മുഖത്തെ അമിത രോമവളർച്ചയാണോ പ്രശ്നം? പരിഹാരമായി ഈ മാർഗങ്ങൾ പരീക്ഷിക്കാം
പ്രധാനമായും ആൻഡ്രജൻ എന്ന പുരുഷ ഹോർമോണുകളുടെ അളവിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ ഒരു കാരണം

സ്ത്രീകളിൽ മുഖത്ത് നേരിയ രോമവളർച്ച സാധാരണമാണ്. എന്നാൽ താടിയിലും മേൽച്ചുണ്ടിന് മുകളിലും കട്ടിയുള്ളതും ഇരുണ്ടതുമായ രോമങ്ങൾ അമിതമായി വളരുന്നത് പലരെയും അലട്ടാറുണ്ട്. 'ഹിർസ്യൂട്ടിസം' എന്ന അവസ്ഥയുടെ ഭാഗമായും ഇത്തരം അമിത രോമവളർച്ച ഉണ്ടാകാം.
സ്ത്രീകളിൽ ഹിർസ്യൂട്ടിസത്തിന് ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാരണം പിസിഒഎസ് ആണ്. പ്രധാനമായും ആൻഡ്രജൻ എന്ന പുരുഷ ഹോർമോണുകളുടെ അളവിലോ പ്രവർത്തനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് പിന്നിലെ ഒരു കാരണം. എന്നാൽ, ശരിയായ ചികിത്സയിലൂടെ ഇതിന്റെ ലക്ഷണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. എന്തൊക്കെയാണ് ചികിത്സാ മാർഗങ്ങളെന്ന് പരിശോധിക്കാം.
ഗർഭനിരോധന ഗുളികകൾ
ഈസ്ട്രജൻ, പ്രോജസ്റ്റിൻ എന്നീ ഹോർമോണുകൾ അടങ്ങിയ ചില ഗർഭനിരോധന ഗുളികകൾ ആൻഡ്രജൻ മൂലമുള്ള ഹിർസ്യൂട്ടിസം നിയന്ത്രിക്കാൻ ഉപയോഗിക്കാറുണ്ട്.എന്നാൽ ഓക്കാനം, തലവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം.അതിനാൽ വിദഗ്ധരുടെ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്.
ആൻറി-ആൻഡ്രജൻ മരുന്നുകൾ
ആൻഡ്രജൻ ഹോർമോണുകൾ ശരീരത്തിലെ കോശങ്ങളിൽ പ്രവർത്തിക്കുന്നത് തടയുന്ന മരുന്നുകളാണിവ. സ്പിറോനൊലാക്ടോൺ പോലുള്ള മരുന്നുകൾ ഇതിനായി ഉപയോഗിക്കാറുണ്ട്. ഫലം കാണാൻ ആറുമാസമോ അതിലധികമോ സമയം വേണ്ടിവന്നേക്കാം. ഇത്തരം മരുന്നുകൾ ഗർഭസ്ഥ ശിശുവിനെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കണം.
എഫ്ലോർണിത്തീൻ ക്രീം
സ്ത്രീകളിലെ അമിത മുഖരോമവളർച്ച കുറയ്ക്കാൻ ഡോക്ടർ നിർദേശിക്കുന്ന ക്രീമാണിത്. ബാധിത ഭാഗത്ത് ദിവസത്തിൽ രണ്ടുതവണ പുരട്ടുന്നത് പുതിയ രോമങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കും. എന്നാൽ നിലവിലുള്ള രോമങ്ങൾ നീക്കം ചെയ്യില്ല. .
