അമിതവണ്ണം കാന്‍സറിന് കാരണമാകുമോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
അഞ്ച് ലക്ഷത്തിലേറെ പേര്‍ അമിതവണ്ണം കാരണമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്

- Published:
6 March 2026 12:16 PM IST

സിഗരറ്റ് വലിയിലൂടെയും ഇൻഫക്ഷനിലൂടെയുമാണ് മിക്കവരും കാന്‍സര്‍ രോഗികളാകുന്നതെന്നാണ് അധികപേരുടെയും ധാരണ. പുകവലി, സിഗരറ്റ് എന്നിവയുടെ ഉപയോഗം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നുവെന്നും അകന്നുനിൽക്കണമെന്നുമുള്ള പരമ്പരാഗത പരസ്യചിത്രങ്ങളും ആ ധാരണയ്ക്ക് കരുത്തുപകരുന്നുണ്ടാവും. അതുകൊണ്ട് തന്നെ, നല്ല പ്രായത്തില്‍ കാന്‍സര്‍ രോഗിയായി കുടുംബത്തിന് ബാധ്യതയാകുന്നതിന് പകരം പുകയിലയില്‍ നിന്നും മറ്റ് ലഹരിവസ്തുക്കളിൽ നിന്നും സാധ്യമാകുന്നത്രയും അകന്നുനടക്കണമെന്ന ബാലപാഠം കേട്ടുവളര്‍ന്നുവന്നവരായിരിക്കും നാം.
എന്നാല്‍, കാന്‍സറിന് കാരണക്കാരനായി പുകവലിയോളം ഭീകരമായതും അധികപേർക്കും അറിയാത്തതുമായ മറ്റൊന്ന് കൂടിയുണ്ട്, അലസമായി തള്ളിക്കളയുന്ന അമിതവണ്ണം.
അനിയന്ത്രിതമായ പൊണ്ണത്തടി ഹൃദയസംബന്ധമായ രോഗങ്ങളിലേക്കും പ്രമേഹത്തിലേക്കും കൊണ്ടെത്തിക്കുമെന്നത് പോലെ ശരീരത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ അശ്രദ്ധമായി അധികപേരും വിട്ടുകളയുകയും പിന്നീട് അത്യധികം ഖേദിക്കേണ്ടിവരികയും ചെയ്യുന്ന രോഗാവസ്ഥകളിലൊന്നാണ് കാന്‍സര്‍.
അമിതവണ്ണം ജീവിതത്തിന്‍റെ തലവേദനയാകുന്നത് എപ്പോൾ?
അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന പൊണ്ണത്തടി ഭാരക്കൂടുതല്‍ മാത്രമല്ല, സങ്കീര്‍ണമായ രോഗാവസ്ഥയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുമെന്നാണ് ബോര്‍വെല്ലി എച്ച്‌സിജി കാന്‍സര്‍ സെന്ററിലെ കണ്‍സള്‍റ്റന്റ് ഡോ.റിദ്ദിജ്യോതി താലൂക്ക്ദാറിന്റെ നിരീക്ഷണം.
'ശരീരത്തിലെ കൊഴുപ്പിനെ (Adipose tissue) വെറുമൊരു ഊര്‍ജ്ജശേഖരമായിട്ടല്ല ശാസ്ത്രം കാണുന്നത്. പകരം, ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു എന്‍ഡോക്രൈന്‍ അവയവമായിട്ടാണ്(Endocrine organ) ഇതിനെ കണക്കാക്കുന്നത്. ഹോര്‍മോണുകളുടെ ഉത്പാദനം, ശരീരത്തിന്റെ പ്രതിരോധ സംവിധാനം, കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം എന്നിവയില്‍ സ്വാഭാവികമായ കൊഴുപ്പ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എങ്കിലും, അമിതമായ കൊഴുപ്പ് ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും വിട്ടുമാറാത്ത നീര്‍വീക്കത്തിനും ഇടയാക്കും. ഇത് കാന്‍സര്‍ കോശങ്ങള്‍ക്ക് വളരാനും പടരാനും അനുയോജ്യമായ സാഹചര്യം ശരീരത്തില്‍ സൃഷ്ടിക്കുന്നു.'
