Quantcast

വൃക്കകൾക്ക് പണി കൊടുക്കുന്ന ആ നാല് പാനീയങ്ങൾ ഇവയാണ്!

വൃക്കകളുടെ ആരോ​ഗ്യത്തെ ഇല്ലാതാക്കുന്നതും നിലനിർത്തുന്നതുമായ പാനീയങ്ങളെക്കുറിച്ച് അറിയാം

MediaOne Logo
വൃക്കകൾക്ക് പണി കൊടുക്കുന്ന ആ നാല് പാനീയങ്ങൾ ഇവയാണ്!
X

എനർജിക്ക് വേണ്ടിയോ ദാഹം മാറ്റാനോ മാറ്റുമായി പലതരം പാനീയങ്ങൾ നമ്മൾ കുടിക്കാറുണ്ട്. ദിവസവും ആസ്വദിച്ച് കുടിക്കുന്ന പല പാനീയങ്ങളും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് തന്നെയാണോയെന്നത് പലരും ചിന്തിക്കാറേയില്ല. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ജലാംശം നിലനിർത്തുക തുടങ്ങിയ പ്രധാന കർത്തവ്യങ്ങൾ ചെയ്യുന്ന നമ്മുടെ വൃക്കകളുടെ പ്രവർത്തനത്തെ ഈ പാനീയങ്ങൾ ദോഷകരമായി ബാധിച്ചേക്കാം. വൃക്കകളുടെ ആരോ​ഗ്യത്തെ പതുക്കെ ഇല്ലാതാക്കുന്ന പാനീയങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് യൂറോളജിസ്റ്റായ ഡോ. താരെക് പാഷ. ആ പാനീയങ്ങൾ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.

1. സോഡ

വീടിന് പുറത്തിറങ്ങുമ്പോൾ ദാഹം മാറ്റാൻ പലരും ആശ്രയിക്കുന്ന ഒന്നാണ് സോഡ. ഡാർക്ക് കളറിലുള്ള സോഡകളിൽ ഫോസ്ഫോറിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കാൽസ്യം, ഫോസ്ഫേറ്റ് ബാലൻസ് തെറ്റിക്കുകയും അതുവഴി കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത കൂടും. കൂടാതെ ഇത്തരം സോഡകളിലടങ്ങിയിരിക്കുന്ന ഉയർന്ന പഞ്ചസാരയുടെ അളവ് അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കും കാരണമാകാം.

2. എനർജി ഡ്രിങ്ക്‌സും കോഫിയും

കൂടുതൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ശരീരത്തിന് ഒട്ടും നല്ലതല്ല. ഇവ കുടിക്കുന്നത് വഴി ശരീരത്തിൽ നിന്നും വെള്ളം വേഗത്തിൽ പുറന്തള്ളുകയും ഡീഹൈഡ്രേഷന് വഴിവെക്കുകയും ചെയ്യും. ഇത് രക്തസമ്മർദ്ദം കൂട്ടാനും വൃക്കകൾക്ക് കൂടുതൽ പ്രഷർ ഉണ്ടാക്കാനും കാരണമാകും.

3. സ്പോർട്സ് ഡ്രിങ്ക്‌സ്

കഠിനമായ വ്യായാമം ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് സ്പോർട്സ് ഡ്രിങ്ക്‌സ്. എന്നാൽ സാധാരണക്കാർ ഇത് സ്ഥിരമായി കുടിക്കുമ്പോൾ അതിലെ ആർട്ടിഫിഷ്യൽ സ്വീറ്റ്‌നറുകൾ, ക്രിതൃമ നിറങ്ങൾ, അമിത പഞ്ചസാര എന്നിവ വൃക്കകളിൽ അനാവശ്യ കെമിക്കൽ അടിഞ്ഞുകൂടാൻ കാരണമാക്കും.

