Quantcast

മുട്ടുവേദനയോ? ചെയ്യേണ്ടതും ചെയ്യരുതാത്തതും...

ഉഴിച്ചിലും പിഴിച്ചിലുമൊക്കെ കൊണ്ട് പലരും തല്ക്കാലത്തേക്ക് വേദന ശമിപ്പിക്കുമെങ്കിലും അധികകാലം വേദന സഹിക്കാതെ ഡോക്ടറെ കാണിക്കുന്നതാണ് ഏറ്റവും ഉചിതം

MediaOne Logo

Web Desk

  • Updated:

    2023-04-18 16:16:50.0

Published:

18 April 2023 4:09 PM GMT

Knee Pain Dos and Don’ts
X

പ്രായമായവരിൽ സ്ഥിരം കാണപ്പെടുന്ന ഒന്നാണ് മുട്ടുവേദന. ശരീരത്തിന്റെ ആകെ ഭാരം താങ്ങുന്നത് കൊണ്ടു തന്നെ പ്രായം കൂടുമ്പോൾ മുട്ടുവേദന എല്ലാവരിലും തന്നെ അനുഭവപ്പെടാറുണ്ട്. പരിക്കുകൾ, വാതം, എന്നിങ്ങനെ മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഉഴിച്ചിലും പിഴിച്ചിലുമൊക്കെ കൊണ്ട് പലരും തല്ക്കാലത്തേക്ക് വേദന ശമിപ്പിക്കുമെങ്കിലും അധികകാലം വേദന സഹിക്കാതെ ഡോക്ടറെ കാണിക്കുന്നതാണ് ഏറ്റവും ഉചിതം. മുട്ടുവേദന വരുന്ന സമയത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം...

ആവശ്യത്തിന് വിശ്രമം

കാല് അധികം അനക്കാതെ വിശ്രമിക്കുകയാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടുന്ന ഒരു കാര്യം. ആവശ്യത്തിന് വിശ്രമം കിട്ടിയാൽ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനുളളിൽ തന്നെ വേദന മാറിയേക്കാം. എന്നാൽ എത്ര വിശ്രമിച്ചിട്ടും വേദനക്ക് കുറവില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ മറക്കരുത്.

അധികനേരം സോഫയിൽ തന്നെ തുടരേണ്ട

മുട്ടുവേദന മാറാൻ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞല്ലോ. എന്നാൽ വിശ്രമം അമിതമാവാതെ നോക്കുകയും വേണം. ആവശ്യത്തിന് വിശ്രമം കിട്ടിക്കഴിഞ്ഞാൽ ചെറിയ വ്യായാമങ്ങളൊകക് ആകാം. വെള്ളത്തിലുള്ള വ്യായാമങ്ങളും തായ് ചിയുമൊക്കെ ഇത്തരം സാഹചര്യങ്ങളിൽ ഫലപ്രദമാണ്. പക്ഷേ വ്യായാമവും അധികമാവാതെ നോക്കണം. അല്ലെങ്കിൽ അങ്ങനെയും വേദന വർധിക്കാം.

ചെരുപ്പിലും വേണം ശ്രദ്ധ

കാലിനേൽക്കുന്ന പരിക്കുകളാണ് മുട്ടുവേദനയുടെ ഒരു പ്രധാന കാരണം. അതിനാൽ തന്നെ വീഴാതെ സൂക്ഷിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ചെരുപ്പ് തെരഞ്ഞെടുക്കുമ്പോൾ അൽപം ശ്രദ്ധ വെച്ചാൽ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. കാലിന് യോജിച്ച ഷൂസ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. മുട്ടുവേദന ചൂണ്ടിക്കാട്ടി തന്നെ ചെരുപ്പ് ആവശ്യപ്പെടുന്നത് പ്രയോജനം ചെയ്യും.

