Quantcast

മായാവതി കൈവിട്ട ഉവൈസി ഒറ്റയ്ക്ക്; യുപിയിലെ മുസ്‌ലിം വോട്ടുകൾ എങ്ങോട്ട്?

403 നിയമസഭാ മണ്ഡലങ്ങളിൽ 137 സീറ്റുകളിലും മുസ്‌ലിംകൾക്ക് സ്വാധീനമുണ്ട്. ഇതിൽ 47 സീറ്റുകളിൽ മുസ്‌ലിം വോട്ടുകൾ അതിനിർണായകമാണ്

MediaOne Logo

abs

  • Published:

    27 Jun 2021 11:57 AM GMT

മായാവതി കൈവിട്ട ഉവൈസി ഒറ്റയ്ക്ക്; യുപിയിലെ മുസ്‌ലിം വോട്ടുകൾ എങ്ങോട്ട്?
X

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം ഏറെ നിർണായകമാകുന്നത് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിന്. ദലിത്-പിന്നാക്ക വിഭാഗങ്ങളിൽ ഏറെ സ്വാധീനമുള്ള ബിഎസ്പിയുമായി ചേർന്ന് യുപിയിൽ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന എഐഎംഐഎമ്മിന്റെ മോഹമാണ് തൽക്കാലത്തേക്കെങ്കിലും ഇല്ലാതായത്. യുപിയും ഉത്തരാഖണ്ഡിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യമുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

'വരുന്ന തെരഞ്ഞെടുപ്പിൽ എഐഎംഐഎമ്മും ബിഎസ്പിയും ഒന്നിച്ചു മത്സരിക്കുമെന്ന് ചില ചാനലുകളിൽ ഇന്നലെ മുതൽ വരുന്ന വാർത്ത തെറ്റാണ്. തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്. സത്യത്തിന്റെ കണിക പോലും അതിലില്ല. ബിഎസ്പി ശക്തമായി അതു നിഷേധിക്കുന്നു' - എന്നാണ് മായാവതി ട്വീറ്റ് ചെയതത്.

ഉവൈസി എന്തു ചെയ്യും?

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് യുപിയിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്. നൂറ് സീറ്റിൽ മത്സരിക്കാനാണ് നേതൃത്വത്തിന്റെ ആലോചന. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരരംഗത്തുണ്ടാകുക.

'ഞങ്ങൾക്ക് ഒരു അജണ്ടയേയുള്ളൂ. അത് മുസ്‌ലിംകളുടെ വികസനമാണ്. ഞങ്ങൾ മറ്റുള്ളവർക്ക് എതിരാണ് എന്ന് അതിനർത്ഥമില്ല. സ്ഥാനാർത്ഥികളുടെ സ്‌ക്രീനിങ് ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിംകൾ മാത്രമായിരിക്കില്ല സ്ഥാനാർത്ഥികൾ' - എന്നാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് എംഐഎം സംസ്ഥാന പ്രസിഡണ്ട് ഷൗകത്ത് അലി പറയുന്നത്.


2017ലെ തെരഞ്ഞെടുപ്പിൽ 37 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നെങ്കിലും കാര്യമായ സ്വാധീനം ചെലുത്താൻ പാർട്ടിക്കായിരുന്നില്ല. 0.2 ശതമാനം വോട്ടുകൾ മാത്രമാണ് എംഐഎമ്മിന് ലഭിച്ചിരുന്നത്. മിക്ക മണ്ഡലങ്ങളിലും കെട്ടിവച്ച കാശും പാർട്ടിക്ക് നഷ്ടമായിരുന്നു. അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

കൂടുതൽ വോട്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി ചെറുകക്ഷികളുമായി ഉവൈസി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ ലഖ്‌നൗവിലെത്തിയ വേളയിൽ ബിജെപി മുൻ സഖ്യകക്ഷി സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി മേധാവി ഓം പ്രകാശ് രാജ്ഭറുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ചെറുകക്ഷികളുടെ കൂട്ടായ്മയായ ഭഗിദാരി സങ്കൽപ്പ് മോർച്ചയിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ബിഹാറിലെ വിജയസമവാക്യം

ബിഹാറിലെ 243 സീറ്റിൽ 20 ഇടത്താണ് എംഐഎം സ്ഥാനാർത്ഥികളെ നിർത്തിയത്. ഇതിൽ അമൗർ, കോച്ചാദാമൻ, ജോകിഹട്ട്, ബൈസി, ബഹാദൂർഗഞ്ച് എന്നീ അഞ്ചു സീറ്റുകളിൽ വിജയിച്ചു. മുസ്‌ലിംകൾക്ക് നിർണായക സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിലാണ് ഈ മണ്ഡലങ്ങൾ. എംഐഎം നിർത്തിയ 20 സ്ഥാനാർത്ഥികളിൽ 14 പേരും സീമാഞ്ചലിലായിരുന്നു.


ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാർട്ടി, മായാവതിയുടെ ബിഎസ്പി എന്നിവർ ഉൾപ്പെട്ട ഐക്യ ജനാധിപത്യ മതേതര മുന്നണിക്കൊപ്പമാണ് ഉവൈസിയുടെ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരെ ആറ് ചെറുകക്ഷികൾ രൂപം കൊടുത്ത മുന്നണിയായിരുന്നു ഇത്. എംഐഎം, ബിഎസ്പി, ആർഎൽഎസ്പി, എസ്‌ജെഡിഡി, എസ്ബിഎസ്പി, ജെപി-എസ് കക്ഷികളാണ് മുന്നണിയിലുണ്ടായിരുന്നത്. ഇരുപത് ലക്ഷത്തോളം വോട്ടാണ് മുന്നണി പിടിച്ചത്. 523,279 വോട്ടു പിടിച്ച എംഐഎം മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 1.03 ശതമാനം അധിക വോട്ടാണ് സ്വന്തമാക്കിയത്.

