Quantcast

പ്രഭ പ്രകാശിക്കുന്നു; ഇത് സ്തനാർബുദ ബോധവത്കരണ മാസം

കരുതലും സ്നേഹവും കൂടെയുണ്ടെന്ന ഉറപ്പാണ് ഓരോ രോഗിയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഏറ്റവും വലിയ മരുന്ന്

MediaOne Logo

Web Desk

  • Published:

    21 Oct 2025 10:32 AM IST

breast cancer awareness month
X

ചിലപ്പോൾ ഒരാളെ പൂർണാരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ, ഒരു ചെറു കരുതലും സ്നേഹവും മാത്രം മതിയാകും, എന്ന് ഞാൻ മനസ്സിലാക്കിയത് ഞങ്ങൾ ചികിത്സിച്ചിരുന്ന ഒരു അധ്യാപികയിലൂടെ ലഭിച്ച അനുഭവത്തിലൂടെയാണ്. 2021 സെപ്റ്റംബറിലെ ഒരു ചൊവ്വാഴ്ച. പതിവുപോലെ തിരക്കേറിയ ഔട്ട്‌പേഷ്യൻറ് ദിനം.

ഞാൻ അവരുടെ പേര് വിളിച്ചു. പേരിന്റെ അർഥം പ്രകാശം എന്നായിരുന്നു

ആ പേരിൽ എനിക്ക് എന്തോ കൗതുകം തോന്നി. ക്ഷീണിതയായ മുഖത്തോടെ എന്നെ ഒരു നിമിഷത്തേക്ക് അവർ ഒന്ന് നോക്കി. ആ മുഖത്തിലെ ശൂന്യതയിൽ എന്തോ ഭയത്തിന്റെ നിഴൽ മുഴച്ച് നിൽക്കുന്നത് ഞാൻ കണ്ടു.

മെഡിക്കൽ റിപ്പോർട്ടിൽ അവരുടെ ഇടത് വശത്ത് വേദനയില്ലാത്ത സ്തനാർബുദം ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. പതിവായി കാണപ്പെടുന്ന കേസുകളിലെ ലക്ഷണങ്ങളിൽ ഒന്നായിരുന്നു ഇതും. വിശദമായ പരിശോധനകൾക്കുശേഷം, പ്രാരംഭഘട്ടത്തിലെ അർബുദമാണെന്നും, രോഗമുക്തിക്കുള്ള മികച്ച സാധ്യതയുണ്ടെന്നും തെളിഞ്ഞു. ആരോഗ്യപരമായി അപകടഭീഷണി കുറവായിരുന്നുവെങ്കിലും എന്തൊരു കാരണം കൊണ്ട് അന്ന് എന്റെ പ്രൊഫസറുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി. “ഓരോ സ്തനാർബുദ രോഗിയും വ്യത്യസ്തരാണ്. രോഗിക്കും കുടുംബത്തിനും ആവശ്യമായ പിന്തുണ നൽകുന്നത് നമ്മുടെ കടമയാണ്.” ആ വാക്കുകളുടെ പ്രചോദനത്തിൽ അവർക്കായി കുറച്ച് അധികസമയം മാറ്റിവെക്കാൻ ഞാൻ തീരുമാനിച്ചു.

അവരുമായുള്ള സംസാരത്തിനിടയിൽ അവർ കാസർഗോഡ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപികയാണെന്നും ഭർത്താവും, രണ്ടു പെൺമക്കൾ എന്നിവരടങ്ങിയ ഒരു കൊച്ചു കുടുംബമാണ് അവരുടേതെന്നും മനസ്സിലാക്കി.

ചികിത്സയെക്കുറിച്ചു വിശദീകരിക്കുമ്പോൾ, അവരുടെ കണ്ണുനിറഞ്ഞൊഴുകാൻ തുടങ്ങി. അവരുടെ വേദന മനസ്സിലാക്കി, ഞാൻ അവരുടെ കൈ പിടിച്ച് പറഞ്ഞു “നിങ്ങൾ പേടിക്കണ്ട. നിങ്ങൾ ഉടൻ തന്നെ സുഖം പ്രാപിക്കും. നിങ്ങളുടെ കുടുംബം നിങ്ങളോടൊപ്പം ഉണ്ടല്ലോ?."

