ഹൃദയാഘാതത്തിന് വഴിയൊരുക്കുന്ന 4 അദൃശ്യ ഘടകങ്ങൾ; ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
നെഞ്ചുവേദന പോലുള്ള മറ്റ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ ഈ ഘടകങ്ങൾ ഓരോന്നും വർഷങ്ങളായി നിങ്ങളുടെ ശരീരത്തിൽ നിശബ്ദമായി നിലനിൽക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം

രാജ്യത്ത് ഹൃദ്രോഗങ്ങൾ വലിയ ആരോഗ്യഭീഷണിയായി തുടരുന്നതിനിടെ, ഹൃദയാഘാത സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നിൽ തിരിച്ചറിയപ്പെടാതെ പോകുന്ന ഒന്നോ അതിലധികമോ അപകടഘടകങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ. പലപ്പോഴും വ്യക്തമായ ലക്ഷണങ്ങളില്ലാതെ മുന്നേറുന്ന ഇത്തരം ഘടകങ്ങൾ, ആരോഗ്യനില ഗുരുതരമാകുമ്പോഴാണ് തിരിച്ചറിയപ്പെടുന്നത്. അതിനാൽ അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതും ആവശ്യമായ പരിശോധനകൾ നടത്തുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാൻ നിർണായകമാണ്.
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന നാല് പ്രധാന അപകടഘടകങ്ങൾ, നേരത്തേ തിരിച്ചറിയാം
ഉയർന്ന രക്തസമ്മർദ്ദം: ധമനികൾ ഉയർന്ന രക്തസമ്മർദ്ദം നേരിടുമ്പോൾ രക്തക്കുഴലുകളുടെ ബിത്തികൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദയത്തിന് കൂടുതൽ സമ്മർദം സൃഷ്ടിക്കുകയും ചെയ്യും. ഇങ്ങനെ നിയന്ത്രണമില്ലാതെ തുടരുന്നത് കാലക്രമേണ ഹൃദയത്തിെന് ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
ഉയർന്ന കൊളസ്‌ട്രോൾ അളവ്: രക്തത്തിലെ എൽഡിഎൽ (LDL) കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാകുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകാം. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർന്നുനിൽക്കുന്നത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും അവയിൽ പ്ലാക്ക് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനും ഹൃദയാഘാത സാധ്യത വർധിക്കുന്നതിനും കാരണമാകാം.
പുകവലി ഉപയോഗം: പുകവലി ശരീരത്തിലെ പല അവയവങ്ങളെയും അപകടത്തിലാക്കുന്ന ശീലമാണ്. എന്നാൽ പലരും ഇത് തളളിക്കളയുന്നു.സിഗരറ്റ് പുകയിലെ കാർബൺ മോണോക്സെഡ് ഓക്സിജൻ വഹിക്കാനുളള ശേഷി കുറയ്ക്കുന്നു.ഇത് രക്തക്കുഴലുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
നെഞ്ചുവേദന പോലുള്ള മറ്റ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ ഈ ഘടകങ്ങൾ ഓരോന്നും വർഷങ്ങളായി നിങ്ങളുടെ ശരീരത്തിൽ നിശബ്ദമായി നിലനിൽക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.അതിനാൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ല എന്ന കാരണത്താൽ പരിശോധനകൾ ഒഴിവാക്കരുത്. കൃത്യമായ ആരോഗ്യപരിശോധന നടത്തുകയും ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ച് ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുക.ലക്ഷണങ്ങളെ കാത്തിരിക്കാതെ അപകടങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടി.
Adjust Story Font
16

