Quantcast

പാക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ?; എന്നാൽ ഇതുകൂടി അറിഞ്ഞിരിക്കുക

പാക്കറ്റ് പാലാണെങ്കിലും ഉപയോഗിക്കും മുമ്പ് നന്നായി തിളപ്പിക്കുകയെന്നതാണ് നമ്മുടെ ശീലം

MediaOne Logo

Web Desk

  • Published:

    11 Oct 2025 10:24 AM IST

പാക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ?; എന്നാൽ ഇതുകൂടി അറിഞ്ഞിരിക്കുക
X

photo| AI images with Gemini

പാലോ പാലുത്പന്നങ്ങളോ ഇല്ലാത്തൊരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടാകില്ല. രാത്രി ഉറങ്ങാൻ നേരത്ത് ഒരു ഗ്ലാസ് പാല് കുടിപ്പിക്കാതെ മക്കളെ ഉറങ്ങാൻ സമ്മതിക്കാത്ത മാതാപിതാക്കളും ഏറെയാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ നാടൻ പശുവിന്റെ പാലുകൾ സുലഭമായിരുന്നു. എന്നാലിന്നതിന്‍റെ ലഭ്യത കുറഞ്ഞു. കൂടുതൽ പേരും പാക്കറ്റ് പാലുകളാണ് ഉപയോഗിക്കുന്നത്. പാക്കറ്റ് പാലാണെങ്കിലും ഉപയോഗിക്കും മുമ്പ് നന്നായി തിളപ്പിക്കുകയെന്നതാണ് നമ്മുടെ ശീലം.

എന്നാൽ എല്ലാ പാക്കറ്റ് പാലുകളും തിളപ്പിച്ച് കുടിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പാക്കറ്റ് പാലുകൾ നിശ്ചിത താപനിലയിൽ ചൂടാക്കിയ ശേഷം അണുവിമുക്തമാക്കിയതിനെയാണ് പാസ്ചറൈസേഷന് എന്ന് പറയുന്നത്. പാസ്ചറൈസ്ഡ് പാലാണോ എന്നത് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള പാക്കറ്റ് പാല്‍ തിളപ്പിക്കേണ്ടതില്ല.ഇത് തിളപ്പിച്ചില്ലെങ്കിലും കുടിക്കുന്നത് കൊണ്ട് പ്രശ്‌നമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

പാസ്ചറൈസ് ചെയ്യുന്നതിലൂടെ പാലിലുണ്ടാകുന്ന ഇ.കോളി,കോക്‌സിയെല്ലെ,ലിസ്റ്റീരിയ,കാംപിലോബോക്റ്റർ തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കപ്പെടും. കൂടാതെ പാൽ കേടുകൂടാതെയിരിക്കാനും ഇത് സഹായിക്കും. പാൽ ചൂടോടെ കുടിക്കണം എന്ന് നിർബന്ധമുള്ളവർക്കോ, കുട്ടികൾക്ക് കൊടുക്കുന്നവരോ പാൽ വെറുതെ ഒന്ന് ചൂടാക്കിയാൽ മതി, തിളപ്പിക്കേണ്ട ആവശ്യമില്ല.

പാസ്ചറൈസ് ചെയ്ത പാൽ 10 മിനിറ്റിൽ കൂടുതൽ തിളപ്പിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.100 ഡിഗ്രി സെൽഷ്യസിന് മുകളിൽ പാക്കറ്റ് പാൽ തിളപ്പിക്കുമ്പോൾ വിറ്റമിൻ ബി1,ബി3,ബി6, ഫോളിക് ആസിഡ്,വിറ്റമിൻ ഡി, എന്നിവയുൾപ്പെടെ പല വിറ്റമിനുകളും നഷ്ടമാകുമെന്ന് ചില പഠങ്ങൾ പറയുന്നു.

എന്നാൽ പാസ്ചറൈസ് ചെയ്തിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ സംഭരണം നടന്നിട്ടില്ലെന്ന് നിങ്ങൾക്ക് സംശയം തോന്നുണ്ടെങ്കിൽ അവ നന്നായി തിളപ്പിച്ച് തന്നെ ഉപയോഗിക്കണമെന്നും ഡോക്ടർമാർ പറയുന്നു. ഇതിന് പുറമെ പാലിന്റെ പാക്കറ്റിൽ എന്തെങ്കിലും കേടുപാടുകൾ തോന്നുണ്ടെങ്കിലും തിളപ്പിക്കുന്നത് തന്നെയാണ് നല്ലത്.

അതുപോലെ പാക്കറ്റുകളിൽ ലഭിക്കുന്ന ഫുൾ ക്രീം പാലും നന്നായി തിളപ്പിച്ച് ഉപയോഗിക്കണമെന്നും ഡോക്ടർമാർ പറയുന്നു. അതേസമയം, കറന്നെടുത്ത പാലാണെങ്കിൽ നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.

TAGS :

Next Story