Quantcast

തണ്ടൊടിഞ്ഞ താമര; കർണാടക കോൺഗ്രസ് കയ്യേറിയതിങ്ങനെ

സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽ തീര കർണാടകയിലും ബംഗളൂരുവിലും മാത്രമാണ് ബിജെപിക്ക് ഭേദപ്പെട്ട പ്രകടനം നടത്താനായത്

MediaOne Logo

അഭിമന്യു എം

  • Updated:

    2023-05-13 13:42:50.0

Published:

13 May 2023 1:03 PM GMT

തണ്ടൊടിഞ്ഞ താമര; കർണാടക കോൺഗ്രസ് കയ്യേറിയതിങ്ങനെ
X

ബിജെപിയുടെ ട്രംപ് കാർഡായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവത്തിന് ഇളക്കം തട്ടിയ ജനവിധിയാണ് കർണാടകയിലേത്. പാർട്ടിക്കുള്ളിലെ വിഭാഗീയതയും ഭരണവിരുദ്ധ വികാരവും മോദി എന്ന രണ്ടക്ഷരം കൊണ്ട് മറികടക്കാമെന്ന ബിജെപിയുടെ മോഹത്തിനാണ് ദക്ഷിണേന്ത്യയില്‍ അടിയേറ്റത്. ദേശീയ വിഷയങ്ങൾ, തീവ്രഹിന്ദുത്വം എന്നിവ ബിജെപി വിഷയമാക്കിയപ്പോൾ പ്രാദേശിക വിഷയങ്ങളിലൂന്നിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഒപ്പം സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായി. ഈയിടെ ഏറ്റ ഏറ്റവും വലിയ പരാജയത്തോടെ ദക്ഷിണേന്ത്യയുടെ അധികാരത്തിൽനിന്ന് ബിജെപി പുറത്താകുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ പ്രവിശ്യകളിൽ തീര കർണാടകയിലും ബംഗളൂരുവിലും മാത്രമാണ് ബിജെപിക്ക് ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഓൾഡ് മൈസൂരു, ഹൈദരാബാദ് കർണാടക, മുംബൈ കർണാടക, സെൻട്രൽ കർണാടക എന്നിവിടങ്ങളിലെല്ലാം കോൺഗ്രസ് തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഓരോ പ്രദേശങ്ങളിലെയും പ്രകടനം ഇങ്ങനെ;

ഓൾഡ് മൈസൂരുവിൽ ജെഡിയു ഔട്ട്

സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജാതി സമൂഹമായ വൊക്കലിഗയുടെ ശക്തികേന്ദ്രമാണ് ഓൾഡ് മൈസൂരു. ജെഡിഎസിന് നിർണായക സ്വാധീനമുള്ള ഇടം. പ്രധാന തൊഴിൽ കൃഷി. കാർഷികാനുബന്ധ പ്രഖ്യാപനങ്ങൾ വോട്ടിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന മേഖലയിൽ തകർപ്പൻ പ്രകടനമാണ് ഇത്തവണ കോൺഗ്രസ് പുറത്തെടുത്തത്. 64 സീറ്റിൽ 44 സീറ്റിലും ജയം. സ്വന്തം ശക്തികേന്ദ്രത്തിൽ എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് 14 സീറ്റിലൊതുങ്ങി. ബിജെപിക്ക് ജയിക്കാനായത് നാലിടത്ത്.

മൈസൂരു, ബംഗളൂരു (റൂറൽ), മാണ്ഡ്യ, ഹാസൻ, ചിക്കമഗളൂർ, കോലാർ, രാമനഗര, തുംകൂർ, ചാമരാജ്‌നഗർ, ചിക്കബള്ളപൂർ എന്നിവിടങ്ങളിലെ സീറ്റുകളാണ് ഓൾഡ് മൈസൂരു മേഖലയിൽ വരുന്നത്. 2018ലെ 17 സീറ്റിൽ നിന്നാണ് കോൺഗ്രസിന്റെ കുതിപ്പ്.

