Quantcast

വിസ പുതുക്കി നല്‍കിയില്ല; എബിസി മാധ്യമപ്രവര്‍ത്തക അവാനി ഡയസ് ഇന്ത്യ വിട്ടു

റിപ്പോര്‍ട്ടിംഗ് പരിധി ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിസ നീട്ടിനല്‍കാതിരുന്നതെന്ന് അവനി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    23 April 2024 9:36 AM GMT

Avani Dias
X

അവനി ഡയസ്

ഡല്‍ഹി: ആസ്ട്രേലിയന്‍ ബ്രോഡ്‍കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (എബിസി)സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവാനി ഡയസ് ഇന്ത്യ വിട്ടു. വെള്ളിയാഴ്ചയാണ് അവനി രാജ്യം വിട്ടത്. തന്‍റെ റിപ്പോര്‍ട്ടിംഗ് പരിധി ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിസ നീട്ടിനല്‍കാതിരുന്നതെന്ന് അവനി വ്യക്തമാക്കി.

"കഴിഞ്ഞ ആഴ്‌ച എനിക്ക് പെട്ടെന്ന് ഇന്ത്യ വിടേണ്ടി വന്നു. എൻ്റെ വിസ നിഷേധിക്കപ്പെട്ടുവെന്ന് മോദി സർക്കാർ എന്നോട് പറഞ്ഞു. എന്‍റെ റിപ്പോര്‍ട്ടിംഗ് അതിര് കടന്നുവെന്നാണ് പറഞ്ഞത്. ആസ്ട്രേലിയന്‍ ഗവണ്‍മെന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ വിടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് രണ്ടു മാസത്തേക്ക് എനിക്ക് വിസ നീട്ടിനല്‍കി'' അവനി എക്സില്‍ കുറിച്ചു. ഇന്ത്യൻ മന്ത്രാലയത്തിൻ്റെ നിർദ്ദേശം കാരണം തനിക്ക് തെരഞ്ഞെടുപ്പ് അക്രഡിറ്റേഷൻ ലഭിക്കില്ലെന്ന് തന്നോട് പറഞ്ഞതായും അവർ പറഞ്ഞു.'ജനാധിപത്യത്തിൻ്റെ മാതാവ്' എന്ന് മോദി വിളിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ ആദ്യഘട്ടത്തില്‍ തന്നെ ഞങ്ങള്‍ ഇന്ത്യ വിട്ടു''അവനി വ്യക്തമാക്കി.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിസ നീട്ടി നല്‍കില്ലെന്ന് കേന്ദ്രം ആഴ്ചകള്‍ക്കു മുന്‍പ് അവനിയെ അറിയിച്ചിരുന്നു. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള എബിസി ന്യൂസിൻ്റെ സീരിസ് യുട്യൂബ് ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു. മാര്‍ച്ചില്‍ വിസ പുതുക്കാനിരിക്കെയാണ് വിസ നീട്ടി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. കഴിഞ്ഞ രണ്ടര വർഷമായി ഇന്ത്യയിൽ താമസിക്കുകയും ജോലി ചെയ്യുകയുമാണെന്ന് തൻ്റെ പോഡ്‌കാസ്റ്റായ 'ലുക്കിംഗ് ഫോർ മോദി' എപ്പിസോഡുകളിലൊന്നിൽ ഡയസ് പറഞ്ഞു. ഇന്ത്യയില്‍ ജോലി ചെയ്യുന്ന സമയത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അവനി എപ്പിസോഡില്‍ വിശദീകരിച്ചിരുന്നു. "ഇന്ത്യയിൽ ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മോദിയുടെ പാർട്ടി നടത്തുന്ന പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഞാൻ പാടുപെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കവർ ചെയ്യാനുള്ള പാസുകൾ പോലും സർക്കാർ എനിക്ക് നൽകിയില്ല'' അവനി പറയുന്നു.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അക്രഡിറ്റേഷൻ ഡയസിന് ലഭിക്കാൻ സാധ്യതയില്ലെന്ന് ഏപ്രിൽ 16 ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ എബിസിയെ അറിയിച്ചിരുന്നു.


TAGS :

Next Story