നിലവിലെ രോമം നീക്കം ചെയ്യാനുള്ള ചികിത്സകൾ
ലേസർ ചികിത്സ: ലേസർ രശ്മി ഉപയോഗിച്ച് രോമകൂപങ്ങളെ കേടുവരുത്തി രോമവളർച്ച കുറയ്ക്കുന്ന രീതിയാണിത്. ഒന്നിലധികം സെഷനുകൾ ആവശ്യമായി വന്നേക്കാം. കറുപ്പ്, തവിട്ട് തുടങ്ങിയ നിറത്തിലുള്ള രോമങ്ങൾക്ക് ലേസർ ചികിത്സ സാധാരണയായി കൂടുതൽ ഫലപ്രദമായേക്കാം. എന്നാൽ ഇരുണ്ട നിറമുള്ള ചർമത്തിൽ ചില ലേസറുകൾ ഉപയോഗിക്കുമ്പോൾ ചർമത്തിന്റെ നിറത്തിൽ മാറ്റം, പൊള്ളൽ, വീക്കം തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇലക്ട്രോളിസിസ്: ചെറിയൊരു സൂചി ഓരോ രോമകൂപത്തിലും എത്തിച്ച് വൈദ്യുത പ്രവാഹം നൽകിയാണ് ഈ ചികിത്സ നടത്തുന്നത്. ഇതിലൂടെ രോമകൂപത്തിന് കേടുപാടുണ്ടാക്കി പിന്നീട് രോമവളർച്ച തടയാൻ ശ്രമിക്കുന്നു. ഒന്നിലധികം സെഷനുകൾ ആവശ്യമായി വന്നേക്കാം. സ്വാഭാവികമായി ഇളംനിറമോ വെള്ളനിറമോ ഉള്ള രോമങ്ങൾക്ക് ലേസറിനേക്കാൾ ഇലക്ട്രോളിസിസ് അനുയോജ്യമായേക്കാം. ചികിത്സയ്ക്കിടെ വേദന അനുഭവപ്പെടാം.
വീട്ടിൽ ചെയ്യാവുന്ന താൽക്കാലിക മാർഗങ്ങൾ
അനാവശ്യ രോമങ്ങൾ താൽക്കാലികമായി നീക്കം ചെയ്യാനോ അവയുടെ ദൃശ്യത കുറയ്ക്കാനോ ചില സ്വയം പരിചരണ മാർഗങ്ങൾ ഉപയോഗിക്കാം.
പ്ലക്കിങ്: കുറച്ച് രോമങ്ങൾ മാത്രം നീക്കം ചെയ്യാൻ അനുയോജ്യം. ട്വീസർ, ത്രെഡിങ് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാം.
ഷേവിങ്: വേഗത്തിൽ ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമായ മാർഗം. എന്നാൽ ഇടയ്ക്കിടെ ആവർത്തിക്കേണ്ടിവരും.
വാക്സിങ്: ഒരേസമയം കൂടുതൽ രോമങ്ങൾ നീക്കം ചെയ്യാം. എന്നാൽ ചിലരിൽ വേദനയും ചർമത്തിൽ അസ്വസ്ഥതയും ഉണ്ടാകാം.
ഡിപിലേറ്ററി ക്രീമുകൾ: രോമം അലിയിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളും ജെല്ലുകളും ലഭ്യമാണ്. ചർമത്തിൽ ഇറിറ്റേഷൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ ഭാഗത്ത് പരീക്ഷിക്കുന്നത് നല്ലതാണ്.
ബ്ലീച്ചിങ്: രോമത്തിന്റെ നിറം ഇളംനിറമാക്കി അവയുടെ ദൃശ്യത കുറയ്ക്കുന്ന രീതിയാണിത്. ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഉൽപ്പന്നങ്ങൾ ചിലരിൽ ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കാം.
മുഖത്തെ അമിത രോമവളർച്ചയ്ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില നാട്ടുവൈദ്യങ്ങൾ
മുഖത്തെ അമിത രോമവളർച്ച കുറയ്ക്കാൻ ചിലർ വീട്ടിൽ ലഭ്യമായ ചേരുവകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയൊന്നും ഹിർസ്യൂട്ടിസത്തിനുള്ള തെളിയിക്കപ്പെട്ട സ്ഥിരപരിഹാരങ്ങളല്ല. പ്രത്യേകിച്ച് ഹോർമോൺ വ്യതിയാനം മൂലമുള്ള രോമവളർച്ചയാണെങ്കിൽ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് പ്രധാനം.
