'സ്വയം സ്നേഹിക്കൂ..മനസ് തുറക്കൂ...മാനസികാരോഗ്യം നന്നാകട്ടെ'
2025ൽ ഏകദേശം 305 ദശലക്ഷം ആളുകൾക്ക് മാനസിക പിന്തുണ ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്

Photo| Emotional First-Aid
"എന്നെ നിയന്ത്രിക്കാൻ എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നത് എന്താണെന്ന് ഞാൻ പഠിച്ചു. ഒരു ദിവസം ഭയത്തിലും വിഷാദത്തിലും പരിഭ്രാന്തിയിലും ജീവിക്കണോ അതോ ആ ദിവസത്തെ കീഴ്പ്പെടുത്തി എനിക്ക് കഴിയുന്നത്ര നല്ലതും മനോഹരവുമായ ഒരു ദിവസമാക്കണോ എന്ന്" അമേരിക്കൻ നടി ഗിൽഡ സൂസൻ റാഡ്‍നറുടെ വാക്കുകളാണിത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കോമിക് പ്രതിഭകളിലൊരാളായിരുന്നു ഗിൽഡ. അണ്ഡാശയ അര്‍ബുദം ബാധിച്ച ഗിൽഡ രോഗത്തോട് പോരാടുന്ന സമയത്താണ് തന്‍റെ കാൻസര്‍ പോരാട്ടത്തെക്കുറിച്ച് 'ഇറ്റ്സ് ഓൾവേസ് സംതിംഗ്' എന്ന പേരിൽ ആത്മകഥ എഴുതുന്നത്. അണ്ഡാശയ അര്‍ബുദത്തെ അതിജീവിച്ചെങ്കിലും പിന്നീട് കരളിലും ശ്വാസകോശത്തിലും കാൻസര്‍ സ്ഥിരീകരിക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും ചികിത്സക്കപ്പുറത്തേക്ക് രോഗം ബാധിച്ചു കഴിഞ്ഞിരുന്നു. നാളുകൾ നീണ്ട നരകയാതനക്ക് ശേഷം ഉറക്കത്തിൽ 1989ന് മേയ് 20നാണ് ഗിൽഡ ലോകത്തോട് വിടപറയുന്നത്.
ശരീരത്തെ അര്‍ബുദം കാര്‍ന്നുതിന്നുമ്പോഴും മനസ് തളരാതിരിക്കാൻ ഗിൽഡ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നാണ് നടനും ഭര്‍ത്താവുമായ ജീൻ വൈൽഡര്‍ ഒരിക്കൽ പറഞ്ഞത്. തീവ്രമായ വിഷാദത്തെ കീഴടക്കിയാണ് ഗിൽഡ രോഗത്തോട് മുഖാമുഖം നിന്നത്.
ശാരീരിക ആരോഗ്യം പോലെ തന്നെ അത്യന്താപേക്ഷിതമാണ് മാനസികാരോഗ്യവും. എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ഒന്ന്. എന്നാൽ തിരക്കിന്‍റെ ഈ ലോകത്ത് നമ്മുടെ മാനസികാരോഗ്യം ദൈനംദിന ദിനചര്യകളിൽ കുടുങ്ങിക്കിടക്കുന്നു. ജോലി, വീട്, കുട്ടികൾ കുടുംബം തുടങ്ങിയവക്കിടയിൽ നമ്മെത്തന്നെ സ്നേഹിക്കാനും വിലമതിക്കാനും പഠിക്കുന്നത് എത്ര പ്രധാനമാണെന്ന് നാം മറന്നുപോകുന്നു. ശാരീരിക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാനസിക രോഗാവസ്ഥ എന്നത് മിക്ക ആളുകളും അവഗണിക്കുകയോ പ്രശ്നം മോശമായ അവസ്ഥയിലെത്തുന്നതുവരെ അവഗണിക്കുകയോ ചെയ്യുന്നുവെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മാനസികാരോഗ്യം എന്ന പദം തന്നെ നമ്മുടെ സമൂഹത്തിൽ അപരിചിതമാണ്. നമ്മുടെ മുത്തശ്ശിമാരോടോ മാതാപിതാക്കളോടോ എന്താണ് മാനസികാരോഗ്യം എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം അവര്‍ക്ക് പറയാനുണ്ടാകില്ല. കാരണം ഈ രോഗാവസ്ഥയെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒന്നായിട്ടാണ് സമൂഹം കാണുന്നതും കണ്ടുകൊണ്ടിരിക്കുന്നതും.
ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എല്ലാവര്‍ക്കും മാനസികാരോഗ്യ സംരക്ഷണ സേവനം
മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ടാണ് എല്ലാ വര്‍ഷവും ഒക്ടോബർ 10ന് ലോകമാനസികരോഗ്യ ദിനമായി ആചരിക്കുന്നത്. മാനസികാരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ബോധവൽകരണത്തിലൂടെ മാനസികാരോഗ്യ രംഗത്തുള്ള സ്ടിഗ്മ കുറയ്ക്കുവാനും എല്ലാവർക്കും പൂർണ മാനസികാരോഗ്യം ഉറപ്പുവരുത്താനുമാണ് ലോകമാനസികാരോഗ്യ ദിനാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 'ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും എല്ലാവര്‍ക്കും മാനസികാരോഗ്യ സംരക്ഷണ സേവനം ' എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്‍റെ വിഷയം. പ്രകൃതി ദുരന്തങ്ങൾ, സംഘർഷങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ പ്രതിസന്ധികളിൽ മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തങ്ങൾ, സായുധ സംഘർഷങ്ങൾ, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ തുടങ്ങിയ പ്രതിസന്ധികളിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാണെന്നും ആക്‌സസ് ചെയ്യാവുന്നതാണെന്നും ഉറപ്പാക്കേണ്ടതിന്‍റെ അടിയന്തര ആവശ്യകതയെ ഈ പ്രമേയം ഊന്നിപ്പറയുന്നു.
2025ൽ ഏകദേശം 305 ദശലക്ഷം ആളുകൾക്ക് മാനസിക പിന്തുണ
2025ൽ ഏകദേശം 305 ദശലക്ഷം ആളുകൾക്ക് മാനസിക പിന്തുണ ആവശ്യമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. നമ്മുടെ സമൂഹത്തിൽ അഞ്ചിൽ ഒരാൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ മാനസികാരോഗ്യ പിന്തുണ ഇപ്പോഴും ഓപ്ഷണലായി കണക്കാക്കപ്പെടുന്നു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും യാതൊരു മാനസിക പിന്തുണയും ലഭിക്കുന്നില്ലെന്ന് ഡബ്ള്യൂ എച്ച് ഒ ചൂണ്ടിക്കാട്ടുന്നു.
''മെച്ചപ്പെട്ട മാനസികാരോഗ്യം എന്നത് ഒരു നിശ്ചിത അവസ്ഥയല്ല. ഒരു ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത് പോലെ നമുക്ക് കാണാൻ കഴിയുന്ന ഒന്നല്ല ഇത്. ഒരു ചെടിയെ ജീവനോടെ നിലനിർത്തുന്നത് പോലെയാണ് ഇത്. നിങ്ങൾ പതിവായി വെള്ളം നനയ്ക്കണം, വെളിച്ചം നൽകണം. എന്തുതന്നെ ചെയ്താലും ചില ദിവസങ്ങളിൽ അത് അൽപം വാടിയതായി കാണപ്പെടും..ആ സമയത്ത് കൂടുതൽ പരിചരണം നൽകണം'' പീപ്പിൾ ആൻഡ് ഓര്‍ഗനൈസേഷണൽ ഡെവലപ്മെന്‍റ് ഡയറക്ടര്‍ സഹറ പറയുന്നു. തിരക്കിട്ട ജീവിതത്തിൽ സ്വയം സ്നേഹിക്കാൻ മറന്നുപോകരുതെന്നും സഹറ ഓര്‍മപ്പെടുത്തുന്നു. പ്രത്യേകിച്ചും സ്ത്രീകൾ.. സ്വയം സ്നേഹിക്കുക അല്ലെങ്കിൽ സ്വയം പരിചരിക്കുക എന്നാൽ ഗംഭീരമായ പരിചരണം എന്നല്ല അര്‍ഥമാക്കുന്നത്. ഒരു ദിവസത്തേക്ക് വീട്ടുജോലികൾ മാറ്റിവച്ച് അലസമായി ഇരിക്കുക, ഫോണിൽ സ്ക്രോൾ ചെയ്യുന്നതിന് പകരം പുറത്ത് നടക്കാൻ പോവുക..ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക...സഹറ പറയുന്ന കൊച്ചു ടിപ്സുകൾ ഇതാണ്.
