Quantcast

പിതാവിനെ കൊല്ലുന്നതിന് മുമ്പ് കൊലയാളി മകനെ ആറ് തവണ വിളിച്ചതെന്തിന്? വിനീത് മിനോച്ച കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്

മെയ് 1 മുതല്‍ സെപ്തംബര്‍ 6 വരെയുള്ള കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് സുബ്രതും വിശാലും 309 തവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2026-09-16 07:20:54

Published:

16 Sept 2026 12:40 PM IST

പിതാവിനെ കൊല്ലുന്നതിന് മുമ്പ് കൊലയാളി മകനെ ആറ് തവണ വിളിച്ചതെന്തിന്? വിനീത് മിനോച്ച കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്
X

കാന്‍പൂര്‍: പ്രമുഖ മരുന്ന് വ്യാപാരി വിനീത് മിനോച്ചയുടെ കൊലപാതകത്തിൽ മകന്‍ സുബ്രതിലേക്ക് അന്വേഷണം നീളുന്നു. കൊലപാതകത്തിന് മുമ്പ് സുബ്രതിന്റെ ഫോണിലേക്ക് പ്രതി വിശാല്‍ ഗൗതം ആറ് തവണ വിളിച്ചെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി വാങ്ങിയ പുതിയ സിം കാര്‍ഡില്‍ നിന്നാണ് സുബ്രതിനെ വിശാല്‍ വിളിച്ചത്. ഇതോടെ കൊലപാതകത്തില്‍ സുബ്രതിനും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു.

സെപ്തംബര്‍ അഞ്ചിന് രാത്രിയാണ് വിനീത് മിനോച്ച കൊല്ലപ്പെടുന്നത്. മകന്‍ സുബ്രതും ഭാര്യ ശാലുവും കുട്ടിയുമൊത്ത് പാര്‍ട്ടിക്ക് പോയ സമയത്തായിരുന്നു കൊലപാതകം. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കിടപ്പുമുറിയില്‍ 26 തവണ കുത്തേറ്റ് രക്തംവാര്‍ന്ന് മരിച്ചുകിടക്കുകയായിരുന്നു വിനീത് മിനോച്ച.

ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിനീതിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ വിശാൽ ഗൗതം, രാജ് കിഷോര്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തതോടെ വിനീത് മിനോച്ചയുടെ മരുമകള്‍ ശാലു കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതാണെന്ന് വ്യക്തമായി. ആറ് ലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്തായിരുന്നു ക്വട്ടേഷന്‍. വിനീത് മിനോച്ച സ്വന്തം മകനെ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരെപ്പോലെയാണ് കണ്ടിരുന്നതെന്നും മാസശമ്പളത്തിന് അപ്പുറം ഒരു രൂപ പോലും കൊടുത്തിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസിന് ലഭിച്ച മൊഴി.

കേസില്‍ ശാലുവിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സുബ്രതിനും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. സുബ്രത്, ശാലു, കൊലപാതകം നടത്തിയ വിശാല്‍ എന്നിവരുമായി ബന്ധപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. മെയ് 1 മുതല്‍ സെപ്തംബര്‍ 6 വരെയുള്ള കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് സുബ്രതും വിശാലും 309 തവണ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തി. സെപ്തംബര്‍ 3ന് വിശാല്‍ വാങ്ങിയ പുതിയ സിമ്മില്‍ നിന്നും കൊലപാതകം നടന്ന രാത്രിയില്‍ ആറ് തവണയും വിളിച്ചു. ഇതോടെ വിനീത് മിനോച്ചയുടെ കൊലപാതകത്തില്‍ മരുമകള്‍ ശാലുവിന് മാത്രമല്ല, മകന്‍ സുബ്രതിനും പങ്കുണ്ടെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

നിലവില്‍ ജയിലിലുള്ള ശാലുവിനെയും വിശാലിനെയും കസ്റ്റഡിയില്‍ വാങ്ങി സുബ്രതിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ വിനീത് മിനോച്ചയുടെ സാമ്പത്തിക ഇടപാടുകളും 2022ലെ സ്വത്ത് വില്‍പ്പത്രവും പൊലീസ് പരിശോധിക്കുന്നുണ്ട്.

TAGS :

Next Story