്ടത് ലിറ്റർ കണക്കിന് വെള്ളമല്ല, മറിച്ച് ശരിയായ സന്തുലിതാവസ്ഥയാണ്.
Adjust Story Font
16

