Quantcast

ബ്രഷ് ചെയ്തിട്ടും പല്ലിന് മഞ്ഞനിറം?; അറിയാം യഥാർഥ കാരണങ്ങൾ!

പല്ലുകളുടെ സ്വാഭാവിക തിളക്കം ക്രമേണ നഷ്ടപ്പെടുന്നത് പലരുടെയും ആത്മവിശ്വാസത്തെപോലും ബാധിക്കാറുണ്ട്

MediaOne Logo

Web Desk

  • Published:

    2 March 2026 1:20 PM IST

ബ്രഷ് ചെയ്തിട്ടും പല്ലിന് മഞ്ഞനിറം?; അറിയാം യഥാർഥ കാരണങ്ങൾ!
X

പല്ലിന്‍റെ മഞ്ഞ നിറം കാരണം മനസ് തുറന്നൊന്ന് ചിരിക്കാന്‍ പോലുമാകുന്നില്ലെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ദിവസവും രണ്ട് തവണ പല്ല് തേക്കുകയും ഓറൽ ഹൈജീൻ പാലിച്ചിട്ടും പല്ലുകൾക്ക് മഞ്ഞനിറം വരുന്നുണ്ടെന്നാണ് ഇവരുടെ പരാതി. മധുരപലഹാരങ്ങൾ പോലും ഒഴിവാക്കിയിട്ടും പല്ലുകളുടെ സ്വാഭാവിക തിളക്കം ക്രമേണ നഷ്ടപ്പെടുന്നത് പലരുടെയും ആത്മവിശ്വാസത്തെപോലും ബാധിക്കാറുണ്ട്.

മനസ് തുറന്ന് ചിരിക്കുന്നതിന് പുറമെ ഒന്ന് പുഞ്ചിരിക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ പോലും പലര്‍ക്കും മടിയാകും. എന്നാല്‍ നിങ്ങളുടെ കുഴപ്പം കൊണ്ടോ ശുചിത്വമില്ലായമോ അല്ല പല്ലിന് മഞ്ഞനിറം വരുന്നതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പല്ലിന്റെ നിറം മാറുന്നതിന് പിന്നിൽ ഒട്ടേറെ കാരണങ്ങൾ ഉണ്ട്, അവയിൽ പലതും ബ്രഷ് ചെയ്തതു കൊണ്ട് മാത്രം ശരിയാകണമെന്നില്ല.

പല്ല് എപ്പോഴും വെളുത്തിരിക്കുമോ

പല്ലിന്റെ നിറം ഉപരിതല ശുചിത്വത്തെ മാത്രമല്ല സ്വാധീനിക്കുന്നത്. പല്ലുകൾ ഒന്നിലധികം പാളികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അവയുടെ രൂപം ഓരോ പാളിയുടെയും അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.പല്ലിന്റെ പുറം പാളിയായ ഇനാമൽ സ്വാഭാവികമായി സുതാര്യമാണ്. അതിനടിയിലുള്ള ഡെന്റിന് സ്വാഭാവികമായി മഞ്ഞനിറമുള്ളതാണ്. പ്രായമാകുമ്പോഴും, ആസിഡിക് അടങ്ങിയ ഭക്ഷണങ്ങൾ പ്രത്യേകിച്ച് സിട്രസ് പഴങ്ങൾ, സോഡ, ജ്യൂസ്, അമിതമായി ബ്രഷ് ചെയ്യുക എന്നിവ മൂലം ഇനാമൽ നേർത്താകും. ഇതുവഴി ഡെന്റിൻ കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങും. ഇനാമൽ നേർത്തതോ കറപിടിച്ചതോ ആകുമ്പോൾ, മഞ്ഞകലർന്ന ഡെന്റിൻ അതിലൂടെ പുറത്തുവരുന്നു. പല്ലുകൾ വൃത്തിയുള്ളതാണെങ്കിൽ പോലും അവയുടെ നിറം മങ്ങിയതായി കാണപ്പെടാന്‍ കാരണമാകും.