പക്ഷേ, അതിനുശേഷവും അവർ വീണ്ടും പൊട്ടി കരഞ്ഞു. ഒന്നും പറയാതെ അവരോടൊപ്പം നിശ്ശബ്ദമായി ഇരിക്കാൻ മാത്രമേ എനിക്ക് അപ്പോൾ സാധിച്ചിട്ടുള്ളൂ. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവർ എന്നോട് തുറന്നു സംസാരിച്ചു.

മദ്യാസക്തിയാൽ ബുദ്ധിമുട്ടുന്ന ഭർത്താവിനെക്കുറിച്ച്,

വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന മൂത്ത മകളെക്കുറിച്ച്,

പഠനത്തിലും ആരോഗ്യത്തിലും ബുദ്ധിമുട്ടുന്ന ഇളയ മകളെക്കുറിച്ച്,

പേരിനായി മാത്രമുള്ള സഹോദരങ്ങളെക്കുറിച്ച് അങ്ങനെ കുറേ വേദനകൾ.

താൻപേറിയിരുന്ന ഭാരങ്ങൾ എല്ലാം അവർ എന്റെ മുന്നിൽ തുറന്നു വെച്ചു.

ആ വാക്കുകളിൽ വേദനയുണ്ടായിരുന്നെങ്കിലും പറഞ്ഞുകഴിഞ്ഞപ്പോൾ അവരുടെ മുഖത്ത് ഒരു ശാന്തത പടർന്നു.

അവരുടെ കൈകൾ വീണ്ടും പിടിച്ച് ഞാൻ പറഞ്ഞു. “ഇത് നിങ്ങൾ ഒറ്റയ്ക്ക് നേരിടുന്ന യാത്രയല്ല. ഞങ്ങളുടെ മുഴുവൻ റേഡിയേഷൻ ഓങ്കോളജി ടീം നിങ്ങളോടൊപ്പമുണ്ട്, ഇത് എന്റെ ഉറപ്പ്”.




അത് കേട്ടപ്പോൾ, അവരുടെ പേരുപോലെ മുഖം പ്രകാശിച്ചു. കളഞ്ഞുപോയ ഒരു കളിപ്പാട്ടം തിരികെ കിട്ടിയ കുഞ്ഞിനെപ്പോലെ. അവരുടെ മുഖത്ത് സന്തോഷം മിന്നി. തനിക്ക് പിന്തുണയുള്ളവർ ഉണ്ടെന്ന ഉറപ്പോടെ അവർ ചികിത്സാ നടപടികൾ സ്വീകരിക്കാൻ തയ്യാറായി. അവർ ആത്മവിശ്വാസത്തോടെ ചികിത്സ ആരംഭിച്ചു.

കരുതലും സ്നേഹവും കൂടെയുണ്ടെന്ന ഉറപ്പാണ് ഓരോ രോഗിയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ഏറ്റവും വലിയ മരുന്ന് എന്നത് ഞാൻ അന്ന് മനസ്സിലാക്കി. അവർ തനിക്കു നിശ്ചയിച്ച മുഴുവൻ റേഡിയേഷൻ ചികിത്സയും പൂർത്തിയാക്കി, തുടർന്ന് എസ്ട്രജൻ ഹോർമോണിന്റെ പ്രഭാവം തടയുന്ന മരുന്നുകളും ആരംഭിച്ചു.

ഇപ്പോൾ അവർ സ്ഥിരമായി ഫോളോ-അപ്പ് നടത്തുകയും, ഞങ്ങളുമായുള്ള സൗഹൃദം നിലനിർത്തുകയും ചെയ്യുന്നു. ഓരോ തവണയും അവർ വരുമ്പോൾ, ചികിത്സയ്ക്കുമുമ്പ് നൽകിയ ആത്മവിശ്വാസത്തെയും ധൈര്യത്തെയും അവർ ഓർത്തുപറയും.

