ചോറ് കഴിച്ചാൽ വണ്ണം കൂടുന്നോ? 'ഇൻവേർട്ടഡ് ഫുഡ് പിരമിഡ്' ശീലമാക്കാം
ഇന്‍വേര്‍ട്ടഡ് ഫുഡ് പിരമിഡിനെ മൂന്ന് നിലകളായി തിരിക്കാം. ആദ്യത്തെ നിലയില്‍ മൂന്ന് ശ്രേണിയും രണ്ടാമത്തെ നിലയില്‍ രണ്ട് ശ്രേണിയും മൂന്നാമത്തെ നിലയില്‍ ഒരു ശ്രേണിയുമാണ് ഉള്ളത്

ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ആളുകൾ തങ്ങളുടെ പ്ലേറ്റിൽ നിന്ന് ആദ്യം ഒഴിവാക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ചോറ്. കുടവയറും തടിയും കൂട്ടുന്ന ഭക്ഷണമാണ് ചോറ് എന്ന ധാരണ വളരെ സാധാരണമാണ്. അതുകൊണ്ടുതന്നെ ചെറിയ അളവിൽ ചോറ് കഴിച്ചാൽ പോലും പലരിലും കുറ്റബോധം ഉണ്ടാകാറുണ്ട്. എന്നാൽ ചോറാണോ യഥാർത്ഥത്തിൽ നമ്മുടെ അരക്കെട്ട് വലുതാക്കുന്നത്?
ചോറ് കഴിച്ചാൽ തടിവെക്കുമെന്നത് വസ്തുതയല്ല, മറിച്ച് മിഥ്യാധാരണയാണെന്നാണ് വിദഗ്ധർ പറയുന്നത്. ചോറ് എന്നത് എന്നത് എളുപ്പത്തിൽ ദഹിക്കുന്നതും പെട്ടെന്ന് ഊർജം നൽകുന്നതുമായ ലളിതമായ അന്നജമാണ് (കാർബോഹൈഡ്രേറ്റ്) ആണ്. എന്നാൽ പച്ചക്കറികളോ പ്രോട്ടീനോ ഇല്ലാതെ അമിതമായി ചോറ് കഴിക്കുകയും വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോഴാണ് ശരീരഭാരം വർധിക്കുകയും കുടവയറുണ്ടാവുകയും ചെയ്യുന്നത്.
ചോറല്ല മറിച്ച് അത് കഴിക്കുന്ന രീതിയാണ് പ്രശ്നമെന്ന് ഫങ്ഷണൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ. മഞ്ജരി ചന്ദ്ര പറയുന്നു. അരി, ഗോതമ്പ്, മൈദ, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ചേർന്നതാണ് ഇന്ത്യക്കാരുടെ ഭക്ഷണരീതി. ചോറ് കഴിക്കാൻ വേണ്ടി പച്ചക്കറിയും പ്രോട്ടീനും അടങ്ങിയ കറികൾ ഉൾപ്പെടുത്തുന്നു. രണ്ടും മൂന്നും ചപ്പാത്തിയോ പൊറോട്ടയോ കഴിക്കാൻ കൂടെ കുറച്ച് കറികൾ ഉൾപ്പെടുത്തുന്നു. ഈ അസന്തുലിതാവസ്ഥയാണ് യഥാർഥ വില്ലൻ. ഇതുവഴി അന്നജം അമിതമായ അളവിൽ ശരീരത്തിലേക്ക് ചെല്ലുന്നതായി ഡോ. മഞ്ജരി ചന്ദ്ര വിശദീകരിക്കുന്നു.
അന്നജം നിറഞ്ഞ ഈ ഭക്ഷണശീലത്തോട് ശരീരം പ്രതികരിക്കുന്നത് ഇൻസുലിൻ ഉത്പാദനം കൂട്ടിക്കൊണ്ടാണ്. അമിതമായ അന്നജത്തെ കൊഴുപ്പായി സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. അന്നജം ശരീരത്തിലെത്തിയാൽ ഉടൻ ഇൻസുലിൻ ഉത്പാദനം തുടങ്ങും. ഇൻസുലിൻ ഈ അന്നജത്തെയെല്ലാം കൊഴുപ്പായി സംഭരിക്കും. ഈ കൊഴുപ്പ് ചർമത്തിനടിയിലും ആന്തരീകാവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടും. ഇങ്ങനെയാണ് ഒരാളുടെ വണ്ണം കൂടുന്നത്.