ഭക്ഷണത്തിനും പങ്കുണ്ട്...

പല്ലിലെ കറയ്ക്ക് ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഭക്ഷണക്രമമാണ്. കാപ്പി, ചായ, റെഡ് വൈൻ,കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍, ഡാർക്ക് സോഡ, ബെറി പഴങ്ങൾ, കറി, സോയ സോസ് തുടങ്ങിയവയിലെ ക്രോമോജനുകൾ എന്ന പിഗ്മെന്റുകൾ ഇനാമലിനോട് ചേർന്ന് പറ്റിനിൽക്കും. ദിവസവും ബ്രഷ് ചെയ്താലും ഈ കറകള്‍ പൂർണമായി നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ച് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ, അവ ക്രമേണ അടിഞ്ഞുകൂടുകയും പല്ലുകളില്‍ കറകൾ ഉണ്ടാക്കുകയും ചെയ്യും.

അസിഡിറ്റി ഉള്ള ഭക്ഷണപാനീയങ്ങൾ ഇനാമലിനെ പതുക്കെ നശിപ്പിക്കും. സിട്രസ് പഴങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, സോഡകൾ, പുളിയുള്ള ലഘുഭക്ഷണങ്ങൾ എന്നിവ വായിൽ ആസിഡ് എക്സ്പോഷർ വർധിപ്പിക്കുന്നു. കാലക്രമേണ ഇനാമൽ പാളിയെ നേർത്തതാക്കുന്നു. ഇനാമൽ തേയ്മാനം സംഭവിക്കുമ്പോൾ, സ്വാഭാവികമായും മഞ്ഞ നിറത്തിലുള്ള ഡെന്റിൻ കൂടുതലായി പുറത്തുവരുന്നു. അതുകൊണ്ടാണ് അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളുകൾ പതിവായി പല്ല് തേച്ചാലും പല്ലുകൾ ഇരുണ്ടതോ മഞ്ഞയോ ആയി കാണപ്പെടുന്നത്. ഇതിന് പുറമെ പുകയില ഉപയോഗം,ശരിയായ ദന്ത ശുചിത്വം ഇല്ലായ്മയും പല്ലിന്‍റെ മഞ്ഞ നിറത്തിന് കാരണമാകമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആന്തരിക കാരണങ്ങള്‍

ജനിതകശാസ്ത്രം,വാർധക്യം, കുട്ടിക്കാലത്ത് കഴിക്കുന്ന ചില മരുന്നുകൾ, പല്ലിന്റെ വളർച്ചയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയും പല്ലിന്‍റെ നിറവ്യത്യാസത്തിന് കാരണമാകാറുണ്ട്. പല്ലിന്റെ ഉള്ളിൽ നിന്നാണ് സ്വാഭാവികമായ നിറം മാറ്റം വരുന്നതുകൊണ്ട്, ബ്രഷ് ചെയ്തതുകൊണ്ട് മാത്രം അത് മാറ്റാൻ കഴിയില്ല.

പ്രായം..

പല്ലുകൾ മഞ്ഞ നിറമാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രായം. ആളുകൾ പ്രായമാകുമ്പോൾ ഇനാമൽ ക്രമേണ നേർത്തുപോകുന്നു. ഈ സ്വാഭാവിക തേയ്മാനം മൂലം പല്ലിന്‍റെ നിറം മഞ്ഞയാകാന്‍ കാരണമാകുന്നു

ദന്തരോഗവിദഗ്ദ്ധനെ എപ്പോൾ കാണണം

പല്ലിന്റെ നിറം പെട്ടെന്ന് മാറുക, വേദനയുണ്ടാകുക തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ദന്തരോഗവിദഗ്ദ്ധനെ കാണുകയും പരിശോധന നടത്തുകയും ചെയ്യുന്നത് നല്ലതാണ്. കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ കാണുന്നതും ആറ് മാസത്തിലൊരിക്കൽ പല്ലുകള്‍ ക്ലീന്‍ ചെയ്യുന്നതും പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

TAGS :

Next Story