Quantcast

യു.പിയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത മൂന്നുപേരെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    24 March 2024 12:31 PM GMT

1 Arrested In UP After Video Shows Holi Revellers Harassing Muslim Women
X

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പുരുഷനും രണ്ട് സ്ത്രീകളും ബൈക്കിൽ പോകുമ്പോൾ ഹോളി ആഘോഷിക്കുന്ന ഒരു കൂട്ടം യുവാക്കൾ അവരുടെ ദേഹത്തേക്ക് പൈപ്പിൽ വെള്ളമടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സ്ത്രീകൾ പ്രതിഷേധിച്ചെങ്കിലും അതിക്രമം തുടരുകയായിരുന്നു. ബക്കറ്റിൽ വെള്ളമെടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പുരുഷന്റെയും ഒരു സ്ത്രീയുടെയും മുഖത്ത് ബലം പ്രയോഗിച്ച് കളർ പൂശുകയും ചെയ്തിരുന്നു. സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഇത് 70 വർഷമായി നടക്കുന്ന ആചാരമാണെന്ന് അക്രമികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.



വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ബിജ്‌നോർ പൊലീസ് ചീഫ് നീരജ് കുമാർ ജദൗൺ പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് കണ്ടെത്തി. വീഡിയോയിൽനിന്ന് തിരിച്ചറിഞ്ഞ അനിരുദ്ധ് എന്നയാളും ഇയാളുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത മൂന്നുപേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹോളി ആഘോഷത്തിന്റെ പേരിൽ ആരെയും ആക്രമിക്കാൻ പാടില്ലെന്ന് ബിജ്‌നോർ പൊലീസ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ആളുകളുടെ ശരീരത്തിൽ ബലം പ്രയോഗിച്ച് കളർ പൂശരുത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story