Quantcast

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ...എങ്ങനെയാണ് കൊറോണ വകഭേദങ്ങള്‍ക്ക് പേരിടുന്നത്?

ഇന്ത്യയിൽ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    22 Jun 2021 3:35 PM GMT

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ...എങ്ങനെയാണ് കൊറോണ വകഭേദങ്ങള്‍ക്ക് പേരിടുന്നത്?
X

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ... ഇങ്ങനെ വ്യത്യസ്ത പേരുകളിൽ നമ്മളെ ആക്രമിച്ചു കൊണ്ടിരിക്കുന്ന കൊറോണ വകഭേദങ്ങൾക്ക് എങ്ങനെയാണ് പേരിടുന്നതെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ആദ്യഘട്ടത്തില്‍ വകഭേദം ആദ്യം കണ്ടെത്തിയ രാജ്യത്തിന്‍റെ പേരിലാണ് വകഭേദങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ തിരിച്ചറിഞ്ഞ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചതോടെ ഈ രീതിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. വിവിധ രാജ്യങ്ങൾ ഈ രീതിക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഇതിന് ഏകോപനം നൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, കാപ്പ എ്ന്നിങ്ങനെയുള്ള ഗ്രീക്ക് പേരുകൾ കൊറോണ വകഭേദങ്ങൾക്ക് നൽകുന്ന രീതിയിലേക്ക് ലോകാരോഗ്യ സംഘടന എത്തിയത്.

ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയാണ് വൈറസുകൾക്ക് നൽകിയത്. യു.കെ. വകഭേദം എന്ന് അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന് ആൽഫ എന്നും ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്നതിന് ബീറ്റ എന്നും ബ്രസീലിയൻ വകഭേദത്തിന് ഗാമ എന്നും ഇന്ത്യൻ വകഭേദത്തിന് ഡെൽറ്റ എന്നും പേര് നൽകി. ഇത്തരം പേരുകൾക്കൊപ്പം ആവശ്യമെങ്കിൽ ശാസ്ത്രീയനാമങ്ങളും ഉപയോഗിക്കാം.

വൈറസ് വകഭേദങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാം എന്നതാണ് ഈ പേരിടൽ കൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ആദ്യം കണ്ടെത്തിയെന്ന കാരണം മൂലം ആ രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്നത് ഒഴിവാക്കാനുമാകും.

ആൽഫ വകഭേദം

അപകടകരമായ കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യസംഘടന ആദ്യമായി പ്രഖ്യാപിച്ചതാണ് യു.കെ. വകഭേദം, കെന്റ് വകഭേദം എന്നെല്ലാം മുൻപ് അറിയപ്പെട്ടിരുന്ന ആൽഫ. ഇത് ആദ്യമായി തിരിച്ചറിഞ്ഞത് 2020 സെപ്റ്റംബറിൽ യു.കെയിലാണ്. ആശങ്കയുണ്ടാക്കുന്ന വകഭേദമായി ആൽഫ എന്ന പേരിൽ ഡിസംബർ 18 നാണ് ഈ വകഭേദത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോവിഡ്-19 ന്റെ ആദ്യ സ്ട്രെയിനുകളേക്കാൾ അമ്പത് ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ് ഇവയെന്നാണ് കണക്കാക്കിയിരുന്നത്. ബി.1.1.7 എന്നതാണ് ശാസ്ത്രീയനാമം.

ബീറ്റ വകഭേദം

ആശങ്കയുയർത്തുന്നതായി കണ്ടെത്തിയ കോവിഡ് 19ന്റെ ഏറ്റവും പഴയ വകഭേദങ്ങളിലൊന്നാണിത്. 2020 മേയിലാണ് ദക്ഷിണാഫ്രിക്കയിൽ ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. 2020 ഡിസംബർ 18 ന് ഈ വകഭേദത്തിന് ബീറ്റ എന്ന് പേര് നൽകി. യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ അഭിപ്രായപ്പെടുന്നത് ആൽഫ സ്ട്രെയിനിന് വന്ന ചില ജനിതകവ്യതിയാനങ്ങൾ ഈ വകഭേദത്തിനും ഉണ്ടായിട്ടുണ്ടെന്നാണ്. ബി.1.351 എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദമാണ് ബീറ്റ.