'ഒരാളുടെ ബോഡി മാസ് ഇന്‍ഡക്‌സ് (BMI) 30 kg/m² -ന് മുകളിലാണെങ്കിലാണ് അത് അമിതവണ്ണമായി കണക്കാക്കുക. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ക്രമേണ കൊണ്ടെത്തിക്കും'. ഡോക്ടര്‍ വ്യക്തമാക്കി.
പുകവലിയും അണുബാധയും കഴിഞ്ഞാല്‍ കാന്‍സറിന് കാരണമായേക്കാവുന്ന ലോകത്തിലെ മൂന്നാമത്തെ ശാരീരികാവസ്ഥയാണ് അമിതവണ്ണം. അഞ്ച് ലക്ഷത്തിലേറെ പേര്‍ അമിതവണ്ണം കാരണമായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് പഠനം. 4-8ശതമാനത്തോളം രോഗികളും അമിതവണ്ണത്തിലൂടെ കാന്‍സര്‍ പിടിപെട്ടവരാണ്. വികസന-വികസ്വര രാജ്യങ്ങളിലെ ജനങ്ങളെ ഒരുപോലെ ബാധിക്കുന്ന അമിതവണ്ണമെന്ന പ്രതിസന്ധിയെ ലോകമൊന്നടങ്കം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സ്തനാര്‍ബുദം, വന്‍കുടല്‍, മലാശയാര്‍ബുദം, അന്നനാളം, ഗര്‍ഭാശയം, വൃക്ക എന്നിങ്ങനെ പതിമൂന്ന് തരത്തിലുള്ള കാന്‍സറിന് അമിതവണ്ണം കാരണമാകുന്നുവെന്ന് വിദഗ്ദര്‍ പറയുന്നു.
കൂടാതെ, അമിതവണ്ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വീക്കം (inflammation), ശരീരത്തിലെ ഇന്‍സുലിന്‍, ഇന്‍സുലിന്‍-ഗ്രോത്ത് ഫാക്ടര്‍-1 എന്നിവയുടെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകും. അതേസമയം, ശരീരത്തിലെ അസ്വാഭാവിക കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ ശേഷിയെ ഇത് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ അമിതവണ്ണമുള്ളവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലായിരിക്കും.
തടി കുറയ്ക്കാനുള്ള മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സിബുട്രാമിന്‍ എന്ന മരുന്ന് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ ഇതിന്റെ വിപണനം നിരോധിച്ചിട്ടുണ്ട്. ഓര്‍ലിസ്റ്റാറ്റ് എന്ന മരുന്നും പൊണ്ണത്തടി കുറയ്ക്കും. കുടലില്‍ കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കാനാണ് ഓര്‍ലിസ്റ്റാറ്റ് സഹായിക്കുന്നത്. ലെപ്പോസക്ഷന്‍ എന്ന ശസ്ത്രക്രിയ തടി കുറയ്ക്കാന്‍ പ്രചാരം നേടിയതാണ്. വയറിലടിഞ്ഞ കൊഴുപ്പ് നീക്കാന്‍ ഗാസ്ട്രിക്ക് ബാന്റിങ് എന്ന ശസ്ത്രക്രിയ ചെയ്യുന്നവരും ഉണ്ട്.
പക്ഷേ, ഏറ്റവുമാദ്യം, അമിതഭക്ഷണത്തോടും വ്യായാമരഹിത ജീവിതത്തോടും കുട്ടിക്കാലത്ത് തന്നെ ബൈ പറയുക. ഈ ശീലം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കുക. പരിധിവരെ കാന്‍സറിനെ അകത്തിനിര്‍ത്താനായേക്കും.
Adjust Story Font
16