എത്ര പ്രിയപ്പെട്ടതാണെങ്കിലും ഒരേ ചെരുപ്പ് അധികനാൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തേഞ്ഞതും പഴകിയതുമായ ഷൂസ് ഒഴിവാക്കാൻ ശ്രദ്ധിക്കണം. പുതിയ ഷൂസ് ഇടുമ്പോൾ വേദനയ്ക്ക് ആശ്വാസമുണ്ടാകുന്നത് ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. പാദങ്ങളുടെ വളവ് താങ്ങുന്ന തരത്തിലുള്ള ചെരുപ്പുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

വടി ഉപയോഗിക്കാം, ആവശ്യമെങ്കിൽ...

ബാലൻസ് തെറ്റും എന്ന് തോന്നിയാൽ താങ്ങ് ആവശ്യമാണ് അല്ലേ. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ വടി ഉപയോഗിക്കാവുന്നതാണ്. റബ്ബർ പിടിയുള്ള ശക്തിയുള്ള വടിയാണ് ഉപയോഗിക്കേണ്ടത്. ആവശ്യത്തിന് ഉയരം മതി. വടി 45 ഡിഗ്രി ആംഗിളിൽ പിടിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. അതായത് നല്ലവണ്ണം ചരിച്ച്. നമുക്കിഷ്ടമുള്ള നിറത്തിലും സ്‌റ്റൈലിലുമൊക്കെ നിരവധി വാക്കിംഗ് സ്റ്റിക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്.

വെയിറ്റ് കൂടുന്നുണ്ടോ?

ഭാരം താങ്ങുന്നത് കാലുകളായത് കൊണ്ടു തന്നെ ശരീരത്തിന്റെ ഭാരക്കൂടുതലും ചിലപ്പോൾ മുട്ടുവേദനയ്ക്ക് കാരണമായേക്കാം. ചിലപ്പോൾ ശരീരഭാരം കുറയ്ക്കുന്നത് കാലിലെ വേദനയ്ക്ക് ശമനമുണ്ടാക്കിയേക്കാം. അതിനാൽ ഇടയ്ക്കിടെ ഭാരം നോക്കി ഭക്ഷണശീലം ക്രമീകരിക്കുന്നത് ഉപകാരപ്പെടും.

ചൂട് പിടിക്കാം, ചിലപ്പോൾ തണുപ്പും...

ശരീരത്തിൽ എവിടെ നീരോ വീക്കമോ ഉണ്ടായാലും ചൂടോ ഐസോ വെക്കാറുണ്ട് നമ്മൾ. ഇത് വേദനയ്ക്ക് ആശ്വാസവുമുണ്ടാക്കും. ചൂട് വെള്ളത്തിൽ തുണി നനച്ച് വയ്ക്കുന്നതാണ് തണുപ്പിനേക്കാൾ ഏറെ ആശ്വാസം എന്നാണ് ആരോഗ്യവിദഗ്ധർ അറിയിക്കുന്നത്.

കിടപ്പും ശ്രദ്ധിച്ചോളൂ...

ഉറങ്ങാൻ കിടക്കുന്ന രീതിയും കാലിലെ വേദനയുമായി ഒരുപാട് ബന്ധമുണ്ട്. എപ്പോഴും ഒരേ പൊസിഷനിൽ തന്നെ കിടന്നുറങ്ങുന്നത് അത്ര നല്ലതല്ല. ചരിഞ്ഞു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ കാലുകൾക്കിടയിൽ ഒരു തലയിണ വയ്ക്കാം. ഒരിക്കലും കാലിന് മുകളിൽ കാൽ കയറ്റി വച്ച് ഉറങ്ങരുത്. ഇത് വേദന കൂട്ടുകയേ ഉള്ളൂ.

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതാണെന്നത് കൊണ്ടു തന്നെ വേദന കുറവില്ലെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. ലിഗമെന്റ് മാറ്റിവയ്ക്കൽ പോലുള്ള ശസ്ത്രക്രിയകൾ ആവശ്യമെങ്കിൽ അത് നേരത്തേ തന്നെ ചെയ്യുന്നതാണ് നല്ലത്. ഇത് കണ്ടെത്താൻ ഡോക്ടറെ കാണുക തന്നെയാണ് ഏക പരിഹാരം.

TAGS :

Next Story