ജാതി സമവാക്യത്തിനും തീവ്ര വർഗീയതയ്ക്കും അപ്പുറം ഈയിടെ പൂർത്തിയായ ബംഗളൂരു-മൈസൂരു ഹൈവേ, വിമാനത്താവളത്തിലെ വികസന പദ്ധതികൾ തുടങ്ങിയ നഗരമേഖലയിൽ വോട്ടുകൊണ്ടു വരുമെന്ന് ബിജെപി വിശ്വസിച്ചിരുന്നു. എന്നാൽ കർഷകർ ഏറെയുള്ള പ്രദേശത്ത് വോട്ടർമാർ ചിന്തിച്ചത് മറിച്ചായിരുന്നു. മേഖലയിൽ വൊക്കലിഗ സമുദായ നേതാവു കൂടിയായ ഡി.കെ ശിവകുമാറിന്റെ സ്വാധീനം കോൺഗ്രസിന് വോട്ടായി മാറി. സ്വന്തം മണ്ഡലമായ കനകപുരയിൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശിവകുമാർ വിജയിച്ചത്.

സംസ്ഥാന രാഷ്ട്രീയത്തിലെ കിങ് മേക്കറാകാമെന്ന എച്ച്ഡി കുമാരസ്വാമിയുടെ മോഹം കൂടി ഇത്തവണ ഓൾഡ് മൈസൂരു തകർത്തു. മേഖലയിൽനിന്ന് 35 സീറ്റെങ്കിലും നേടാമെന്നായിരുന്നു ജെഡിയുവിന്റെ കണക്കുകൂട്ടൽ.

2018ൽ 27 സീറ്റിലാണ് പാർട്ടി വിജയിച്ചിരുന്നത്. ശക്തി കേന്ദ്രമായ രാമനഗരത്തിൽ എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി തോറ്റത് പാർട്ടിക്ക് കനത്ത ആഘാതമായി. രണ്ടു ദശാബ്ദത്തിലേറെയായി ജെഡിയു കൈവശം വയ്ക്കുന്ന സീറ്റാണിത്.

അടിയൊക്കില്ലാതെ തീര കർണാടക

ശക്തികേന്ദ്രമായി അറിയപ്പെടുന്ന തീരകർണാടക (കോസ്റ്റൽ കർണാടക) ബിജെപക്ക് ഒപ്പം നിന്നു-15 സീറ്റ്. കോൺഗ്രസ് വിജയിച്ചത് അഞ്ചിടത്ത്. മേഖലയിൽ ആകെ 19 സീറ്റാണ് ഉള്ളത്. ദക്ഷിണ കന്നഡ- എട്ട്, ഉത്തര കന്നഡ- ആറ്, ഉഡുപ്പി-അഞ്ച് എന്നിങ്ങനെ. 2018 ലെ തെരഞ്ഞെടുപ്പിൽ 19ൽ 16 സീറ്റിലും ബിജെപിയാണ് വിജയിച്ചിരുന്നത്. കോൺഗ്രസിന് ലഭിച്ചത് മൂന്നു സീറ്റ്. ജെഡിഎസിന് സീറ്റൊന്നും കിട്ടിയില്ല.

ഉത്തര-ദക്ഷിണ കന്നഡ മേഖലകൾ ആർഎസ്എസിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ്. രാജ്യത്തുടനീളം ചർച്ച ചെയ്യപ്പെട്ട ഹിജാബ് വിവാദത്തിന്റെ പ്രഭവ കേന്ദ്രമാണ് ഉഡുപ്പി. എന്നാൽ മേഖലയിലെ മംഗലാപുരം ശക്തമായ കോൺഗ്രസ് സാന്നിധ്യമുള്ള പ്രദേശമാണ്. മംഗലാപുരത്ത് നിന്ന് യു.ടി ഖാദർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 22000 വോട്ടുകൾക്കാണ് ഖാദർ ബിജെപി സ്ഥാനാർത്ഥി സതീഷ് കുമ്പളയെ തോൽപ്പിച്ചത്.

