'ആരോഗ്യം മുഖ്യം...'; ന്യൂയർ റെസല്യൂഷൻ ജനുവരിക്കപ്പുറവും നീളണോ..? എങ്കിൽ ഇക്കാര്യങ്ങൾ പിന്തുടർന്നോളൂ...
ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച വളരെ ആവേശത്തോടെ തീരുമാനങ്ങൾ നടപ്പാക്കുമെങ്കിലും പിന്നീടങ്ങോട്ട് എല്ലാം പഴയപോലെയാകുമെന്നതാണ് പലരെയും കുഴക്കുന്നത്

ഓരോ പുതുവത്സരത്തെയും പുതിയ പ്രതിജ്ഞകളും തീരുമാനങ്ങളോടെയുമാണ് എല്ലാവരും വരവേൽക്കുന്നത്. 'ഈ വർഷം ഞാനിനി എന്റെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും','ജങ്ക് ഫുഡുകളില്ല,ഷുഗർ കട്ട്, പൊരിച്ചതും വറുത്തതും കഴിക്കില്ല,ജിമ്മിൽ പോകും,മുടങ്ങാതെ വ്യായാമം ചെയ്യും'.....അങ്ങനെ നീളുന്നു പലരുടെയും ന്യൂയർ റെസല്യൂഷനുകൾ...എന്നാൽ ഇതിൽ പലതും ജനുവരിക്കപ്പുറം പോകില്ല എന്നതാണ് പലരെയും കുഴക്കുന്ന കാര്യം..
ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച വളരെ ആവേശത്തോടെ തീരുമാനങ്ങൾ നടപ്പാക്കുമെങ്കിലും പിന്നീടങ്ങോട്ട് എല്ലാം പഴയപോലെയാകും...ഇത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? മിക്ക തീരുമാനങ്ങളും പരാജയപ്പെടാൻ കാരണം ആഗ്രഹമുണ്ടാകാഞ്ഞിട്ടല്ല, മറിച്ച് ആസൂത്രണത്തിലെ പിഴവും അമിത ആവേശവുമാണെന്നാണ് പഠനങ്ങൾ പറയുന്നത്. തീരുമാനമെടുത്താൽ മാത്രം പോര അത് എങ്ങനെ നടപ്പാക്കുമെന്ന കൃത്യമായ പ്ലാൻ നിങ്ങളുടെ കൈയിൽ വേണം..ലക്ഷ്യങ്ങൾ കൃത്യമായിരിക്കണം..ഇക്കൊല്ലമെടുത്ത ന്യൂയർ റെസല്യൂഷൻസ് ജനുവരിക്കപ്പുറവും എങ്ങനെ കൊണ്ടുപോകാമെന്ന് നോക്കിയാലോ...?
ലക്ഷ്യങ്ങൾ കൃത്യമായിരിക്കട്ടെ...
ഞാനിനി മുതൽ ഹെൽത്തി ഫുഡ് മാത്രമേ കഴിക്കൂ എന്ന് തീരുമാനമെടുത്താൽ പോര..മറിച്ച് ഞാനിനി അത്താഴത്തോടൊപ്പം ധാരാളമായി പച്ചക്കറി കഴിക്കും എന്ന് തീരുമാനിക്കുക..
ഇനി പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറക്കുമെന്ന് തീരുമാനിക്കുന്നതിന് പകരം ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രമേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കൂവെന്ന് തീരുമാനമെടുക്കുക. വെറുതെ ന്യൂയര്‍ റെസല്യൂഷനുകള്‍ തീരുമാനങ്ങൾ മാത്രമാകാതെ അവ എങ്ങനെ നടപ്പാക്കുമെന്ന് കൃത്യമായ ലക്ഷ്യം നിങ്ങൾക്ക് വേണം. എങ്കിൽ മാത്രമേ അവക്ക് ഫലപ്രാപ്തിയുണ്ടാകൂ..
