Quantcast

മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടോ? ഈ കാരണങ്ങള്‍ അറിഞ്ഞിരിക്കണം

വേദനയ്ക്കു പുറമെ രക്തസ്രാവവും ഉണ്ടെങ്കിൽ പ്രത്യേകം കരുതല്‍ വേണം

MediaOne Logo

Web Desk

  • Updated:

    2023-05-07 13:49:17.0

Published:

7 May 2023 7:08 PM IST

Hurts to Pee, kidni infection
X

മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുന്നത് പലരുടെയും പ്രശ്‌നമാണ്. വെള്ളംകുടി കുറയുന്നതോ മറ്റു അണുബാധയോ ആണ് സാധാരണ കാരണമായി കാണാറ്. ഇതിന് പുറമെ മറ്റേതെല്ലാം കാരണങ്ങൾ വില്ലനാവുമെന്ന് നോക്കാം.

മൂത്രനാളിയിലെ അണുബാധ

ഒരുതരം ബാക്ടീരിയയാണ് ഇതിന് കാരണം. ഈ ബാക്ടീരിയ മൂത്രനാളി വഴി മൂത്രാശയത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാവുന്നത്. തുടർന്ന് ബാക്ടീയ പെട്ടെന്ന് വളരുകയും തൻമൂലം മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുന്നു. മൂത്രത്തിൽ നിറവ്യത്യാസം കാണുന്നതും സാധാരണയാണ്. മൂത്രം ചുവപ്പ് നിറത്തിലോ തവിട്ട് നിറത്തിലോ കാണപ്പെടാം. ഇത്തരം സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.

കിഡ്‌നി ഇൻഫെക്ഷൻ

മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തസ്രാവവും ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ചിലപ്പോൾ കിഡ്‌നി ഇൻഫെക്ഷൻ മൂലമാകാം. പനി, വിറയൽ, വയറുവേദന, ഓക്കാനം, ഛർദ്ദി എന്നിവയാണ് കിഡ്നി അണുബാധയുടെ മറ്റ് പ്രധാന ലക്ഷണങ്ങൾ. മൂത്രത്തിന് തവിട്ട് നിറമോ, മൂത്രത്തോടൊപ്പം രക്തസ്രാവമോ ഉണ്ടെങ്കിൽ കൂടുതൽ കരുതൽ വേണം.

ധാരാളം വെള്ളം കുടിക്കുക, ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക തുടങ്ങിയവ കിഡ്‌നി ഇൻഫെക്ഷൻ തടയാനുള്ള മാർഗങ്ങളാണ്. അണുബാധ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കിഡ്‌നിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.

കിഡ്‌നിയിലെ കല്ല്

മൂത്രത്തിലുള്ള ക്യാത്സ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ. രോഗം ഗുരുതരമാവുന്നതിനനുസരിച്ച് കല്ലുകളുടെ വലുപ്പവും കൂടും. തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ കിഡ്‌നി സ്റ്റോൺ. ശരീരത്തിനാവശ്യമായ വെള്ളം ഉള്ളിലെത്താത്തതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ആവശ്യത്തിലധികം വൈറ്റമിൻ സി ശരീരത്തിലുള്ളത് പുരുഷന്മാരിലെ കിഡ്‌നി സ്റ്റോണിന് കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നിയിൽ കല്ലുണ്ടെങ്കിൽ മൂത്രമൊഴിക്കുമ്പോൾ വയറ്റിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നു.

ചർമപരിചരണ ഉൽപന്നങ്ങൾ

വിവിധതരം ക്രീമുകൾ, സ്‌പ്രേകൾ, വൈപ്പുകൾ തുടങ്ങി സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ പലപ്പോഴും അണുബാധയ്ക്ക് കാരണമാകുന്നു. സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ ഇളംചൂടുവെള്ളമാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചും സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

കാൻസർ ചികിത്സ

കീമോതെറാപ്പി ചെയ്യുന്നത് മൂലം മൂത്രസഞ്ചിക്ക് വീക്കം സംഭവിക്കുകയും മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. വയറ്റിലെ മുഴകൾ നീക്കം ചെയ്യുമ്പോഴും മൂത്രത്തിൽ അണുബാധ വർധിക്കുന്നതിന് കാരണമാകുന്നു. ചികിത്സ കഴിഞ്ഞ് ഏതാനം ദിവസം ഇത് തുടരുന്നു.

Next Story