Quantcast

'വിദേശ സംഭാവന ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നു'; ആറ് എൻ.ജി.ഒകളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ

2016 മുതൽ 2022 വരെയുള്ള കാലയളവിൽ 6,600 സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് ആണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2024-05-02 03:59:28.0

Published:

2 May 2024 3:53 AM GMT

Home ministry scraps FCRA registration of six NGOs for alleged violation of the law
X

ന്യൂഡൽഹി: ആറ് സർക്കാറിതര സംഘടനകളുടെ വിദേശ സംഭാവനാ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ സംഭാവനാ രജിസ്‌ട്രേഷൻ ആക്ടിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചു, വിദേശ സംഭാവന ദുരുപയോഗം ചെയ്തു, മതപരിവർത്തനം നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലൈസൻസ് റദ്ദാക്കിയത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്തിയ സൂക്ഷമ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഡിയോസിസൻ സൊസൈറ്റി ചർച്ച് ഓഫ് നോർത്ത്, ജീസസ് ആന്റ് മേരി ഡൽഹി എജ്യുക്കേഷണൽ സൊസൈറ്റി, ഡൽഹി ഡിയോസീസ് ഓവർസീസ് ഗ്രാന്റ് ഫണ്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക് ഗ്രോത്ത്, സാമുവൽ ഫൗണ്ടേഷൻ ചാരിറ്റബിൾ ഇന്ത്യ ട്രസ്റ്റ്, ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ എൻ.ജി.ഒകളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. ഈ സംഘടനകൾക്ക് ഇനി വിദേശ സംഭാവനകൾ സ്വീകരിക്കാനോ നിലവിലുള്ള ഫണ്ട് ഉപയോഗിക്കാനോ കഴിയില്ല.

സാമ്പത്തിക, സാമൂഹ്യ വികസന പഠനങ്ങളുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എകണോമിക് ഗ്രോത്ത്. നൊബേൽ സമ്മാന ജേതാക്കളായ എലിനോർ ഓസ്‌ട്രോം, അമർത്യാ സെൻ തുടങ്ങിയവർ ഇവിടെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സർക്കാർ ഫണ്ടിങ്ങാണ് സ്ഥാപനത്തിന്റെ പ്രധാന വരുമാനമാർഗമെന്നും വിദേശ സംഭാവനകൾക്ക് വലിയ പങ്കില്ലെന്നും ഐ.ഇ.ജി അധികൃതർ പറഞ്ഞു. 2022-23 വർഷത്തിൽ ഐ.ഇ.ജിക്ക് ലഭിച്ച മൊത്തം ഗ്രാന്റിന്റെ നാല് ശതമാനം മാത്രമാണ് വിദേശ സംഭാവകളിലൂടെ ലഭിച്ചതെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

ദേശീയ തലത്തിൽ ഹീമോഫീലിയ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഏകീകൃത സംവിധാനമാണ് ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യ. ഇവർക്ക് വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിലിൽ അഞ്ച് സർക്കാറിതര എൻ.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു. ചർച്ചസ് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ സിനോഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസ്, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ, ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി ആന്റ് വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ലൈസൻസ് ആണ് റദ്ദാക്കിയിരുന്നത്.

2016 മുതൽ 2022 വരെയുള്ള കാലയളവിൽ 6,600 സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് ആണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. കഴിഞ്ഞ 10 വർഷത്തിനിടെ 20,700 സർക്കാറിതര സംഘടനകളുടെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കിയതായി 2022 ഡിസംബറിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.

13,520 സർക്കാറിതര സംഘടനകൾ വിദേശ സംഭാവനകൾ സ്വീകരിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പാർലമെന്റിൽ അറിയിച്ചിരുന്നു. 2019-20, 2021-22 സാമ്പത്തിക വർഷത്തിനിടെ 55,741.51 കോടി രൂപ വിദേശ സംഭാവന വഴി ലഭിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

TAGS :

Next Story