വൈറ്റമിൻ ബി6ന്റെ അളവു കൂടി: നടക്കാനാവാതെ 86കാരൻ
70 മടങ്ങ് അധികം അളവിൽ വൈറ്റമിൻ ശരീരത്തിലെത്തിയതോടെ കാലുകളുടെ ശേഷി നഷ്ടപ്പെടുകയായിരുന്നു.

വൈറ്റമിന്റെ അഭാവമുണ്ടായാൽ ഗുളികകൾ കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഏത് അളവിലാണ് ഈ ഗുളികകൾ കഴിക്കേണ്ടത് എന്ന് വ്യക്തമായ ധാരണയില്ലെങ്കിൽ വലിയ കുഴപ്പത്തിലേക്ക് അത് നയിച്ചേക്കാമെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു സംഭവം സൂചിപ്പിക്കുന്നത്.
ഇവിടെ അളവിൽ കൂടുതൽ വൈറ്റമിൻ ബി6 ശരീരത്തിലെത്തിയ 86കാരന്റെ നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. രക്ത പരിശോധനയിൽ വൈറ്റമിന്റെ അഭാവം കണ്ടെത്തിയതിനെ തുടർന്നാണ് ഗുളിക കഴിക്കുന്നതിനായി ഡോക്ടർ ഇദ്ദേഹത്തെ നിർദേശിക്കുന്നത്. 50 മി.ഗ്രാം സപ്ലിമെന്റുകൾ എടുക്കാനായിരുന്നു നിർദേശം. എന്നാൽ പ്രഭാതഭക്ഷണത്തിലൂടെയും മറ്റും ഇതിനും 70 മടങ്ങ് അധികം അളവിൽ വൈറ്റമിൻ ശരീരത്തിലെത്തിയതോടെ കാലുകളുടെ ശേഷി നഷ്ടപ്പെടുകയായിരുന്നു.
വൈറ്റമിൻ ബി6 ഗുളികകൾ അമ്പത് വയസ്സിനും അതിൽ താഴെയുമുള്ളവർക്ക് 1.3 മില്ലിഗ്രാം ആണ് ഡോക്ടർമാർ നിർദേശിക്കുന്ന അളവ്. അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകൾ 1.5 മില്ലിഗ്രാമും പുരുഷന്മാർ 1.7 മില്ലിഗ്രാമും ഡോസാണ് എടുക്കേണ്ടത്.
അമ്പത് മില്ലിഗ്രാം ഡോസാണ് ഓസ്‌ട്രേലിയയിലെ 86കാരൻ എടുത്തിരുന്നത്. ഇതു തന്നെ വളരെ കൂടുതലാണെന്നതാണ് വസ്തുത. ഇതിനൊപ്പം മഗ്നീഷ്യം സപ്ലിമെന്റും പ്രഭാതഭക്ഷണത്തിലുൾപ്പെടുത്തിയിരുന്ന ധാന്യങ്ങളും കൂടിയായതോടെ ആവശ്യമായതിലും 70 മടങ്ങ് കൂടുതൽ വൈറ്റമിൻ ബി6 ഉള്ളിലെത്തുകയായിരുന്നു.
200 മില്ലിഗ്രാമിലധികം വൈറ്റമിൻ ബി6 രീരത്തിലെത്തിയാൽ ഇത് നാഡീവ്യൂഹത്തെ ബാധിക്കുകയും ഇതുവഴി കാലുകളുടെ ചലനശേഷി നഷ്ടപ്പെടുന്നടക്കമുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. അമിത അളവിൽ ഡോസ് എടുക്കുന്നത് നിർത്തിയാൽ ആറ് മാസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കാം.
വൈറ്റമിൻ ബി6ന്റെ പ്രാധാന്യം
ശരീരത്തിലെത്തുന്ന ഭക്ഷണം എനർജിയായി മാറ്റുന്നതിൽ വൈറ്റമിൻ ബി6 പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ഉത്പാദിപ്പിക്കാനാവില്ല. ഭക്ഷണത്തിലൂടെയും മറ്റും ശരീരതത്തിലെത്തിക്കണം. പ്രതിരോധ ശേഷി വർധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തിനുമെല്ലാം വൈറ്റമിൻ ബി6 കൂടിയേ തീരൂ. പന്നിയിറച്ചി, കോഴിയിറച്ചി, മത്സ്യം,കടല, പീനട്ട്. സോയ,ഓട്ട്‌സ്, വാഴപ്പഴം,പാൽ എന്നിവയിലല്ലാം വൈറ്റമിൻ ബി6 ധാരാളമായി അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ബി6ന്റെ അഭാവം ഉണ്ടാകുന്നതെങ്ങനെ?
വൃക്കയെയോ ചെറുകുടലിനെയോ സംബന്ധിക്കുന്ന രോഗമുള്ളവരിലാണ് വൈറ്റമിൻ ബി6ന്റെ അഭാവം കൂടുതലായി കാണപ്പെടുന്നത്. മദ്യപാനം, എപിലെപ്‌സി പോലെയുള്ള രോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ എന്നിവയും ശരീരത്തിൽ വൈറ്റമിൻ ബി6ന്റെ അളവ് കുറച്ചേക്കാം.
Adjust Story Font
16

