വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നവരാണോ?; ഈ തെറ്റുകള്‍ ഒഴിവാക്കാം...
വിറ്റാമിൻ സി സെറം ഉപയോഗിച്ച് തുടങ്ങുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും

- Published:
17 Feb 2026 2:36 PM IST

സോഷ്യല്‍ മീഡിയയില്‍ ഇന്ന് സ്‌കിന്‍ കെയര്‍ റീലുകള്‍ക്ക് ധാരാളം കാഴ്ചക്കാരുണ്ട്. അടുത്ത കാലത്തായി ഏറ്റവും കൂടുതലായി കേള്‍ക്കുന്ന സൗന്ദര്യ വർധക വസ്തുക്കളിലൊന്നാണ് വിറ്റാമിന്‍ സി സെറം. വിറ്റാമിന്‍ സി സെറം ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്‍റെ തിളക്കം കൂടുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് പലരും ചിന്തിക്കാറില്ല. റീലുകളില്‍ കണ്ടതിന് പിന്നാലെയാണ് പലരും വിറ്റാമിന്‍ സി സെറം വാങ്ങി ഉപയോഗിക്കുന്നത്. ചില ആളുകൾക്ക് വിറ്റാമിൻ സി സെറം ആദ്യമായി ഉപയോഗിക്കുന്ന സമയത്ത് മുഖത്ത് ചുവപ്പ്, ചൊറിച്ചിൽ അല്ലെങ്കിൽ മുഖക്കുരു എന്നിവ അനുഭവപ്പെടുന്നു.
വിറ്റാമിന്‍ സി സെറം ശക്തമായ ആന്‍റി ഓക്സിഡന്‍റ് ആണെങ്കിലും എല്ലാവര്‍ക്കും ഒരേ രീതിയില്‍ ഗുണം ചെയ്യണമെന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തിന്‍റെ സ്വഭാവമറിഞ്ഞ്, ശരിയായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയുമാണെങ്കില്‍ പാർശ്വഫലങ്ങളില്ലാതെ സെറം ഉപയോഗിക്കാം.
എന്തുകൊണ്ട് വിറ്റാമിൻ സി?
ആന്റിഓക്‌സിഡന്റ് , ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് വിറ്റാമിൻ സി. ചർമ്മത്തിന് അത്യന്താപേക്ഷിതമായ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിനും സൂര്യപ്രകാശത്തിലെ യുവി രശ്മികൾ ചർമ്മത്തിന് ഏൽപ്പിക്കുന്ന ആഘാതങ്ങളെ വിറ്റാമിന്‍ സി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഹൈപ്പര്‍ പിഗ്മന്‍റേഷന്‍, ഡാര്‍ക് സ്പോട്ട്, മുഖക്കുരുവിന്‍റെ അടയാളങ്ങള്‍ എന്നിവ കുറക്കാന്‍ സഹായിക്കും. അതേസമയം, നമ്മുടെ എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും വിറ്റാമിന്‍ സി സെറം പരിഹാരമാണെന്ന് കരുതുന്നത് തെറ്റാണ്.
ഒഴിവാക്കേണ്ട തെറ്റുകൾ
എവിടെ സൂക്ഷിക്കണം...
വിറ്റാമിൻ സി സെറം ഉപയോഗിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അവ എങ്ങനെ സൂക്ഷിക്കും എന്നതാണ്. ചൂട്, വെളിച്ചം, വായു എന്നിവയുമായുള്ള സമ്പർക്കം വിറ്റാമിൻ സി സെറം വേഗത്തിൽ നശിക്കാൻ കാരണമാകും. ഓക്സീകരണത്തിന് വിധേയമായ സെറം ചില സന്ദർഭങ്ങളിൽ ചർമ്മത്തിന് ദോഷകരവുമാണ്. സെറത്തിന്റെ നിറം കടും ഓറഞ്ചോ തുരുമ്പിന്റെ നിറമോ ആയി മാറിയിട്ടുണ്ടെങ്കിൽ അത് ഉപയോഗശൂന്യമായി എന്ന് മനസ്സിലാക്കാം. ഇവ പിന്നീട് ഒരു കാരണവശാലും ഉപയോഗിക്കരുത്. സെറം വാങ്ങുന്നവര്‍ ഇരുണ്ട നിറമുള്ള ബോട്ടിലുകളിലുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക. സുതാര്യമായ പാക്കേജിംഗും ഡ്രോപ്പറിലുമുള്ള സെറമാണ് വാങ്ങുന്നതെങ്കില്‍ അവയിലേക്ക് കൂടുതൽ വായുവും വെളിച്ചവും കടക്കുകയും വേഗത്തില്‍ ഉപയോഗ ശൂന്യമാകാനും കാരണമാകും.
