Quantcast

പുതപ്പ് മാറ്റും, കിടക്കവിരി മാറ്റും; എന്നാല്‍ തലയിണയോ? ഒരൊറ്റ തലയിണ മതി നിങ്ങളെ രോഗിയാക്കാന്‍

ഒരാഴ്ചയോളം കഴുകാത്ത തലയിണ കവറില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ അധികം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്നാണ് നാഷണല്‍ സ്ലീപ് ഫൗണ്ടേഷൻ്റെ പഠനത്തില്‍ പറയുന്നത്

MediaOne Logo
is your pillow make you ill
X

പുതപ്പും കിടക്കവിരിയുമൊക്കെ ഇടവിട്ട ദിവസങ്ങളില്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കുന്നവരാണ് എല്ലാവരും. ഒന്നുരണ്ടു ദിവസം ഉപയോഗിക്കുമ്പോള്‍ തന്നെ പുതപ്പും വിരിപ്പുമൊക്കെ മുഷിഞ്ഞു തുടങ്ങും. അതിനാല്‍ കൃത്യമായ സമയത്ത് മാറ്റി ഉപയോഗിക്കും. എന്നാല്‍ തലയിണയുടെ കാര്യമോ? ഒരേ തലയിണ തന്നെ ഒരുപാടു കാലം ഉപയോഗിക്കുന്ന രീതിയാണ് പലര്‍ക്കും. തലയിണ കവര്‍ സ്ഥിരമായി കഴുകി ഉപയോഗിക്കാറുണ്ടോ? ഇല്ലെങ്കില്‍ നിങ്ങളെ വലിയ രോഗിയാക്കാന്‍ തലയിണക്ക് കഴിയും.

തലയിണ കവറില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ രോഗാണുക്കളോ?

ഒരു ആഴ്ചയോളം കഴുകാത്ത തലയിണ കവറില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ അധികം ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്നാണ് അമേരിക്കന്‍ നോണ്‍ പ്രൊഫിറ്റ് സ്ഥാപനമായ നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റെ പഠനത്തില്‍ പറയുന്നത്. വൃത്തിയില്ലാത്ത തലയിണ അലര്‍ജിക്കും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകും. അതിനൊപ്പം ആസ്ത്മയുള്ളവരില്‍ രോഗം തീവ്രമാകുന്നതിനും കാരണമാകും. തുമ്മല്‍, കണ്ണില്‍ നിന്ന് വെള്ളം വരല്‍, ശ്വാസതടസ്സം എന്നിവയുമുണ്ടാകും. ഇത്തരം അലര്‍ജിപ്രശ്‌നങ്ങള്‍ ദീര്‍ഘനേരം അനുഭവിക്കുമ്പോള്‍ വിട്ടുമാറാത്ത ശ്വസന രോഗങ്ങള്‍ വന്നേയ്ക്കാം. കൂടാതെ ചര്‍മ്മപ്രശ്‌നങ്ങള്‍, മുഖക്കുരു, താരന്‍ പോലെയുള്ള ശിരോചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് പറയുന്നത്.

തലയിണയില്‍ പൂപ്പലും ഫംഗസും വളരാനുള്ള സാധ്യത കൂടുതലാണ്. ഉറങ്ങുമ്പോള്‍ തലയിലെ വിയര്‍പ്പ് തലയിണയില്‍ പടര്‍ന്നാണ് ഇത് സംഭവിക്കുക. തലയിലെയും മുഖത്തെയും മൃതകോശങ്ങളും തലയിണയില്‍ അടിഞ്ഞുകൂടും. തലയിണയില്‍ ഈര്‍പ്പം തട്ടാതെ എപ്പോഴും ശ്രദ്ധിക്കണം.

വൃത്തിയായി സൂക്ഷിക്കാന്‍ എന്ത് ചെയ്യാം?

തലയിണ കവറുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. ആഴ്ചയില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും കവറുകള്‍ കഴുകി ഉപയോഗിക്കുകയോ മാറ്റി ഉപയോഗിക്കുകയോ വേണം. തലയിണ ഇടയ്ക്ക് സൂര്യപ്രകാശത്തില്‍ വയ്ക്കുന്നത് ഈര്‍പ്പം ഉള്ളിലുണ്ടെങ്കില്‍ പുറത്തുപോകാനും രോഗാണുക്കളെ നശിപ്പിക്കാനും സഹായിക്കും. ഉറങ്ങുമ്പോള്‍ കൂടുതലായി വിയര്‍ക്കുന്നവരും തലയില്‍ സ്ഥിരമായി എണ്ണ തേക്കുന്നവരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തലയിണ കഴുത്തിന് പണി തരുമോ?

കഴുത്തിനും ഉറക്കത്തിന്‌റെ ശൈലിക്കും അനുയോജ്യമായ തലയിണ ഉപയോഗിക്കേണ്ടത് കഴുത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. വലിപ്പമേറിയ തലയിണ കഴുത്തിലെ പേശികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. തലയിണക്ക് ആവശ്യത്തിലധികം ഉയരം ഉണ്ടെങ്കില്‍, കഴുത്ത് അമിതമായി മുകളിലേക്ക് വളയും. അതുപോലെ ഉയരം കുറവാണെങ്കില്‍ തല താഴേക്ക് വളയും. ഈ രണ്ട് സാഹചര്യങ്ങളിലും കഴുത്തിലെ പേശികള്‍ക്ക് ആയാസമുണ്ടാകും. മലര്‍ന്നു കിടക്കുകയാണെങ്കില്‍ കഴുത്തിന് നല്ല താങ്ങു നല്‍കുന്ന, നട്ടെല്ലിന് നേരെ നില്‍ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കുക. ഒരു വശം ചെരിഞ്ഞു കിടക്കുകയാണെങ്കില്‍, കഴുത്തും തോളെല്ലും തമ്മിലുള്ള വിടവ് നികത്തുന്ന തരത്തിലുള്ള തലയിണ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

TAGS :
Next Story