Quantcast

'തൊട്ടാൽ പകരുമോ എയ്‌ഡ്‌സ്‌! ചികിൽസിച്ചാൽ മാറുമോ?'; സംശയങ്ങൾക്ക് മറുപടി

എച്ച്ഐവി ബാധിതരിൽ പലർക്കും പല തരത്തിലാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    1 Dec 2022 2:43 PM GMT

തൊട്ടാൽ പകരുമോ എയ്‌ഡ്‌സ്‌! ചികിൽസിച്ചാൽ മാറുമോ?; സംശയങ്ങൾക്ക് മറുപടി
X

ഡിസംബർ ഒന്ന്.. എല്ലാ വർഷവും ഈ ദിവസം ലോക എയ്‌ഡ്‌സ്‌ ദിനമായി ആചരിച്ചുവരുന്നു. എയ്‌ഡ്‌സ്‌ രോഗത്തോടുള്ള ചെറുത്ത് നിൽപ്പിനു ശക്തി കൂട്ടാൻ വേണ്ടി 1988 ഡിസംബർ ഒന്ന് മുതൽ ലോകാരോഗ്യ സംഘടന , ഐക്യരാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തിൽ ലോക എയ്‌ഡ്‌സ്‌ ദിനം ആചരിച്ചുവരികയാണ്. പ്രതിരോധം, ഗർഭനിരോധന ഉറയുടെ പ്രോത്സാഹനം തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ച് നടക്കാറുണ്ടെങ്കിലും എയ്‌ഡ്‌സുമായി ബന്ധപ്പെട്ട പഴഞ്ചൻ കാഴ്ചപ്പാടുകൾ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഈ സംശയങ്ങൾ എയ്‌ഡ്‌സ്‌ രോഗികളോടുള്ള മനോഭാവത്തിലും പ്രതിഫലിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം കാഴ്ചപ്പാടുകൾ മാറ്റി എയ്‌ഡ്‌സ് സംബന്ധിച്ച കൃത്യമായ ഒരു ധാരണയുണ്ടാക്കുക പ്രധാനമാണ്.

എച്ച്ഐവി- എയ്‌ഡ്‌സ്‌

രോഗം എന്തെന്ന് അറിയുകയാണ് ആദ്യം വേണ്ടത്. എച്ച്.ഐ.വി. ( ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ) ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന അവസ്ഥയിൽ ടിബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാകാൻ ഇടയാകുന്നു. അവസാനമിത് മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ലക്ഷണങ്ങൾ ഇവയാണ്

എച്ച്ഐവി ബാധിതരിൽ പലർക്കും പല തരത്തിലാണ് ലക്ഷണങ്ങൾ കാണപ്പെടുന്നത്. അക്യൂട്ട് രോഗാണുബാധ (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം), രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി, എയ്‌ഡ്‌സ്‌ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് രോഗത്തിനുള്ളത്. ചിലർക്ക് രോഗാണുബാധയുണ്ടായി 2–4 ആഴ്ച്ചകൾ കഴിയുമ്പോഴാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.പനി, ലിംഫ് ഗ്രന്ഥികളിൽ നീര്, തൊണ്ടയിൽ കോശജ്വലനം, തൊലി ചുവന്നുതടിക്കുക, തലവേദന, വായിലും ഗുഹ്യഭാഗത്തും വൃണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ. ഇവയിൽ പലതും എച്ച്ഐവി ആയി തിരിച്ചറിയില്ല എന്നതാണ് നിർണായകമാകുന്നത്. മറ്റുരോഗങ്ങളുടെ ലക്ഷണങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

അക്യൂട്ട് എന്ന ആദ്യ ഘട്ടം കഴിഞ്ഞാൽ ലക്ഷണങ്ങളൊന്നും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. ക്രോണിക് എച്ച്.ഐ.വി എന്നും ഈ അവസ്ഥ അറിയപ്പെടാറുണ്ട്. വേണ്ട ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മൂന്ന് വർഷം മുതൽ ഇരുപത് വർഷം വരെ ഈ അവസ്ഥ നിലനിന്നേക്കാം. സിഡി4 ടി കോശങ്ങളുടെ എണ്ണം + 200-ൽ താഴുന്ന അവസ്ഥയാണ് എയ്ഡ്‌സ് രോഗബാധ സ്ഥിരീകരിക്കുന്ന ഘട്ടം.

രോഗം പകരുന്നത് ഇങ്ങനെയാണ്...

എയ്ഡ്‌സ് ബാധയുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുക, കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക, രോഗബാധയുള്ളവരുടെ രക്തം സ്വീകരിക്കുക തുടങ്ങിയവയാണ് എച്ച്ഐവി ബാധയുടെ പ്രധാന കാരണങ്ങൾ. എയ്ഡ്‌സ് ബാധയുള്ള അമ്മയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. തൊട്ടാലോ രോഗിയുമായി ഒരു മുറിയിൽ തങ്ങിയാലോ എയ്ഡ്‌സ് പകരുമെന്ന മിഥ്യാ ധാരണകളോട് ഇതോടെ വിടപറയാം.