ക്ഷമ വേണം..
മനോഹരവും ആരോഗ്യകരവുമായ ചർമ്മമാണ് വേണ്ടതെങ്കില്‍ നേടിയെടുക്കാൻ ക്ഷമയും കൃത്യതയും അത്യാവശ്യമാണ്. ഏത് സ്കിന്‍ കെയര്‍ പ്രോഡക്ടാണെങ്കിലും ഒറ്റരാത്രികൊണ്ട് ഫലം കിട്ടണമെന്നില്ല. കുറച്ച് ആഴ്ചകള്‍ കൃത്യമായി ഇവ ഉപയോഗിക്കുക.
മുഖം വൃത്തിയാക്കിയോ..?
മുഖത്ത് നന്നായി കഴുകി വൃത്തിയാക്കാതെ ഒരിക്കലും വിറ്റാമിൻ സി സെറം പുരട്ടരുത്. വരണ്ട ചർമ്മമുള്ളവർ ഹൈഡ്രേറ്റിംഗ് ക്ലെൻസർ ഉപയോഗിക്കുക. എണ്ണമയമുള്ള ചർമ്മമാണെങ്കിൽ സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസർ തിരഞ്ഞെടുക്കാം. ഇങ്ങനെ ചെയ്യുന്നത് സെറം ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാനും കൂടുതൽ ഗുണം നൽകാനും സഹായിക്കും. സെറം ഉണങ്ങിക്കഴിഞ്ഞാൽ അതിന് മുകളിൽ മോയിസ്ചറൈസറും സൺസ്‌ക്രീനും പുരട്ടാൻ മറക്കരുത്.
സൺസ്‌ക്രീൻ മുഖ്യം
വിറ്റാമിൻ സി സെറം ചർമ്മത്തിന് ഹാനികരമായ ഘടകങ്ങളെ പ്രതിരോധിക്കുമെങ്കിലും, അത് സൺസ്‌ക്രീനിന് പകരമാവില്ല. സൂര്യപ്രകാശത്തിലെ യുവിഎ , യുവിബി രശ്മികളെ തടയാൻ സൺസ്‌ക്രീൻ തന്നെ വേണം. അതിനാൽ വിറ്റാമിൻ സി സെറത്തിന് ശേഷം നല്ലൊരു സൺസ്‌ക്രീൻ നിർബന്ധമായും ഉപയോഗിക്കുക.
പാച്ച് ടെസ്റ്റ് നിര്‍ബന്ധം
റീലുകള്‍ കണ്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് കണ്ടോ ആണ് വിറ്റാമിന്‍ സെറം വാങ്ങി ഉപയോഗിക്കുന്നതെങ്കില്‍ ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങളുടെ കൈയുടെ ഉൾഭാഗത്തോ ചെവിക്ക് പിന്നിലോ ചെറിയ അളവിൽ സെറം പുരട്ടി 24-48 മണിക്കൂർ കാത്തിരിക്കുക. അലര്‍ജിയോ മറ്റ് ബുദ്ധിമുട്ടുകളോ തോന്നുന്നില്ലെങ്കില്‍ അവ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.ആദ്യമായി ഉപയോഗിക്കുന്നവര്‍ ആഴ്ചയിൽ രണ്ടുതവണ മാത്രം വിറ്റാമിൻ സി സെറം ഉപയോഗിച്ച് തുടങ്ങുക. ചര്‍മ്മരോഗ വിദഗ്ധനെ കണ്ട് ഉപയോഗിക്കാന്‍ തുടങ്ങുന്നതാണ് എപ്പോഴും നല്ലത്.
Adjust Story Font
16
