Quantcast

'നല്ല ക്ഷീണമുണ്ട്..എന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ലേ?'; ഡോക്ടര്‍ പറയുന്നത് കേൾക്കൂ...

പകൽ കൂടുതൽ നേരം തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും

MediaOne Logo

Web Desk

  • Updated:

    2025-10-23 03:09:58.0

Published:

23 Oct 2025 8:00 AM IST

നല്ല ക്ഷീണമുണ്ട്..എന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ലേ?; ഡോക്ടര്‍ പറയുന്നത് കേൾക്കൂ...
X

photo| special arrangement

'നല്ല ക്ഷീണമുണ്ട്. കണ്ണൊക്കെ അടഞ്ഞുപോകുകയാണ്. എന്നാൽ എത്രശ്രമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു'...പലരും പറയുന്ന പരാതിയാണ്.എല്ലായ്‌പ്പോഴും ക്ഷീണമുണ്ടായാൽ വേഗം ഉറങ്ങിപ്പോകുമെന്ന് കരുതരുത്. പകൽ നിങ്ങളെന്ത് ചെയ്തുവെന്നതും രാത്രിയിലെ ഉറക്കത്തിന്റെ അളവിനെ നിർണയിക്കുമെന്ന് പ്രശസ്ത ന്യൂറോ സർജനായ ഡോ.പ്രശാന്ത് കടകോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. പകൽ നിങ്ങളുടെ പ്രവൃത്തികൾ എങ്ങനെയാണോ, അതിനനുസരിച്ചായിരുക്കും രാത്രിയിലെ നിങ്ങളുടെ ഉറക്കമെന്ന് ന്യൂറോ സർജൻ പറയുന്നു.

നിങ്ങളുടെ തലച്ചോർ ചുറ്റുമുള്ള വെളിച്ചവും ചലനവും നിങ്ങളുടെ ദിനചര്യയുമാണ് ശ്രദ്ധിക്കുന്നത്.അല്ലാതെ സമയത്തെയല്ല. അതുകൊണ്ട് തന്നെ പകൽ മുഴുവൻ ഒരു കൃത്യമായ ചിട്ടകളുണ്ടാക്കുകയാണെങ്കിൽ രാത്രി ഉറക്കം നന്നായി കിട്ടുമെന്നും അദ്ദേഹം പറയുന്നു.

നന്നായി ഉറങ്ങാനുള്ള നാല് വഴികളും അദ്ദേഹം വിഡിയോയിൽ നിർദേശിക്കുന്നുണ്ട്.

നടക്കാനും സമയം കണ്ടെത്തുക

പകൽ കൂടുതൽ നേരം തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലിയുള്ള ദിവസങ്ങളിൽ ഓഫീസിലും ഒഴിവുള്ള ദിവസങ്ങളിൽ വീട്ടിലെ സോഫയിലിരുന്ന് നാം സമയം ചെലവഴിക്കുന്നു.എന്നാൽ പകൽ കൂടുതൽ നേരം ഇരിക്കുന്നവർ കുറച്ചധികം നേരം നടക്കാനും സമയം കണ്ടെത്തണം.

ലൈറ്റുകൾ ഡിം ചെയ്യുക

സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ചുറ്റുമുള്ള ലൈറ്റുകൾ ഡിം ചെയ്യാനാണ് ന്യൂറോ സർജൻ നിർദേശിക്കുന്നത്. ഉറങ്ങുന്നതിന് മുമ്പ് വെളിച്ചം ഡിം ചെയ്യേണ്ടത് പ്രധാനമാണ്. ഉറങ്ങുമ്പോൾ മുറിയിലെ വെളിച്ചം അണക്കുന്നതും നല്ലതാണ്..

ഉറങ്ങുന്നതിന് മുന്‍പ് മൊബൈൽ ഫോണ്‍ വേണ്ട

പകല്‍മുഴുവന്‍ ഓഫീസിലെ ജോലിയിലും മീറ്റിങ്ങും ഓട്ടവും..വീട്ടിലെത്തിയാലാണ് മൊബൈല്‍ഫോണും ടിവിയുമൊക്കെ കാണാന്‍ സമയം കിട്ടുന്നത്.എന്നാല്‍ ഉറങ്ങുന്നതിന് മുമ്പ് സകലമാന സോഷ്യൽമീഡിയയിലും അരിച്ചുപെറുക്കി,വിഡിയോകളും മറ്റ് കണ്ടതിന് ശേഷം മാത്രമാണ് പലരും ഉറങ്ങാൻ കിടക്കുന്നത്.എന്നാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും സ്‌ക്രീൻ ടൈം ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു.

അത്താഴം നേരത്തെയാകാം

നല്ല ഉറക്കത്തിന് അത്താഴം നേരത്തെ കഴിക്കേണ്ടത് അത്യാവശ്യമാണ്. കഴിയുമെങ്കിൽ സൂര്യാസ്തമയത്തിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്.അത്താഴം കഴിച്ചുകഴിഞ്ഞാൽ 20 മിനിറ്റ് നടക്കണം. ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറക്കാൻ ഈ ശീലം സഹായിക്കും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ കിടക്കുമ്പോൾ അത് വയറുവീർക്കലിനും ദഹനക്കേടിനും കാരണമാകും. ഈ നാല് കാര്യങ്ങളും ആത്മാർഥതയോടെ പിന്തുടരുകയാണെങ്കിൽ ആരോഗ്യകരമായ ഉറക്കം നിങ്ങളെ തേടിയെത്തുമെന്നും ഡോക്ടർ പറയുന്നു.

TAGS :

Next Story