എന്നാൽ അന്നജത്തെ പൂർണമായി ഒഴിവാക്കലല്ല ഇതിന് പരിഹാരം. മറിച്ച് പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയോടൊപ്പം ചോറ് അടക്കമുള്ള അന്നജം അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്. അതായത്, ചോറിനെ പ്രധാന ഭക്ഷണത്തിൻ്റെ സ്ഥാനത്തുനിന്ന് മാറ്റി സൈഡ് ഡിഷാക്കി മാറ്റുക എന്ന് സാരം.
സമീകൃതമായ ആഹാരം കഴിച്ചുകഴിഞ്ഞാൽ ദഹനം സാവധാനത്തിലാകും. ഇത് കൂടുതൽ നേരം വയറ് നിറഞ്ഞെന്ന അനുഭൂതി നൽകും.
എങ്കിൽ എങ്ങനെയാണ് നമ്മുടെ ഭക്ഷണത്തെ സമീകൃതമാക്കാം എന്നാകും ചോദ്യം. അമേരിക്കയിൽ ജനങ്ങൾക്കായി സർക്കാർ പുറത്തിറക്കിയ 'തലതിരിഞ്ഞ ഫുഡ് പിരമിഡ്' പിന്തുടരാവുന്ന ഉചിതമായ മാർഗമാണ്. 2025–2030 വരെ കാലഘട്ടത്തിലേക്കുള്ള ഭക്ഷണക്രമത്തെക്കുറിച്ചുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനുകൾക്കും കൊഴുപ്പ് അടങ്ങിയ പാൽ ഉൽപ്പന്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് യുഎസ് സർക്കാർ ആവശ്യപ്പെടുന്നത്. ഒപ്പം സംസ്കരിച്ച ധാന്യങ്ങൾക്ക് പകരം മുഴുധാന്യങ്ങൾക്ക് മുൻഗണന നൽകാനും നിർദേശിക്കുന്നു.
ചോറ് കഴിക്കുന്നതിലൂടെ തടി കൂടുന്നു എന്ന് വ്യാകുലപ്പെടുന്നവർക്ക് ഈ ഇൻവേർട്ടഡ് ഫുഡ് പിരമിഡ് പിന്തുടരാവുന്നതാണ്. ഇന്‍വേര്‍ട്ടഡ് ഫുഡ് പിരമിഡിനെ മൂന്ന് നിലകളായി തിരിക്കാം. ആദ്യത്തെ നിലയില്‍ മൂന്ന് ശ്രേണിയും രണ്ടാമത്തെ നിലയില്‍ രണ്ട് ശ്രേണിയും മൂന്നാമത്തെ നിലയില്‍ ഒരു ശ്രേണിയുമാണ് ഉള്ളത്. പ്രോട്ടീൻ, പാൽ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാണ് പിരമിഡിൽ ആദ്യ സ്ഥാനക്കാർ. അതിന് താഴെയായി പച്ചക്കറികളും പഴങ്ങളും. അവസാന സ്ഥാനത്താണ് ധാന്യങ്ങളുടെ സ്ഥാനം.
ഒന്നാമത്തെ നില
ആദ്യ ശ്രേണി-പ്രോട്ടീന്‍: മുട്ട, കോഴിയിറച്ചി, ചുമന്ന മാംസങ്ങള്‍, കടല്‍ മത്സ്യങ്ങള്‍
രണ്ടാമത്തെ ശ്രേണി-ആരോഗ്യകരമായ കൊഴുപ്പുകള്‍: വിത്തുകള്‍, നട്‌സ്, അവക്കാഡോ, ഒലിവ്, ഒലിവ് എണ്ണ
മൂന്നാമത്തെ ശ്രേണി-പാലുല്‍പ്പന്നങ്ങള്‍: എല്ലാത്തരം പാലുകളും, ചീസ്, യോഗര്‍ട്ട്, തൈര്, നെയ്യ്, വെണ്ണ
രണ്ടാമത്തെ നില
ആദ്യ ശ്രേണി-പച്ചക്കറികള്‍: എല്ലാത്തരം പച്ചക്കറികളും ഭക്ഷണയോഗ്യമായ ഇലകളും
രണ്ടാമത്തെ ശ്രേണി-പഴങ്ങള്‍
മൂന്നാമത്തെ നില
ധാന്യങ്ങള്‍: ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ ധാന്യങ്ങള്‍
Adjust Story Font
16