4. സ്മൂത്തികൾ

പച്ചക്കറികളും ഫ്രൂട്ട്സും ചേർത്ത സ്മൂത്തികൾ ഹെൽത്തിയാണെന്ന് തോന്നുമെങ്കിലും പാലക്ക്, ചീര എന്നിവ അമിതമായി അടിച്ച് കുടിക്കുമ്പോൾ ശരീരത്തിൽ ഓക്‌സലേറ്റ് അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. ഇത് കാൽസ്യം ഓക്‌സലേറ്റ് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

എന്നാൽ വൃക്കകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ വീട്ടിൽ തയാറാക്കാൻ കഴിയുന്ന ആറ് പാനീയങ്ങളെ പരിചയപ്പെടാം.

1. ചെറുനാരങ്ങ വെള്ളം

വൃക്കകളുടെ ആരോ​ഗ്യത്തിന് മികച്ചൊരു പാനീയമാണ് നാരങ്ങവെള്ളം. ന്യൂട്രിയന്റ്സ് ജേണലിന്റെ പഠനമനുസരിച്ച് ചെറുനാരങ്ങാനീര് പോലുള്ള സിട്രസ് പഴങ്ങളുടെ നീര് ശരീരത്തിൽ മൂത്രത്തിലെ സിട്രേറ്റ് അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി ശരീരത്തിൽ കാത്സ്യം ഓക്സലേറ്റ് മൂലമുണ്ടാകുന്ന വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാം. അതിനാൽ ദിവസവും ചെറുചൂടുള്ള ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കകളെ ആരോ​ഗ്യത്തോടെ സംരക്ഷിച്ചുനിർത്താൻ സഹായിക്കും.

2. ബാർലി വെള്ളം

വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ബാർലി വെള്ളം കുടിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. 2024ലെ പാകിസ്താൻ ജേണൽ ഓഫ് ബയോളജിക്കൽ സയൻസ് നടത്തിയ പഠനം ഇത് തെളിയിക്കുന്നുണ്ട്.

3. ക്രാൻബെറി ജ്യൂസ്

ക്രാൻബെറി ജ്യൂസ് മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കും. 30 ശതമാനം വരെ അണുബാധ കുറയ്ക്കാൻ ഈ പാനീയത്തിലൂടെ സാധിക്കും. മൂത്രനാളത്തിലെ അണുബാധ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് വൃക്കകളെ ബാധിക്കാനും തകരാറിലാക്കാനും സാധ്യതയുള്ളതിനാൽ, ഇത് മുൻകൂട്ടി തടയുന്നത് വളരെ പ്രധാനമാണ്. കുടിക്കുമ്പോൾ മധുരം ചേർക്കാതെ കുടിക്കാൻ ശ്രദ്ധിക്കണം.

4. ഇഞ്ചി ചായ

നമ്മുടെയൊക്കെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇഞ്ചി. ഇവ വൃക്കകൾക്ക് വളരെ നല്ലതാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാണ് വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നത്. ദിവസവും ഒന്നോ രണ്ടോ കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.

5. ​ഗ്രീൻ ടീ

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഇജിസിജി വൃക്കകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. പിഎംസി ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇജിസിജിയിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മരുന്നുകൾ കഴിക്കുന്നതിലൂടെയുണ്ടാകുന്ന വൃക്കയിലെ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ, വൃക്കയിലെ അണുബാധ, പ്രമേഹം മൂലമുണ്ടാകുന്ന വൃക്ക രോഗങ്ങൾ എന്നിവ തടയാൻ സഹായിക്കും.

6. കരിക്കിൻ വെള്ളം

വൃക്കയിൽ കല്ലുകളുണ്ടാകുന്നത് തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് സിട്രേറ്റ്. കരിക്കിൻ വെള്ളത്തിൽ 29 ശതമാനം സിട്രേറ്റും 130 ശതമാനം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകളിൽ കല്ലുകളുണ്ടാകുന്നത് തടഞ്ഞ് ആരോ​ഗ്യത്തോടെ നിലനിർത്തും.

ശ്രദ്ധിക്കുക, ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും ഉപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കുന്നതിലൂടെയുമെല്ലാം നമ്മുക്ക് വൃക്കകളുടെ ആരോ​ഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

TAGS :

Next Story