ബിജെപി വർഗീയ വികാരം കത്തിച്ച ഉഡുപ്പിയിൽ സിറ്റിങ് എംഎൽഎ രഘുപതി ഭട്ടിന് സീറ്റ് നിഷേധിച്ച് യശ്പാൽ സുവർണയ്ക്കാണ് ബിജെപി സീറ്റു നൽകിയത്. ഹിജാബ് വിരുദ്ധ മൂവ്‌മെന്റിന്റെ മുഖമായിരുന്നു സുവർണ. മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ഇദ്ദേഹം കോൺഗ്രസിന്റെ പ്രസാദ് രാജ് കാഞ്ചനെ തോൽപ്പിക്കുകയും ചെയ്തു.


ഡി.കെ ശിവകുമാര്‍


സംസ്ഥാനത്ത് ആദ്യമായി സർക്കാർ രൂപീകരിച്ച 2008ൽ 14 സീറ്റാണ് മേഖലയിൽനിന്ന് ബിജെപിക്ക് ലഭിച്ചത്. എന്നാൽ 2013ൽ അഞ്ചിലേക്ക് ചുരുങ്ങി. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ തീവ്ര മതവികാരം ഇളക്കിവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജയ് ബജ്‌റംഗ്ബലി ആഹ്വാനം വന്നതും തീരകർണാടകയിൽ നിന്നാണ്. ദക്ഷിണ കന്നഡയിലെ റാലിയിലാണ് വോട്ടു ചെയ്യും മുമ്പ് ജയ് ബജ്‌റംഗ്ബലി എന്ന് വിളിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. അധികാരത്തിലെത്തിയാൽ ബ്ജറംഗ്ദളിനെയും പോപുലർഫ്രണ്ടിനെയും നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിന് മറുപടി ആയിട്ടായിരുന്നു മോദിയുടെ ആഹ്വാനം.

കല്യാൺ കർണാടകയിൽ കോൺഗ്രസ്

ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിന് കീഴിലുള്ള കന്നഡ പ്രദേശങ്ങളാണ് ഹൈദരാബാദ് കർണാടകയ്ക്ക് (കല്യാൺ കർണാടക) കീഴിൽ വരുന്നത്. ഏഴു ജില്ലകളിലായി ഉള്ളത് 40 സീറ്റുകൾ. ഇവിടെ 27 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. ഒമ്പത് സീറ്റിൽ ബിജെപിയും മൂന്നു സീറ്റിൽ ജെഡിഎസും വിജയം കണ്ടു.

2018ൽ 21 സീറ്റിലാണ് മേഖലയിൽ കോൺഗ്രസ് നേടിയത്. ബിജെപി 15 സീറ്റിലും ജെഡിഎസ് നാലിടത്തും വിജയിച്ചു. ബിജെപിക്ക് ഇത്തവണ അഞ്ചു സിറ്റിങ് സീറ്റുകൾ നഷ്ടമായി പത്ത് സീറ്റിലേക്കൊതുങ്ങി. ജെഡിഎസ് നാലിൽ നിന്ന് മൂന്നിലേക്ക് വീണു.

മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബി ശ്രീരാമുലുവിന്റെ തോൽവിയാണ് ബിജെപിക്ക് മേഖലയിൽ ബിജെപിക്ക് വലിയ ആഘാതമായി മാറിയത്. ബെല്ലാരി റൂറലിൽ കോൺഗ്രസിന്റെ നാഗേന്ദ്രയോടാണ് ശ്രീരാമുലു തോറ്റത്. മേഖലയിലെ ജനങ്ങളിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടിക വർഗ, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ടവരാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇവിടെ നിന്നുള്ള നേതാവാണ്. ഇതു കൂടി വോട്ടിങ് പാറ്റേണിനെ സ്വാധീനിച്ചിട്ടുണ്ട്.

