Quantcast

ഡെങ്കിയെ തുരത്താം വീട്ടിൽ തന്നെ; രോഗപ്രതിരോധത്തിന് നാടൻ ജ്യൂസുകൾ

ഈ പ്രതിവിധികൾ പനി കൂടുതലാകാതിരിക്കാനും രോഗലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനും സഹായിക്കും

MediaOne Logo

Web Desk

  • Published:

    3 Nov 2022 1:40 PM GMT

ഡെങ്കിയെ തുരത്താം വീട്ടിൽ തന്നെ; രോഗപ്രതിരോധത്തിന് നാടൻ ജ്യൂസുകൾ
X

മഞ്ഞുകാലമായതോടെ ഡെങ്കിപ്പനി രോഗികളുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം ഡൽഹിയിൽ മാത്രം 1,200ലധികം ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. കേരളത്തിലെ സ്ഥിതിയും ഒട്ടും മോശമല്ല. പല ജില്ലകളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്.

ഈഡിസ് ഈജിപ്തി കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ഡെങ്കിപ്പനി. രോഗം ബാധിച്ചാൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമാകും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന ഒരു രോഗമാണിത്.

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ഡെങ്കിപ്പനിയെ ചെറുക്കാനുള്ള പ്രധാന മാർഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാകും കൊതുക് മുട്ടയിട്ട് പെരുകുക. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

ചികിത്സക്കൊപ്പം ഡെങ്കുവിന്റെ പ്രതിരോധം വീട്ടിൽ തന്നെ തുടങ്ങിയാലോ. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നാട്ടുവൈദ്യങ്ങൾ ഇതിനായി പരീക്ഷിക്കാവുന്നതാണ്. ഈ പ്രതിവിധികൾ പനി കൂടുതലാകാതിരിക്കാനും രോഗലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനും സഹായിക്കും. ഇത്തരത്തിൽ വീട്ടിൽ പരീക്ഷിക്കാവുന്ന ചില നാടൻ ജ്യൂസുകൾ ഏതൊക്കെയെന്ന് നോക്കിയാലോ...

വേപ്പിൻ വെള്ളം

ഡെങ്കിപ്പനി രോഗികളുടെ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും 4 മുതൽ അഞ്ച് ലിറ്റർ വരെ വെള്ളം കുടിക്കണം. ഇതിനൊപ്പം നൽകാവുന്ന ഒരു പാനീയമാണ് വേപ്പിൻ വെള്ളം. കുറച്ച് വേപ്പിലയെടുത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

പപ്പായ ഇലയുടെ ചാറ്

പപ്പായ ഇലയുടെ ചാറ് രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഡെങ്കിപ്പനി ബാധിച്ചവരിൽ പ്ലേറ്റ്ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതിനാൽ പപ്പായയുടെ ഇലയുടെ ചാറ് പ്രതിരോധത്തിന് ഉത്തമമാണ്.

പപ്പായയുടെ ഇലയിൽ കണ്ടെത്തിയ അസ്റ്റോജെനിൻ എന്ന സംയുക്തം ഡെങ്കിയെ മാത്രമല്ല മലേറിയയെയും പ്രതിരോധിക്കാൻ സഹായകമാണ്. പപ്പായ ഇലകൾ നന്നായി പിഴിഞ്ഞ് ചാറെടുത്ത് ഇത് ദിവസവും ഭക്ഷണത്തിനൊപ്പം കുടിക്കുക. ഇലകൾ വെള്ളത്തിലിട്ട് കുടിക്കുന്നതും ഉത്തമമാണ്. ചിലർക്ക് പപ്പായ ഇലകൾ അത്ര ഗുണകരമായിരിക്കില്ല. അതിനാൽ, ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം കുടിക്കുന്നതാകും നല്ലത്.

ചിറ്റമൃത് ജ്യൂസ്

പപ്പായ പോലെ തന്നെ രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ചിറ്റമൃത്. ആയുർവേദ ഔഷധമായ ചിറ്റമൃത് ഡെങ്കിപ്പനിക്ക് വളരെ ഫലപ്രദമാണ്. ചിറ്റമൃതിന്റെ തണ്ടുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാവുന്നതാണ്. അല്ലെങ്കിൽ കുറുക്കി വറ്റിച്ച ചിറ്റമൃതിന്റെ ഏതാനും തുള്ളികള്‍ ഒരു കപ്പ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ചേര്‍ത്ത് ദിവസത്തില്‍ രണ്ടുതവണ കുടിക്കാം. രോഗിക്ക് ആശ്വാസമാകുമെങ്കിലും ഇത് അമിതമായി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തുളസി

തുളസിയുടെ ഔഷധ ഗുണങ്ങൾ നമുക്ക് അറിയാവുന്നതാണല്ലോ. തുളസി വെറും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നതും ഗ്രീൻ ടീയോടൊപ്പം തുളസി ചേർക്കുന്നതും ഫലംചെയ്യും. ചായക്കൊപ്പം പാൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. വേണമെങ്കിൽ നാരങ്ങാനീരും ചേർക്കാവുന്നതാണ്.

TAGS :
Next Story