Quantcast

പോളിങ് ശതമാനത്തിലും മിടുക്കിയായി ഇടുക്കി 

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം വര്‍ധിച്ചത് ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസമാണ് നല്‍കുന്നത്. 76 ശതമാനമാണ് അവസാനം ലഭ്യമായ കണക്ക്.

MediaOne Logo

Web Desk

  • Published:

    24 April 2019 2:58 AM GMT

പോളിങ് ശതമാനത്തിലും മിടുക്കിയായി ഇടുക്കി 
X

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ശതമാനം വര്‍ധിച്ചത് ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസമാണ് നല്‍കുന്നത്. 76.26 ശതമാനമാണ് അവസാനം ലഭ്യമായ കണക്കെങ്കിലും പൂര്‍ണമായും എത്തുന്നതോടെ ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ റെക്കോര്‍ഡ് പോളിംഗ് ശതമാനം കടക്കും.

1989ല്‍ കോണ്‍ഗ്രസ് നേതാവ് പാലാ കെ.എം മാത്യു വിജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇടുക്കി മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്ക് രേഖപ്പെടുത്തിയത്. 76.77 ശതമാനം. ഇന്നലെ ലഭ്യമായ അവസാന കണക്കില്‍ ഇടുക്കി റെക്കോര്‍ഡ് പോളിംഗ് ശതമാനം കടക്കുമെന്ന് ഉറപ്പായി. ഭൂവിസ്തൃതി വലുതായതിനാല്‍ പോളിംഗ് സ്റ്റേഷനുകളിലെ അവസാന കണക്ക് ഇന്ന് പൂര്‍ണമായും ലഭ്യമാകും. പോളിംഗ് ശതമാനം ഉയര്‍ന്നത് ഇരുമുന്നണികളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 2014 ല്‍ 70.7 ശതമാനമായിരുന്നു പോളിംഗ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഉടുമ്പന്‍ചോലയും, കോതമംഗലവും 79 ശതമാനത്തിലധികം പോളിംഗ് നടന്നു. കുറവ് പോളിംഗ് നടന്നത് ദേവികുളം മണ്ഡലത്തിലാണ് 70.78 ശതമാനം. മൂവാറ്റുപുഴ 77.88, തൊടുപുഴ 75.69, ഇടുക്കി 74, പീരുമേട് 76.66 ശതമാനം എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ്.

പോളിംഗ് ശതമാനം വര്‍ധിച്ച കാലങ്ങളിലൊക്കെയും ഇടുക്കിയില്‍ കോട്ടകെട്ടി എന്നതാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. ഭൂരിപക്ഷം അരലക്ഷം വരെയെത്താമെന്ന് ഡീന്‍കുര്യാക്കോസിനെ പിന്തുണച്ചവര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ തവണ ജോയ്സ് ജോര്‍ജ് വ്യക്തമായ മേല്‍കൈ നേടിയ ഇടുക്കിയില്‍ ലീഡ് നേടാനാകുമെന്നും ഉടുമ്പന്‍ചോലയില്‍ പിടിച്ചുനില്‍ക്കാനാകുമെന്നും യുഡിഎഫ് വിശ്വാസിക്കുന്നു. എന്നാല്‍ അരലക്ഷത്തോളം കന്നി വോട്ടുകള്‍ ഉണ്ടായ തെരഞ്ഞെടുപ്പില്‍ അവ തുണയ്ക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. കഴിഞ്ഞ തവണത്തെ അന്‍പതിനായിരത്തിലധികം വരുന്ന ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 25000ത്തിനും താഴെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ജോയ്സ് ജോര്‍ജിന്‍റെ എല്‍.ഡി.എഫ് പാളയം കുരുതുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തി ഇരുപതിനായിരം വോട്ടുകള്‍ നേടിയ എന്‍.ഡി.എ ഇത്തവണ നില കൂടുതല്‍ മെച്ചപ്പെടുത്താമെന്നും കരുതുന്നു. കൂട്ടലും കിഴിക്കലുമായി മെയ് 23 വരെയുള്ള കാത്തിരിപ്പ്.

TAGS :

Next Story