സ്പിയർമിന്റ് ചായ: പുതിനയുടെ ഒരു ഇനമായ സ്പിയർമിന്റ് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ ടെസ്റ്റോസ്റ്റിറോൺ, ആൻഡ്രജൻ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. PCOS ഉള്ള സ്ത്രീകളിലെ നേരിയ ഹിർസ്യൂട്ടിസത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാകാമെന്നും റിപ്പോർട്ടുകളുണ്ട്
ലാവെൻഡർ, ടീ ട്രീ ഓയിൽ: ചില പ്രാഥമിക പഠനങ്ങളിൽ ലാവെൻഡർ, ടീ ട്രീ ഓയിൽ എന്നിവ ചർമത്തിൽ പുരട്ടുന്നത് അമിത രോമവളർച്ച കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന് മതിയായ തെളിവുകൾ ലഭ്യമല്ല. ചർമത്തിൽ നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം. ചില ആളുകളിൽ ഇത് അലർജിയോ ഇറിറ്റേഷനോ ഉണ്ടാക്കിയേക്കാം.
മഞ്ഞൾ: അനാവശ്യ മുഖരോമങ്ങൾ നീക്കം ചെയ്യാൻ മഞ്ഞൾ പേസ്റ്റ് ഉപയോഗിക്കുന്ന പതിവുണ്ട്. എന്നാൽ മഞ്ഞൾ മുഖത്തെ രോമവളർച്ച സ്ഥിരമായി കുറയ്ക്കുമെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിൽ പരിമിതമാണ്.
കടലമാവ്, മഞ്ഞൾ, ചന്ദനം, നാരങ്ങ: കടലമാവിൽ മഞ്ഞൾ ചേർത്ത് ചന്ദനപ്പേസ്റ്റും നാരങ്ങാനീരും കലർത്തി ഫേസ് പാക്കായി ഉപയോഗിക്കുന്ന രീതികളും പ്രചാരത്തിലുണ്ട്. എന്നാൽ ഇത് മുഖത്തെ രോമവളർച്ച സ്ഥിരമായി കുറയ്ക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ല. നാരങ്ങാനീർ ചിലരിൽ ചർമത്തിൽ ചൊറിച്ചിലോ ഇറിറ്റേഷനോ ഉണ്ടാക്കാം.
നാരങ്ങാനീരും തേനും: നാരങ്ങാനീരും തേനും ചേർത്ത് മുഖത്ത് പുരട്ടുന്ന രീതിയും ചില വീട്ടുവൈദ്യങ്ങളിൽ നിർദേശിക്കപ്പെടുന്നു. എന്നാൽ അനാവശ്യ മുഖരോമങ്ങൾ കുറയ്ക്കുന്നതിൽ ഇതിന്റെ ഫലപ്രാപ്തിക്ക് ശക്തമായ ശാസ്ത്രീയ തെളിവുകളില്ല.
എപ്പോൾ ഡോക്ടറെ കാണണം?
മുഖത്തും ശരീരത്തും പെട്ടെന്ന് കട്ടിയുള്ളതും ഇരുണ്ടതുമായ രോമങ്ങൾ വളരാൻ തുടങ്ങുകയാണെങ്കിൽ ഹോർമോൺ വ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആർത്തവത്തിലെ ക്രമക്കേട്, മുഖക്കുരു, തലയിലെ മുടികൊഴിച്ചിൽ, ശബ്ദത്തിൽ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പമാണ് രോമവളർച്ചയെങ്കിൽ ഡോക്ടറെ സമീപിക്കുക.
ഹിർസ്യൂട്ടിസം ഹോർമോൺ വ്യതിയാനവുമായി ബന്ധപ്പെട്ടതാണെങ്കിൽ, കാരണം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം അമിത രോമവളർച്ച കുറയ്ക്കാനും സഹായിച്ചേക്കാം.
Adjust Story Font
16

