ഏറ്റവും ഗുണമേറിയ പഴവര്‍ഗം, പക്ഷെ വെറും വയറ്റില്‍ കഴിക്കരുത്
ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗം ഏതായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി ശാസ്ത്ര ലോകം

പഴവര്‍ഗങ്ങള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ദിവസവും ഏതെങ്കിലും ഒരു പഴവര്‍ഗം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗം ഏതായിരിക്കും? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. ചെറുനാരങ്ങയാണ് ഏറ്റവും ഗുണമേറിയ പഴവര്‍ഗമെന്നാണ് കണ്ടെത്തല്‍. യുഎസിലെ വില്യം പാറ്റേഴ്സണ്‍ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിത്. ഇതിനായി വ്യത്യസ്ത ഗുണങ്ങളുള്ള പഴവര്‍ഗങ്ങളെല്ലാം ഗവേഷകര്‍ വിലയിരുത്തി.
മറ്റ് പഴവര്‍ഗങ്ങളില്‍ ഉള്ളതിനേക്കാള്‍ വിറ്റാമിന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, ഇരുമ്പ് ആഗിരണം ചെയ്യല്‍, ദഹനം മെച്ചപ്പെടുത്തുക തുടങ്ങിയ ഗുണങ്ങള്‍ വലിയ അളവില്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധിക്കും.
എന്നാല്‍ ഈ ഗുണങ്ങള്‍ക്ക് എല്ലാം പുറമെ നാരങ്ങയ്ക്ക് ഒരു സവിശേഷ ഗുണവുമുണ്ട്. അമ്ല സ്വഭാവമാണെങ്കിലും മെറ്റബോളിസം നടക്കുമ്പോള്‍ പിഎച്ച് ലെവല്‍ സന്തുലിതമാക്കുന്നതില്‍ ചെറുനാരങ്ങ വലിയ പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യത്തിനും നാരങ്ങ സഹായകമാവുമെന്നും പഠനം വ്യക്തമാക്കുന്നു. ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്കുണ്ട്.
ചെറുനാരങ്ങയുടെ അസിഡിറ്റി ഗുണങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ചെറുനാരങ്ങയിലെ അസിഡിറ്റി ശരീരത്തിന്റെ ശത്രുവല്ല, മിത്രമാണ്, ഗവേഷകര്‍ പറയുന്നു. ഡയറ്റില്‍ ചെറുനാരങ്ങ കലക്കിയ വെള്ളം ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. കൂടാതെ സാലഡുകളിലും സൂപ്പിന്റെയുമൊക്കെ മുകളില്‍ ചെറുനാരങ്ങ ഒഴിച്ചും കഴിക്കാം. ലെമണ്‍ ടീ കുടിക്കുന്നതും ശരീരത്തിന് വളരെ നല്ലതാണ്. നാരങ്ങനീര് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പറയുന്നതിനൊപ്പം വെറും വയറ്റില്‍ നാരങ്ങനീര് കുടിക്കാന്‍ പാടില്ലെന്നും ഇതിലെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ ബാധിക്കുമെന്നും വയറിനും പ്രശ്‌നമാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Adjust Story Font
16