Quantcast

മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്കും വയർ ചാടുന്നുണ്ടോ? ഇന്ത്യക്കാരിലെ കുടവയറിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് ആരോഗ്യ വിദഗ്ധൻ

പാക്കറ്റ് സ്നാക്കുകൾ, മധുരപലഹാരങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ബേക്കറി വിഭവങ്ങൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണം ഒരുപാട് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ഡോ. ബെർഗ് ചൂണ്ടിക്കാട്ടുന്നു

MediaOne Logo

ഹെൽത്ത് ഡെസ്ക്

  • Updated:

    2026-11-22 17:35:03

Published:

22 Nov 2026 10:59 PM IST

മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്കും വയർ ചാടുന്നുണ്ടോ? ഇന്ത്യക്കാരിലെ കുടവയറിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് ആരോഗ്യ വിദഗ്ധൻ
X

കാണാൻ വളരെ മെലിഞ്ഞ ശരീര പ്രകൃതം,എന്നാൽ വയറുമാത്രം ചാടിയിരിക്കുന്നു. ഇന്ത്യക്കാരിൽ പൊതുവായി കാണുന്നതാണിത്. ഈ അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്നവരും കുറവല്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയർ വീർക്കുക, ഗ്യാസും ദഹനക്കേടും അനുഭവപ്പെടുക തുടങ്ങിയവയും ഇന്ന് സാധാരണമാണ്. ഇന്ത്യക്കാരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിച്ചുവരുന്നതിന് ഭക്ഷണശീലങ്ങളും ദഹനസംബന്ധമായ പ്രശ്നങ്ങളും കാരണമാകാമെന്നാണ് ആരോഗ്യവിദഗ്ധൻ ഡോ. എറിക് ബെർഗ് പറയുന്നത്. വയർ ചാടുന്നത് എല്ലായ്പ്പോഴും ശരീരത്തിലെ കൊഴുപ്പ് കൂടുന്നത് കൊണ്ടാകണമെന്നില്ല. കരൾ സംബന്ധമായ പ്രശ്നങ്ങൾ, കുടലിലെ അമിതമായ ഗ്യാസ്, ദഹനക്കേട് എന്നിവയും ഇതിന് പിന്നിലുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുന്നുമോന്ന് അദ്ദേഹം പറയുന്നു.

നമ്മൾ ശീലിച്ചുവന്ന പരമ്പരാഗത ഭക്ഷണങ്ങളിൽ ധാന്യങ്ങളും പയർവർഗങ്ങളും നാരുകളും (Fiber) ധാരാളമടങ്ങിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാതെ ഫൈബറടങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് ഡോ. ബെർഗിന്റെ അഭിപ്രായം. കുടലിലെ ബാക്ടീരിയകൾ ഭക്ഷണത്തിലെ ചില ഘടകങ്ങളെ വിഘടിപ്പിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നു. ഇത് വയറു വീർക്കുന്നതിനും അസ്വസ്ഥത ഉണ്ടാക്കുന്നതിനും കാരണമാകാം. ചെറുകുടലിൽ ബാക്ടീരിയകൾ അമിതമായി വളരുന്ന എസ്‌ഐബിഒ (SIBO) എന്ന അവസ്ഥയും വയറുവീക്കത്തിന് കാരണമായേക്കാം. ഭക്ഷണശേഷം വയർ വീർക്കുക, ഏമ്പക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

ജങ്ക് ഫുഡ് ദഹനത്തെ ബാധിക്കുന്നു

പാക്കറ്റ് സ്നാക്കുകൾ, മധുരപലഹാരങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ബേക്കറി വിഭവങ്ങൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണം ഒരുപാട് കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ഡോ. ബെർഗ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഭക്ഷണങ്ങളിൽ പഞ്ചസാരയും കൊഴുപ്പും കൂടുതലാണ്. ഇവയുടെ അമിത ഉപയോഗം ഭക്ഷണത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യാം. അസിഡിറ്റി പോക്കാൻ ആന്റാസിഡ് മരുന്നുകൾ ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. വയറ്റിലെ ആസിഡിന്റെ അളവ് കുറയ്ക്കുന്ന ഇത്തരം മരുന്നുകൾ ചില സാഹചര്യങ്ങളിൽ ദഹനത്തെ ബാധിക്കാം. ഇത് ചെറുകുടലിലെ ബാക്ടീരിയകളുടെ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകാമെന്നും അദ്ദേഹം പറയുന്നു.

കുടവയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാം

വയറുവീക്കത്തിന് താൽക്കാലിക ആശ്വാസം നൽകുന്ന മരുന്നുകൾ മാത്രം ഉപയോഗിക്കുന്നതിനു പകരം ഭക്ഷണശീലങ്ങളിലും മാറ്റം വരുത്തണമെന്നാണ് ഡോ. ബെർഗിന്റെ നിർദേശം. ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം നിയന്ത്രിക്കാം. പാക്കറ്റ് ഭക്ഷണങ്ങൾ, അമിതമായ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം എന്നിവ കുറയ്ക്കുന്നതും ഗുണകരമായേക്കാം. മുട്ട, മത്സ്യം തുടങ്ങി എളുപ്പം ദഹിക്കുന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്താനും അദ്ദേഹം നിർദേശിക്കുന്നു. ഇടവിട്ടുള്ള ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ദഹനത്തിന് നല്ലതാണെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് സ്വന്തം ആരോഗ്യസ്ഥിതിയും ശരീരത്തിന് വേണ്ട പോഷകാവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്.

കുടവയർ നിസാരക്കാരനല്ല!

വയറു വീർത്തുനിൽക്കുന്നത് സൗന്ദര്യപ്രശ്നം മാത്രമല്ല. ചിലപ്പോൾ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫാറ്റി ലിവർ, ദഹനക്കേട്, കുടലിലെ അമിതമായ ഗ്യാസ്, എസ്‌ഐബിഒ തുടങ്ങിയ പല കാരണങ്ങളാൽ വയറിന്റെ വലുപ്പത്തിൽ മാറ്റമുണ്ടാക്കാം. അതിനാൽ വയർ വീർക്കുന്നതിനെ വെറും കൊഴുപ്പായി കണ്ട്, ഭക്ഷണം കുറയ്ക്കുന്നത് ശരിയായ സമീപനമല്ല. തുടർച്ചയായ വയറുവീക്കം, വേദന, ദഹനപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നവർ ഡോക്ടറുടെ സഹായം തേടണം.

TAGS :

Next Story