ജിമ്മിൽ പോയില്ല, കാർബ്‌സ് ഒഴിവാക്കിയില്ല! ഒൻപത് മാസം കൊണ്ട് യുവതി കുറച്ചത് 35 കിലോ; ഈ മൂന്ന് കാര്യങ്ങൾ മാത്രം മതി
'ഡയറ്റീഷ്യന്മാരും ഫിറ്റ്നസ് ട്രെയിനർമാരും ഒരുപക്ഷെ ഇത് കേട്ടാൽ എന്നെ വെറുത്തേക്കാം. കാരണം, വണ്ണം കുറയ്ക്കാൻ നിങ്ങൾക്ക് ഫാൻസി ഡയറ്റുകളോ വലിയ തുക മുടക്കിയുള്ള പേഴ്സണൽ ട്രെയിനർമാരോ ആവശ്യമില്ല. 35 കിലോ ഭാരം സ്വയം കുറച്ച എനിക്ക് ഫിറ്റ്നസിനെക്കുറിച്ച് ചില കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയും. നിങ്ങൾക്കിപ്പോൾ തന്നെ തുടങ്ങാൻ കഴിയുന്ന വളരെ ലളിതമായ മൂന്ന് കാര്യങ്ങൾ ഇതാ.'

ശരീരഭാരം നിയന്ത്രിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താൻ അത്യാവശ്യമാണ്. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ തന്നെ ജിമ്മും അതികഠിനമായ ഡയറ്റ് പ്ലാനുമൊക്കെയാണ് മനസിലോർക്കുന്നത്. എന്നാൽ ഇവയൊന്നുമില്ലാതെ വെറും ഒൻപത് മാസം കൊണ്ട് 35 കിലോ ശരീരഭാരം കുറച്ച സ്നിഗ്ധ ബറുവ എന്ന യുവതിയുടെ ഫിറ്റ്നസ് രഹസ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
'ഡയറ്റീഷ്യന്മാരും ഫിറ്റ്നസ് ട്രെയിനർമാരും ഒരുപക്ഷെ ഇത് കേട്ടാൽ എന്നെ വെറുത്തേക്കാം. കാരണം, വണ്ണം കുറയ്ക്കാൻ നിങ്ങൾക്ക് ഫാൻസി ഡയറ്റുകളോ വലിയ തുക മുടക്കിയുള്ള പേഴ്സണൽ ട്രെയിനർമാരോ ആവശ്യമില്ല. 35 കിലോ ഭാരം സ്വയം കുറച്ച എനിക്ക് ഫിറ്റ്നസിനെക്കുറിച്ച് ചില കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയും. നിങ്ങൾക്കിപ്പോൾ തന്നെ തുടങ്ങാൻ കഴിയുന്ന വളരെ ലളിതമായ മൂന്ന് കാര്യങ്ങൾ ഇതാ..' തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സ്നിഗ്ധ പറയുന്നു. ആ മൂന്ന് രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1. വ്യായാമങ്ങൾ ലളിതമാക്കുക
ഓൺലൈനിൽ കാണുന്ന സങ്കീർണമായ വ്യായാമങ്ങൾ കണ്ട് ആശയക്കുഴപ്പത്തിലാകേണ്ട ആവശ്യമില്ല. വ്യായാമങ്ങൾ എപ്പോഴും വളരെ ലളിതമാക്കാൻ ശ്രദ്ധിക്കുക. സ്ട്രെങ്ത് ട്രെയിനിങ്ങും സ്ഥിരമായുള്ള നടത്തവും ശീലമാക്കുക. ദിവസവും 5,000 അല്ലെങ്കിൽ 7,000 സ്റ്റെപ്പുകൾ നടക്കാൻ തുടങ്ങുക. പിന്നീട് പതുക്കെ അത് 10,000-ലേക്ക് എത്തിക്കാം. ഒരു ദിവസം താൻ 21,000 സ്റ്റെപ്പുകൾ വരെ അനായാസം നടന്നിട്ടുണ്ടെന്ന് സ്നിഗ്ധ പറയുന്നു.
2. കാർബോഹൈഡ്രേറ്റ് ഒഴിവാക്കരുത്
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ കാർബ്സ് പൂർണമായും ഒഴിവാക്കണം എന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. ശരീരത്തിന്റെ അതിജീവനത്തിനും ആരോഗ്യത്തിനും കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ്. താൻ ഡയറ്റിൽ നിന്ന് കാർബ്സ് ഒഴിവാക്കിയിരുന്നില്ലെന്നും പകരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയും കലോറി ട്രാക്ക് ചെയ്യുകയുമാണ് ചെയ്തത് എന്നുമാണ് സ്നിഗ്ധ പറയുന്നത്. ശരീരത്തിലെത്തുന്ന കലോറിയേക്കാൾ കൂടുതൽ കലോറി എരിച്ചു കളയാൻ ശ്രദ്ധിക്കുക. ഇതിന് കീറ്റോ ഡയറ്റോ കാർബ്സ് ഒഴിവാക്കുന്ന രീതിയോ ആവശ്യമില്ലെന്നാണ് സ്നിഗ്ധയുടെ വാദം.
3. കൃത്യസമയത്ത് ഉറങ്ങുക
ഭാരം കുറയ്ക്കുന്ന കാര്യത്തിൽ നമ്മളിൽ ഭൂരിഭാഗം പേരും പരാജയപ്പെടുന്ന ഒരു മേഖലയാണിത്. ഡയറ്റും വ്യായാമവും കൃത്യമായി ചെയ്താലും ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരഭാരം വീണ്ടും വർധിക്കാൻ അത് കാരണമാകും. ഈ ശീലം പിന്തുടരാൻ പാടാണെങ്കിലും ഇത് ചെയ്തേ മതിയാകൂ. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ തടസങ്ങളില്ലാത്ത ഉറക്കം ശരീരത്തിന് ആവശ്യമാണ്. വ്യായാമത്തിന് ശേഷം ശരീരം പൂർവസ്ഥിതിയിലാകാൻ ഈ സമയം അത്യാവശ്യമാണ്.
(ശ്രദ്ധിക്കുക: ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണമായും ഒരു വ്യക്തിയുടെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ഇതൊരിക്കലും ഒരു ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമാവില്ല. ശരീരഭാരം കുറയുന്നത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അതിനാൽ നിങ്ങളുടെ ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെയോ അംഗീകൃത ഡയറ്റീഷ്യനെയോ കൺസൾട്ട് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക)
Adjust Story Font
16