മുംബൈ കർണാടക

മുംബൈ കർണാടകയിലെ (കിട്ടൂർ കർണാടക) അമ്പത് സീറ്റിൽ 33 ഇടത്തും വിജയിച്ച് തകർപ്പൻ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവച്ചത്. ബിജെപി 16 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും വിജയിച്ചു. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം മേഖലയിൽ 44.9 ശതമാനം വോട്ടും ലഭിച്ചത് കോൺഗ്രസിനാണ്. ബിജെപിക്ക് 39 ശതമാനം വോട്ടുമാത്രം. കാവി പാർട്ടിയുടെ വോട്ടുവിഹിതത്തിൽ -5.1 ശതമാനം ഇടിവാണ് ഉണ്ടായത്. കോൺഗ്രസിന് 6.2 ശതമാനം വോട്ടു കൂടുകയും ചെയ്തു.

കഴിഞ്ഞ തവണത്തേതിനേക്കാൾ (24) 18 സീറ്റാണ് കോൺഗ്രസിന് ഇത്തവണ അധികം ലഭിച്ചത്. ബിജെപിക്ക് നഷ്ടമായത് 23 സീറ്റ്.

സെൻട്രൽ കർണാടക

മേഖലയിലെ 23 സീറ്റിൽ 14 ഇടത്തും കോൺഗ്രസിന് വിജയിക്കാനായി. ബിജെപിക്ക് ഏഴു സീറ്റു മാത്രമേ കിട്ടിയുള്ളൂ. രണ്ടെണ്ണത്തിൽ ജെഡിയുവും വിജയിച്ചു. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ഹൂബ്ലി-ധർവാഡ് സെൻട്രലിൽ തോറ്റതാണ് മേഖലയിൽ എടുത്തു പറയേണ്ടത്. മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ബിജെപിയുടെ മഹേഷ് തെൻകിൻകൈ ആണ് ഇദ്ദേഹത്തെ തോൽപ്പിച്ചത്. 2008 മുതൽ ഷെട്ടാർ തുടർച്ചയായി മൂന്നു തവണ വിജയിച്ചു വരുന്ന മണ്ഡലമാണിത്.

പ്രമുഖ ലിംഗായത്ത് നേതാവായ ഷെട്ടാറിന്റെ വരവ് സമുദായ വോട്ടുകൾ കോൺഗ്രസിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2018ൽ ലിംഗായത്തുകൾക്ക് മേധാവിത്വമുള്ള മിക്ക സീറ്റുകളിലും ബിജെപിയാണ് വിജയിച്ചിരുന്നത്. 1990ൽ മുൻ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിനെ അധികാര ഭ്രഷ്ടനാക്കിയതിന് ശേഷം ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിന് ലഭിച്ചിട്ടില്ല. 1989ൽ പാട്ടീലിന്റെ കരുത്തിൽ 224 അംഗ സഭയിൽ 178 സീറ്റാണ് കോൺഗ്രസ് നേടിയിരുന്നത്.

ബംഗളൂരു

നഗര മണ്ഡലങ്ങൾ ഏറെയുള്ള ബംഗളൂരു മേഖലയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്-14 സീറ്റുകൾ വീതം. പരമ്പരാഗതമായി ബിജെപിക്ക് ഒപ്പം നിൽക്കുന്നതാണ് നഗരമേഖലകൾ. പരമാവധി സീറ്റ് ലക്ഷ്യമിട്ട് ബംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ റോഡ് ഷോയും ബിജെപി സംഘടിപ്പിച്ചിരുന്നു. 2018ൽ 15 സീറ്റിലാണ് ബിജെപി വിജയിച്ചിരുന്നത്.




TAGS :

Next Story