എന്താണ് മാനസികാരോഗ്യം?
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. മാനസിക ആരോഗ്യം/ മാനസിക ക്ഷേമം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ്, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് ജനസമൂഹത്തിന് ഉതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയോ ആരോഗ്യത്തെയോ തടസ്സപ്പെടുത്തുന്ന മാനസികാവസ്ഥയിലോ ചിന്തകളിലോ പെരുമാറ്റത്തിലോ നിരവധി ആഴ്ചകളോ മാസങ്ങളോ തുടർച്ചയായ മാറ്റങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, വിദഗ്ധ സഹായം തേടേണ്ടത് പ്രധാനമാണ്. അകാരണവും ദീര്‍ഘനാൾ നീണ്ടുനിൽക്കുന്നതുമായ ദുഃഖം, അമിതമായ ഉത്കണ്ഠ, പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഉറക്കത്തിലോ വിശപ്പിലോ മാറ്റങ്ങൾ, അല്ലെങ്കിൽ സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകൾ എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം.
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ
നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നമ്മുടെ മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കും.മൈന്‍ഡ് ഫുള്‍നെസ് പരിശീലിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗമാണ്. മറ്റെല്ലാ കാര്യങ്ങളും ഒഴിവാക്കി ഇപ്പോഴുള്ള ഈ നിമിഷത്തിൽ ചെയ്യുന്ന പ്രവൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മൈന്‍ഡ് ഫുള്‍നെസ്. ഇത് ഉത്കണ്ഠയും മാനസിക സമ്മർദവും അകറ്റി മനസ് ശാന്തമാക്കാൻ നമ്മെ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ മാനസികനില, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ യോഗ, നടത്തം എന്നിവ ദിനചര്യയുടെ ഭാഗമാക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കും.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൃത്യസമയത്ത് ഉറങ്ങേണ്ടതും ആവശ്യമാണ്. ദിവസവും ഏഴ് മുതല്‍ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ഇടപഴകുന്നതും ആശയവിനിമയം നടത്തുന്നതും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കുകയും മാനസികാരോഗ്യം നിലനിർത്തുകയും ചെയ്യും.
എല്ലാത്തിനോടും യെസ് പറയുന്ന ശീലം ഉപേക്ഷിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നോ പറയാൻ പഠിക്കണം.
മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തും
ശാരീരിക-മാനസികാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിന് പോഷകസമൃദ്ധവും ശരിയായതുമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാപേക്ഷിതമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെ വിറ്റാമിനുകൾ തലച്ചോറിൻ്റെ പ്രവർത്തനത്തെയും മാനസികക്ഷേമത്തെയും മെച്ചപ്പെടുത്തും
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും കൃതജ്ഞത പ്രകടിപ്പിക്കുന്നത് നെഗറ്റീവ് ചിന്തകളിൽ നിന്ന് പോസിറ്റീവ് വികാരങ്ങളിലേക്ക് നയിക്കുകയും അതുവഴി ഒരാളുടെ മാനസികാരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും മെച്ചപ്പെടുകയും ചെയ്യും.
പെയിൻ്റിംഗ്,വായന പോലുള്ള ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
''ഒടിഞ്ഞ അസ്ഥി ആഴ്ചകൾക്കുള്ളിൽ സുഖപ്പെടും. തകർന്ന വീട് മാസങ്ങൾക്കുള്ളിൽ പുനർനിർമ്മിക്കാം. എന്നാൽ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ അവഗണിച്ചാൽ അത് ജീവിതകാലം മുഴുവൻ നിലനിൽക്കും. ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവയാൽ മാത്രം ആളുകൾക്ക് അതിജീവിക്കാൻ കഴിയില്ല. മാനസികാരോഗ്യ പിന്തുണയോടെ മാത്രമേ പൂര്‍ണ ആരോഗ്യവാനായ ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കൂ'' ലോകാരോഗ്യ സംഘടനയുടെ സാംക്രമികേതര രോഗങ്ങളുടെയും മാനസികാരോഗ്യത്തിന്‍റെയും വകുപ്പ് ഡയറക്ടറായ ഡെവോറ കെസ്റ്റൽ പറയുന്നു.
Adjust Story Font
16