പ്രതിരോധവും പരിഹാരവും

രോഗം ബാധിച്ചുകഴിഞ്ഞാൽ പിന്നെ മരണമാണ്.. ചികിത്സയില്ല.. എന്ന് തുടങ്ങി നിരവധി ധാരണകളാണ് എയ്ഡ്സിനെ ചുറ്റിപ്പറ്റി നിലനിൽക്കുന്നത്. എന്നാൽ, കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചാൽ ഒരു മനുഷ്യന്റെ സാധാരണ ആയുർദൈർഘ്യം എയ്ഡ്‌സ് രോഗികൾക്കും ലഭിക്കും. എച്ച്ഐവി പിടിപെടാൻ സാധ്യതയുണ്ടെന്ന് സംശയം തോന്നിയാൽ തന്നെ ഉടൻ പരിശോധന നടത്തണമെന്ന് ലോകാരോഗ്യ സംഘടനാ നിർദ്ദേശിക്കുന്നു. എച്ച്ഐവി പിടിപെടാൻ സാധ്യതയുള്ള ആളുകൾ എച്ച്ഐവി പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയ്ക്കായി സമഗ്രവും കാര്യക്ഷമവുമായ സേവനങ്ങൾ തേടണം. അണുബാധ തിരിച്ചറിയാൻ സ്വയം പരിശോധനകളും ലളിതവും ചെലവ് കുറഞ്ഞതുമായ ദ്രുത ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങളും ഉപയോഗപ്പെടുത്താം.

ചികിത്സാരംഗത്തുള്ളവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എച്ച്ഐവി പരിശോധനാ സേവനങ്ങളിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണം. രോഗിക്ക് കൗൺസിലിംഗ് ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ഒരു വ്യക്തിക്ക് എച്ച്ഐവി ഉണ്ടെന്ന് കണ്ടെത്തിയാൽ, ആന്റി റിട്രോവൈറൽ മരുന്നുകൾ (എആർടി) അവർക്ക് എത്രയും വേഗം ലഭ്യമാക്കണം. രക്തത്തിൽ വൈറസിന്റെ സാന്നിധ്യം (വൈറൽ ലോഡ്) പരിശോധിക്കുന്നതിനുള്ള ഒരു പരിശോധന പോലുള്ള ക്ലിനിക്കൽ, ലബോറട്ടറി പാരാമീറ്ററുകൾ ഉപയോഗിച്ച് ഇത് പതിവായി പരിശോധിക്കണം. ഈ മരുന്ന് തുടർച്ചയായി കഴിച്ചാൽ എച്ച്ഐവി മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ കഴിയും.

രോഗിയുടെ പ്രതിരോധശേഷി വിലയിരുത്തുന്നതിന് അവർ രോഗനിർണയം നടത്തുന്ന സമയത്തോ അല്ലെങ്കിൽ ആന്റി റിട്രോവൈറൽ തെറാപ്പി ആരംഭിച്ചതിന് തൊട്ടുപിറകെയോ CD4 സെൽ കൗണ്ട് എന്ന് വിളിക്കുന്ന ഒരു രക്തപരിശോധന നടത്തണം. രോഗത്തിന്റെ വികസനവും അണുബാധകൾ പിടിപെടാനുള്ള സാധ്യതയും നിരീക്ഷിക്കാൻ ഇത് സഹായകമാണ്. ആന്റി റിട്രോവൈറൽ മരുന്ന് സ്വീകരിക്കാത്ത രോഗികളിൽ CD4 എണ്ണം കാലക്രമേണ കുറയും. ഒരു വ്യക്തിയുടെ സിഡി 4 സെല്ലുകളുടെ എണ്ണം 200-ൽ താഴെയാണെങ്കിൽ പ്രതിരോധശേഷി വളരെ ദുർബലമാകും. ഇത് മരണത്തിലേക്ക് പോലും നയിച്ചേക്കാം.

മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗാണുവാഹകരുമായി ലൈംഗികവേഴ്ച ഒഴിവാക്കുക, ഗർഭനിരോധന ഉറ അഥവാ കോണ്ടം നിർബന്ധമായും ഉപയോഗിക്കുക, രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക, സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല, പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്, എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം, രോഗാണുവാഹകരുമായി രോഗപ്പകർച്ച ഉണ്ടാകുന്ന രീതിയിൽ സമ്പർക്കം ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക. പ്രതിരോധ മരുന്നുകൾ സ്വീകരിക്കുക.

"തുല്യമാക്കുക" എന്നതാണ് ഈ വർഷത്തെ എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം. അതുപോലെ തന്നെ രോഗംബാധിച്ചവരെ പാർശ്വവൽക്കരിക്കാതെ ചേർത്തുനിർത്താം. മിഥ്യാധാരണകൾ അകറ്റാം.

TAGS :
Next Story