Quantcast

'കൈകളിൽ ചുവന്ന പാടുകൾ, പിന്നെ ശരീരം മുഴുവനും വ്യാപിച്ചു'; സുഹാനിയുടെ ജീവനെടുത്തത് ഡെർമറ്റോമിയോസിറ്റിസെന്ന അപൂർവ രോഗം

ആരോഗ്യനില മോശമാകാൻ തുടങ്ങിയതോടെയാണ് താരത്തെ എയിംസിൽ പ്രവേശിപ്പിക്കുന്നത്. തുർന്നാണ് രോഗം ഡെർമറ്റോമിയോസിറ്റിസാണെന്ന് കണ്ടെത്തുന്നത്

MediaOne Logo

Web Desk

  • Published:

    18 Feb 2024 3:28 AM GMT

Suhani Bhatnagar
X

മുംബൈ: ദംഗൽ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്ന സുഹാനി ഭട്‌നാഗറിനെ അനുസ്മരിക്കുകയാണ് ബോളിവുഡ് ലോകം. 19ാം വയസിൽ താരത്തിന്റെ ജീവനെടുത്ത അസുഖം എന്തെന്ന് ആർക്കും വ്യക്തമായിരുന്നില്ല. ഇതു സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ താരത്തിന്റെ രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാതാപിതാക്കൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

രോഗപ്രതിരോധ ശേഷിയെ കാര്യമായി തന്നെ ബാധിക്കുന്ന ഡെർമറ്റോമിയോസിറ്റിസ്(Dermatomyositis) എന്ന അപൂർവ രോഗമാണ് താരത്തെ ബാധിച്ചത്. ശരീരത്തിൽ ചുവപ്പ് നിറത്തിലുള്ള പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരം മുഴുവനും ബാധിക്കും. ഫെബ്രുവരി ഏഴിനാണ് താരത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 16ന് മരണം സംഭവിക്കുകയായിരുന്നു. താരത്തിന് രണ്ട് മാസം മുമ്പെ രോഗലക്ഷണണങ്ങൾ പ്രകടമായിരുന്നുവെങ്കിലും രോഗം ഇതാണെന്ന് വ്യക്തമായിരുന്നില്ല.

കൈകളിലാണ് ചുവന്ന പാടുകൾ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് സുഹാനിയുടെ അമ്മ. പൂജ പറയുന്നത്. വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെ അടുത്ത് പോയെങ്കിലും രോഗം മനസിലാക്കാനായില്ല. വിവിധ ചെക്കപ്പുകളും മരുന്നുകളും കഴിച്ചെങ്കിലും മാറ്റമുണ്ടായില്ലെന്നും അമ്മ വെളിപ്പെടുത്തി. ആരോഗ്യനില മോശമാകാൻ തുടങ്ങിയതോടെയാണ് താരത്തെ എയിംസിൽ പ്രവേശിപ്പിക്കുന്നത്. തുർന്നാണ് രോഗം ഡെർമറ്റോമിയോസിറ്റിസാണെന്ന് കണ്ടെത്തുന്നത്. മരിക്കുന്നതിന്റെ പത്ത് ദിവസം മുമ്പാണ് ഈ രോഗത്തിനുള്ള ചികിത്സ ആരംഭിക്കുന്നത് തന്നെ. അപ്പോഴേക്കും വൈകിയിരുന്നു.

ശ്വാസകോശത്തിന് അണുബാധയേൽക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ മോശമായി. സിറ്റിറോയിഡുകൾ ഉപയോഗിച്ച് മാത്രമെ ഈ രോഗം ചികിത്സിക്കാനാകുമായിരുന്നുള്ളൂ. നിർഭാഗ്യവശാൽ ഈ സ്റ്റിറോയിഡുകൾ അവരുടെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തി. ശ്വാസകോശത്തെ കൂടി ബാധിച്ചതോടെ ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസമുണ്ടാവുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുറച്ച് നാൾ. എന്നാൽ അതും രക്ഷക്കെത്തിയില്ല.

ലോകത്തിൽ തന്നെ അഞ്ചോ, ആറോ പേർക്ക് മാത്രമെ ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്നാണ് സുഹാനിയുടെ പിതാവ് പറയുന്നത്. പേശികളെയാണ് ഡെർമറ്റോമിയോസിറ്റിസ് ബാധിക്കുക. പേശികൾ ദുർബലമാകുകയും ശരീരത്തിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ശരീരത്തിന്റെ മറ്റ് അവയവ സംവിധാനങ്ങളെ കൂടി ബാധിക്കുന്നതിനാൽ രോഗം ഗുരുതരമാണ്.

സാധാരണയായി 40കളുടെ അവസാനം മുതൽ 60കളുടെ ആരംഭം വരെയുള്ള മുതിർന്നവരിലാണ് ഡെർമറ്റോമിയോസിറ്റിസ് ഉണ്ടാകുന്നത്, പക്ഷേ കുട്ടികളിലും ഇത് സംഭവിക്കാം. സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. മുഖം, കണ്‍പോളകള്‍, നഖങ്ങൾ, മുട്ടുകൾ, കൈമുട്ട്, കാൽമുട്ടുകൾ, നെഞ്ച്, പുറം എന്നിവയ്ക്ക് ചുറ്റും ഇരുണ്ട ചുവപ്പ് നിറത്തിലുള്ള പാടുകളാണ് പ്രത്യക്ഷപ്പെടുക. ഏറെ നാളത്തെ ചികിത്സയിലൂടെ മാത്രമേ രോഗത്തില്‍ നിന്ന് പൂര്‍ണമായും മുക്തി നേടാനാവൂ.

TAGS :

Next Story