“ആ കൈപ്പിടിത്തം ദിവ്യമായിരുന്നതായി തോന്നിയിരുന്നു,” എന്നാണ് അവർ പറയാറുള്ളത്.

എന്നാൽ എനിക്ക് തോന്നുന്നത്, ഞാൻ വെറും ഒരു നിമിത്തം മാത്രമാണ്. വിധി അവർക്കുവേണ്ടി അതിലൂടെ പ്രവർത്തിച്ചു. ആഴ്ചകളും മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും, ആ സൗഹൃദബന്ധം ഇപ്പോഴും നിലനിൽക്കുന്നു.

ഓരോ തവണയും അവർ വരുമ്പോൾ, അവരുടെ ജീവിതത്തിലെ പുതിയ അനുഭവങ്ങൾ അവർ എന്നോട് പങ്കുവെക്കും. ഭർത്താവിന്റെ മരണത്തെക്കുറിച്ച്, മകളുടെ വിവാഹമോചനത്തെക്കുറിച്ച്, തന്റെ പുതിയ ജീവിതത്തെക്കുറിച്ച്, ഇളയ മകളുടെ അപകടത്തെക്കുറിച്ച്, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച്.. 25 വർഷത്തെ അധ്യാപനജീവിതത്തിൽ ആദ്യമായി ഞാൻ ഒരിക്കൽ എഴുതി നൽകിയ കവിത അവർ സ്കൂൾ പരിപാടിയിൽ ധൈര്യത്തോടെ പാരായണം ചെയ്തതായും അഭിമാനത്തോടെ പറയാറുണ്ട്. തന്റെ ജീവിതത്തെ അവർ “ഭസ്മത്തിൽ നിന്ന് പുനർജനിക്കുന്ന ഫീനിക്‌സ് പക്ഷി”യോട് ആകുന്നു ഉപമിക്കുന്നത് .

ചിലപ്പോഴൊക്കെ രോഗത്തെപ്പോലും നന്ദിയോടെ നോക്കും. ഈ രോഗം എനിക്ക് ദൈവത്തിന്റെ സ്പർശം ലഭിക്കാനുള്ള കാരണമാണെന്ന് അവർ പറയാറുണ്ട്.

ഇന്നും അവർ നന്ദി പറയാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്താറില്ല,

തന്റെ മക്കൾക്ക് അമ്മയെ തിരികെ നൽകിയതിനു, തനിക്കുതന്റെ മക്കളെ തിരികെ ലഭിച്ചതിനും.

അവരെ കുറിച്ച് എഴുതുമ്പോൾ, അവരുടെ പേരിന്റെ അർഥം വാക്കുകളിൽ മാത്രം അല്ലെന്ന് തോന്നി. മറിച്ചു തന്റെ ജീവിതാനുഭവങ്ങളിലൂടെ ചുറ്റുമുള്ളവരിലേക്കു

സ്നേഹത്തിന്റെയും നന്മയുടെയും പ്രത്യാശയുടെയും തിരിച്ചറിവിന്റെയും കൃതജ്ഞതയുടെയും തിളക്കം അവർ പകർന്നു നല്കുന്നതായി ഞാൻ മനസിലാക്കുന്നു.

ചില മനുഷ്യരും ചില കൂടിക്കാഴ്ചകളും ജീവിതം മാറ്റിമറിക്കുന്നവയാണ്. ഇന്ന് എനിക്ക്, ഈ 'പ്രഭ' സ്നേഹത്തിൻറെയും കരുണയുടെയും പ്രതീകമാണ്.




തയ്യാറാക്കിയത്: Dr. Sathish Padmanabhan

Senior consultant and HOD

Radiation oncology

Aster international institute of oncology

Aster mims, Calicut

TAGS :

Next Story