ഗാമ വകഭേദം

ബ്രസീലിയൻ വകഭേദം എന്നും ഈ വകഭേദം അറിയപ്പെടുന്നു. പി.1 എന്നാണ് ശാസ്ത്രീയ നാമം. ആശങ്കപ്പെടേണ്ട വകഭേദങ്ങളിൽ നാലാമതാണ് ഗാമയുടെ സ്ഥാനം. 2021 ജനുവരി 11 നാണ് ഗാമ എന്ന പേര് നൽകിയത്. 2020 നവംബറിൽ ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂട്ടിയത് ഈ വകഭേദമാണ്.

ഡെൽറ്റ വകഭേദം

2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇപ്പോൾ ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യ സംഘടന തരംതിരിച്ചിരിക്കുന്നതാണ് ഡെൽറ്റ. ബി.1.617.2 എന്നതാണ് ഈ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.തീവ്രവ്യാപനത്തിനും ജനിതകമാറ്റം വരാനും സാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്നതാണിത്. പ്രതിരോധപ്രവർത്തനങ്ങളെയും നിയന്ത്രണമാർഗങ്ങളെയും ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ടാകും. ബ്രിട്ടനിൽ നേരത്തെ കണ്ടെത്തിയ വകഭേദത്തേക്കാൾ 40 ശതമാനത്തിൽ കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഇതെന്ന് യു.കെ. അധികൃതർ കണക്കാക്കിയിരിക്കുന്നു.

എപ്സിലോൺ വകഭേദം

ബി.1.427/ബി.1.429 എന്ന് അറിയപ്പെടുന്ന ഈ വകഭേദം 2020 മാർച്ചിൽ യു.എസ്.എയിലാണ് കണ്ടെത്തിയത്. 2021 മാർച്ച് അഞ്ചിനാണ് എപ്സിലോൺ എന്ന് പേര് നൽകിയത്.

സീറ്റ വകഭേദം

2020 ഏപ്രിലിൽ ബ്രസീലിലാണ് ഈ വകഭേദം കണ്ടെത്തിയത്. പി.2 വകഭേദം എന്നതാണ് ശാസ്തീയനാമം. 2021 മാർച്ച് 17 നാണ് സെറ്റ എന്ന് പേര് നൽകിയത്.

ഈറ്റ വകഭേദം

ബി.1.525 എന്നാണ് ഇത് അറിയപ്പെടുന്നത്. 2020 ഡിസംബറിൽ വിവിധ രാജ്യങ്ങളിൽ ഇത് തിരിച്ചറിഞ്ഞു. 2021 മാർച്ച് 17 നാണ് ഈറ്റ എന്ന് പേര് നൽകിയത്.

തേറ്റ വകഭേദം

2021 ജനുവരിയിൽ ഫിലിപ്പീൻസിൽ തിരിച്ചറിഞ്ഞ വകഭേദമാണ് തേറ്റ വകഭേദം എന്നറിയപ്പെടുന്ന പി.3 വകഭേദം. 2021 മാർച്ച് 24 നാണ് തേറ്റ എന്ന് പേര് നൽകിയത്.

അയോട്ട വകഭേദം

2020 നവംബറിൽ യു.എസ്.എയിൽ തിരിച്ചറിഞ്ഞ വകഭേദമാണ് ബി.1.526 വകഭേദം. 2021 മാർച്ച് 24 നാണ് അയോട്ട എന്ന പേര് നൽകിയത്.

ലംബ്ഡ വകഭേദം

സി.37 എന്ന് ശാസ്ത്രീയനാമമുള്ള ലംബ്ഡ 2020 ഓഗസ്റ്റിൽ പെറുവിലാണ് തിരിച്ചറിഞ്ഞത്. 2021 ജൂൺ 14 ന് ആണ് ലംബ്ഡ എന്ന് നാമകരണം ചെയ്തത്.

കാപ്പ വകഭേദം

ബി.1.617.1 എന്നാണ് കാപ്പയുടെ ശാസ്ത്രനാമം. 2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഇത് കണ്ടെത്തിയത്. കാപ്പ എന്ന് നാമകരണം ചെയ്തത് 2021 ഏപ്രിൽ നാലിനാണ്.

TAGS :

Next Story