തിരിച്ചടി നേരിട്ട ബംഗാൾ

ബിഹാറിലെ വിജയത്തിന്റെ ഊർജ്ജവുമായി പശ്ചിമബംഗാളിലെത്തിയ ഉവൈസിക്ക് പക്ഷേ പിഴച്ചു. ഏഴു സീറ്റിൽ മത്സരിച്ച പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല. 60-70 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള സീറ്റുകളിലായിരുന്നു പാർട്ടി മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി സഖ്യത്തിലെത്താനുള്ള ചില നീക്കങ്ങൾ ഉവൈസി നടത്തിയെങ്കിലും അത് വിജയകരമായിരുന്നില്ല.

ബംഗാളിന് പുറമേ, തമിഴ്‌നാട്ടിലും എംഐഎമ്മിന് സ്വാധീനമുണ്ടാക്കാനായില്ല. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം മണ്ഡലങ്ങളിൽ നിന്നാണ് പാർട്ടി ജനവിധി തേടിയത്. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റകഴകത്തിന്റെ പിന്തുണയും ഉവൈസിക്കുണ്ടായിരുന്നു.

മുസ്‌ലിം വോട്ടുകൾ

ജാതി, മത സമവാക്യങ്ങൾ ഏറെ നിർണായകമാണ് യുപിയിൽ. ഇവ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് 2017ൽ ബിജെപി അധികാരത്തിലെത്തിയത്. ആകെ 403 സീറ്റിൽ 312 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 40 ശതമാനവും നേടിയത് ഭരണകക്ഷിയാണ്. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയുടെ വിജയത്തിൽ നിർണായകമായത്.

22 കോടിയാണ് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 19.23 ശതമാനം. 403 നിയമസഭാ മണ്ഡലങ്ങളിൽ 137 സീറ്റുകളിലും മുസ്‌ലിംകൾക്ക് സ്വാധീനമുണ്ട്. ഇതിൽ 47 സീറ്റുകളിൽ മുസ്‌ലിം വോട്ടുകൾ അതിനിർണായകമാണ്. മുപ്പത് ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളാണിവ. ഇങ്ങനെയൊക്കെയായിട്ടും 2017ൽ 20 പേർ മാത്രമാണ് മുസ്‌ലിംകളിൽ നിന്ന് നിയമസഭയിലെത്തിയത്. 2012ൽ മുസ്‌ലിം എംഎൽഎമാരുടെ എണ്ണം 67 ആയിരുന്നു.


ലോക്‌സഭാ മണ്ഡലങ്ങളുടെ കണക്കെടുത്താൽ യുപിയിലെ 80ൽ 20 സീറ്റിലും മുസ്‌ലിം വോട്ടുകൾ നിർണായകമാണ്. എന്നാൽ 2014ലെ ലോക്‌സഭയിലേക്ക് ഒരു മുസ്‌ലിം സ്ഥാനാർത്ഥി പോലും ജയിച്ചില്ല എന്നത് കൗതുകരവും. 2019ൽ ആറു പേർ ജയിച്ചു. റാംപൂർ, മുറാദാബാദ്, സഹാറൻപൂർ, ബിജിനോർ, മുസഫർനഗർ, അംറോഹ മണ്ഡലങ്ങളിൽ നാൽപ്പത് ശതമാനത്തിന് മുകളിലാണ് മുസ്‌ലിം ജനസംഖ്യ. ബൽറാംപൂർ, അസംഗഡ്, ബറേലി, മീററ്റ്, ബഹ്‌റൈച്, ഗോണ്ട, ശ്രാവസ്തി എന്നിവിടങ്ങളിൽ മുപ്പത് ശതമാനത്തിന് മുകളിലും.

ദശാബ്ദങ്ങളായി 90 ശതമാനം മുസ്‌ലിം വോട്ടുകളും എസ്പിയുടെയും ബിഎസ്പിയുടെയും കോൺഗ്രസിന്റെയും പെട്ടിയിൽ വീണതിന്റെ രാഷ്ട്രീയ നേട്ടം കിട്ടിയത് ബിജെപിക്കാണ്. ഇതിനിടയിലേക്കാണ് എംഐഎമ്മിന്റെ രംഗപ്രവേശം. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഉവൈസി എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപ്രഭാവം ഒരുപക്ഷേ, മുസ്‌ലിംകൾക്കിടയിൽ സ്വാധീനമുണ്ടാക്കാമെന്ന് അയോധ്യയിലെ സാകേത് കോളജിലെ ഡോ വിഎൻ അറോറ പറയുന്നു. 'യുപിയിലെ മുസ്‌ലിം രാഷ്ട്രീയത്തിൽ നേതൃത്വത്തിന്റെ അഭാവമുണ്ട്. ആ വിടവ് നികത്താനാണ് ഉവൈസിയുടെ ശ്രമം. ബിഹാർ തെരഞ്ഞെടുപ്പിൽ ഉവൈസിക്ക് ലഭിച്ച പിന്തുണ സൂചനയാണ് എങ്കിൽ യുപിയിൽ മാറ്റങ്ങൾ വരും. ബിജെപിക്കെതിരെ ആക്രമണാത്മക സമീപനം സ്വീകരിക്കുന്ന നേതാവാണ് ഉവൈസി. അദ്ദേഹത്തിന് മുസ്‌ലിം വോട്ടുകളെ അനുകൂലമാക്കാൻ കഴിയും' - ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 മാർച്ച് 14നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി-മാർച്ച മാസങ്ങളിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ്.

TAGS :

Next Story