മനസ്സിലാക്കാം മനസ്സിനെ: ഇന്ന് ലോക മാനസികാരോഗ്യ ദിനം
10നും 19നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ എങ്കിലും ഏതെങ്കിലും തരത്തിലുള്ള മാനസിക ദൗർബല്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു

ഇന്ന് ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യമെന്നും സ്വന്തം സന്തോഷത്തിനും സമാധാനത്തിനുമായിരിക്കണം മറ്റെന്തിനേക്കാളും പ്രാധാന്യമെന്നും ഓർമിപ്പിച്ചു കൊണ്ടാണ് ഈ വർഷവും ലോക മാനസികാരോഗ്യം ദിനം കടന്നു പോകുന്നത്.
എന്തിനാണ് മാനസികാരോഗ്യത്തിനായി ഒരു ദിനവും എന്താണതിന്റെ പ്രത്യേകതയും? ഇക്കാര്യങ്ങളിലേക്ക് കൂടുതൽ കടക്കുന്നതിന് മുമ്പ് മറ്റ് കുറച്ച് കാര്യങ്ങളെക്കുറിച്ച് അറിയണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് കോവിഡ് മഹാമാരിക്ക് മുമ്പ് എട്ടിലൊരാൾക്കെന്ന രീതിയിലായിരുന്നു മാനസികരോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ കോവിഡ് മഹാമാരിയെത്തുടർന്ന് ഉത്കണ്ഠയും വിഷാദരോഗവും ബാധിക്കുന്നവരുടെ എണ്ണം 25 ശതമാനമാണ് വർധിച്ചത്.
10നും 19നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ എങ്കിലും ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. 1990നും 2017നുമിടയ്ക്ക് ഏഴ് പേരാണ് വിഷാദവും അമിത ഉത്കണ്ഠയും മൂലം മരണടഞ്ഞത്. എഴുപതിനായിരം പേർ ഓരോ വർഷവും വിവിധ മാനസികരോഗങ്ങൾക്കടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നതായാണ് കണക്കുകൾ.
തുറന്നുപറച്ചിലുകൾക്ക് സമൂഹത്തിൽ കാര്യമായ സ്വീകാര്യത ഇല്ലാത്തതും അസുഖമെന്നാൽ ശരീരത്തിന് മാത്രമുണ്ടാകുന്നതാണെന്ന പൊതുബോധവുമെല്ലാം മാനസികാരോഗ്യത്തിന് കടുത്ത വെല്ലുവിളികളാണ്. ഇത്തരം മിഥ്യാധാരണകൾക്കെതിരെ ശബ്ദമുയർത്തുക, മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക തുടങ്ങിയ ലക്ഷ്യത്തിനായാണ് ഓരോ വർഷവും ലോക മാനസികാരോഗ്യ ദിനം ആചരിക്കപ്പെടുന്നത്. 1992ൽ ആദ്യമായി ആചരിക്കുമ്പോൾ പ്രത്യേക വിഷയമോ ആശയമോ ഉണ്ടായിരുന്നില്ലെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ മാനസികാരോഗ്യവും സ്ത്രീകളും കുട്ടികളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷത്തിലൂന്നി പിന്നീട് ഒക്ടോബർ 10 ആചരിച്ചു തുടങ്ങി.
മാനസികാരോഗ്യത്തിനായി എന്തൊക്കെ ചെയ്യാം, മാനസികരോഗങ്ങൾ തിരിച്ചറിയേണ്ടതെങ്ങനെ തുടങ്ങി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളെപ്പറ്റിയുള്ള ബോധവത്കരണത്തിനാണ് ഈ ദിവസം പ്രധാനമായും മാറ്റി വയ്ക്കുന്നത്.
ശരീരത്തിന് ബാധിക്കുന്ന രോഗങ്ങളെ പോലെ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതായതിനാൽ രോഗം നിർണയിക്കാൻ വൈകുന്നത് രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു തന്നെ ശരീരത്തിന്റെ ആരോഗ്യത്തിനായി പരിശ്രമിക്കുന്നത് പോലെ തന്നെ നമുക്ക് മാനസികാരോഗ്യത്തിനായും പരിശ്രമിക്കാം.
മാനസികരോഗങ്ങൾക്ക് കൃത്യമായ ലക്ഷണങ്ങൾ ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും അമിതമായ ദേഷ്യം,ഒറ്റപ്പെടൽ,ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത,അകാരണമായി പേടി തുടങ്ങിയവ ഒക്കെ അനിയന്ത്രിതമായി തോന്നുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. കോഗ്നിറ്റീവ് തെറാപ്പി,മെഡിറ്റേഷൻ, മറ്റ് സൈക്കോ തെറാപ്പികൾ എന്നിവയൊക്കെ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. തുറന്നു പറച്ചിലുകളിലൂടെ ആശ്വാസം ലഭിക്കുമെങ്കിൽ വിശ്വാസമുള്ള ഒരാളോട് മനസ്സു തുറക്കാം. എങ്ങനെയൊക്കെയായാലും മനസ്സിന്റെ ഒരു പ്രശ്‌നത്തെയും വില കുറച്ച് കാണരുതെന്ന് ചുരുക്കം.
Adjust Story Font
16