ഷുഗർ കട്ട് ഒറ്റരാത്രികൊണ്ടാവരുത്...
ഏത് തീരുമാനവും ഒറ്റ രാത്രി കൊണ്ട് നടപ്പാക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. നാളെ മുതൽ ഞാൻ പഞ്ചസാര മുഴുവനായി ഉപേക്ഷിക്കും എന്ന് തീരുമാനമെടുത്തവർ നിരവധി പേരുണ്ട്. എന്നാൽ പെട്ടന്ന് പഞ്ചസാര ഉപേക്ഷിക്കുന്നത് അമിതമായ ആസക്തിയിലേക്കും അമിതമായ ഭക്ഷണക്രമത്തിലേക്കും നയിക്കും. പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ,മധുരപലഹാരങ്ങൾ,ശീതള പാനീയങ്ങൾ എന്നിവയുടെ ഉപയോഗം പതിയെ കുറച്ചുകൊണ്ടുവരിക.കാലക്രമേണ ഉപയോഗം പൂർണമായി കുറക്കാനും സാധിക്കും.
എന്ത് കഴിക്കുന്നു എന്ന് ട്രാക്ക് ചെയ്യുക
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ എത്രത്തോളം നിങ്ങൾ നടപ്പാക്കുന്നു എന്നത് സ്വയം ബോധ്യപ്പെടണം.അതിനായി അവ എഴുതിവെക്കുകയോ,അല്ലെങ്കിൽ ആപ്പുകൾ വഴിയോ ഭക്ഷണം ട്രാക്ക് ചെയ്യാം..ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുകയും എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ തിരുത്താനും കഴിയും.
ജിമ്മിൽ പോകുന്നത് മാത്രമല്ല വ്യായാമം
ജിമ്മിൽ പോയാൽ മാത്രമേ വ്യായാമം ചെയ്യാൻ സാധിക്കൂ എന്ന ചിന്ത മാറ്റിവെക്കുക. ജിമ്മിൽ പോകാൻ കഴിയാത്തവരാണെങ്കിൽ കിട്ടുന്ന സമയം മുറ്റത്തോ റോഡിലോ അരമണിക്കൂർ നടക്കുക..ഇനി അതിനും സാധിച്ചില്ലെങ്കിൽ കുറച്ച് നേരം വീട്ടിലെ കോണിപ്പടികൾ കയറി ഇറങ്ങാം..ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ അൽപ്പനേരം എണീറ്റ് നടക്കുക..ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും..
തിരിച്ചടികളിൽ തളരുത്, ചെറിയ വിജയങ്ങൾ ആഘോഷിക്കാം...
എല്ലാ പുതുവത്സര തീരുമാനങ്ങളും ചിലപ്പോൾ യാഥാർഥ്യമാക്കാൻ കഴിയണമെന്നില്ല..തിരിച്ചടികൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ തളരരുത്.എന്നാൽ നിങ്ങളുടെ തീരുമാനങ്ങളിൽ ചെറിയ പുരോഗതിയുണ്ടെങ്കിൽ പോലും അവ ആഘോഷിക്കുകയും ചെയ്യാം.ഇത് മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.
ഒന്നോര്‍ക്കുക..ഏത് തീരുമാനമായാലും അവ നിങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയല്ല,അതൊരു പ്രക്രിയയായിരിക്കണം..ആരോടുമുള്ള മത്സരമായിട്ട് ന്യൂയര്‍ റെസല്യൂഷനെ കാണരുത്..പെട്ടന്നുള്ള തീവ്രമായ നിയന്ത്രണങ്ങളും ഡയറ്റുകളും ചിലപ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. ആവശ്യമെങ്കില്‍ ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ കണ്ട് ഉപദേശം തേടുന്നതും ഈ യാത്രയില്‍ നിങ്ങളെ ഏറെ സഹായിക്കും...
Adjust Story Font
16

