Quantcast

‘നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല’ നിർമ്മല സീതാരാമന്റെ അവകാശവാദങ്ങൾക്ക് കണക്ക് നിരത്തി കേരളത്തിന്റെ മറുപടി - പൂർണരൂപം

ധനമന്ത്രി രാജ്യസഭയിൽ നടത്തിയ അവകാശവാദങ്ങളു​ടെ യാഥാർഥ്യങ്ങൾ വിശദീകരിക്കുന്ന മറുപടിയാണ് സംസ്ഥാനം പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Published:

    9 Feb 2024 5:36 AM GMT

‘നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല’ നിർമ്മല സീതാരാമന്റെ അവകാശവാദങ്ങൾക്ക് കണക്ക്  നിരത്തി കേരളത്തിന്റെ മറുപടി - പൂർണരൂപം
X

കേന്ദ്ര സർക്കാർ നികുതി വിഹിതം വെട്ടിക്കുറക്കുന്നതിനെതിരെ കേരള സമരം നടത്തിയതിന് പിന്നാലെ പാർലമെൻ്റിൽ ധനമന്ത്രി അവതരിപ്പിച്ച കണക്കുകളെ തള്ളി കേ​ന്ദ്രം. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയശേഷം 1.43 ലക്ഷം കോടി രൂപ കേരളത്തിന് മാത്രം നൽകി എന്നാണ് കേന്ദ്ര സർക്കാർ അവകാശവാദം. ഈ വാദത്തിന്റെ മുനയൊടിക്കുന്ന തരത്തിൽ വിശദമായ കുറിപ്പ് സർക്കാർ പുറത്തിറക്കി. സർക്കാർ പുറത്തിറക്കിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

1) 2004 മുതൽ 2014 വരെ (യുപിഎ കാലത്ത്‌) നികുതി വിഹിതമായി കേരളത്തിന്‌ ലഭിച്ചത്‌ 46,303 കോടി രൂപ. 2014 മുതൽ 2024 (എൻഡിഎ കാലം) കേരളത്തിന്‌ ലഭിച്ചത്‌ 1,50,140 കോടി രൂപ.

നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തിൽ കേരളത്തിന്‌ ലഭിച്ച തുക കേന്ദ്ര സർക്കാർ നിശ്ചയിച്ച്‌ ലഭ്യമാക്കിയതല്ല. ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്‌. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം രാഷ്‌ട്രപതി നിയമിക്കുന്ന ധനകാര്യ കമീഷനാണ്‌ വ്യവസ്ഥാപിതമായ പഠനം നടത്തിയശേഷം കേന്ദ്ര സർക്കാരിനു നേരിട്ട്‌ ലഭിക്കുന്ന നികുതികളുടെ കേന്ദ്ര–സംസ്ഥാന വിഹിതം സംബന്ധിച്ച ശുപാർശ നൽകുന്നത്‌.

കേന്ദ്ര സർക്കാർ നികുതി വിഹിതം കുറച്ചതായി കേരളം ആക്ഷേപം ഉന്നയിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമീഷൻ ഡിവിസിബിൾ പൂളിൽനിന്ന്‌ സംസ്ഥാനങ്ങളുടെ നികുതി വിഹിത ശതമാനം നിശ്ചയിച്ചതിൽ കേരളത്തിന്‌ വലിയ നീതികേട്‌ അനുഭവിക്കേണ്ടിവരുന്നു എന്ന കാര്യമാണ്‌ ഉന്നയിച്ചിട്ടുള്ളത്‌. ഈ നീതികേടിനുള്ള നഷ്ടപരിഹാരം കേരളത്തിന്‌ അർഹതപ്പെട്ടതാണ്‌. പല സംസ്ഥാനങ്ങൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കുന്ന കേന്ദ്ര സർക്കാർ, ഇക്കാര്യത്തിൽ കേരളത്തെകൂടി പരിഗണിക്കണമെന്നത്‌ അനർഹമായ ആവശ്യമല്ല. സ്വാഭാവിക നീതിയാണ് തേടിയത്‌.

പതിനഞ്ചാം ധന കമീഷന്റെ ശുപാർശകൾ പരിശോധിച്ചാൽ കേരളത്തോട്‌ കാട്ടിയ നീതികേട്‌ മനസിലാകും. നികുതി വിഹിതത്തിന്റെ 17.939 ശതമാനം ഉത്തർ പ്രദേശിന്‌ ലഭിക്കുന്നു. ബീഹാറിന്‌ 10.058 ശതമാനവും, മധ്യപ്രദേശിന്‌ 7.85 ശതമാനവും, മഹാരാഷ്‌ട്രയ്‌ക്ക്‌ 6.317 ശതമാനവും, ഗുജറാത്തിന്‌ 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും. ബാക്കിയെല്ലാം സംസ്ഥാനങ്ങൾക്കും ഇതിനുമുകളിൽ വിഹിതമുണ്ട്‌.

ഈ കുറവ്‌ തുറന്നുകാട്ടിയപ്പോൾ, അത്‌ അംഗീകരിക്കേണ്ടിവന്ന ധന കമീഷന്‌ കേരളം അടക്കം കുറേ സംസ്ഥാനങ്ങൾക്ക്‌ റവന്യു കമ്മി ഗ്രാന്റ്‌ അനുവദിക്കേണ്ടിവന്നു. ഇതിലും റവന്യു കുറവിന്‌ ആനുപാതികമായ പരിഗണന ലഭിച്ചില്ല. ഉയർന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്ക്‌ ഈ ഗ്രാന്റ്‌ ഇല്ലെന്ന നിലപാടും കമീഷൻ എടുത്തു. കേരളത്തിന്‌ അനുവദിച്ച ആകെ റവന്യു കമ്മി ഗ്രാന്റ്‌ 37,814 കോടി രൂപയാണ്‌. പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്ത നിവാരണം, തദ്ദേശ സ്ഥാപനങ്ങൾവഴി നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലാ ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു. (ഇതിൽ ഈ വർഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്‌). എന്നാൽ, 17.939 ശതമാനം നികുതി വിഹിതം ലഭിക്കുന്ന ഉത്തർ പ്രദേശിന്‌ അനുവദിച്ച പ്രത്യേക മേഖലാ ഗ്രാന്റ്‌ 83,995 കോടി രൂപ. മഹാരാഷ്‌ട്രയ്‌ക്ക്‌ കിട്ടിയത്‌ 61,904 കോടി. പത്തു ശതമാനത്തിലേറെ നികുതി വിഹിതം കിട്ടിയ ബീഹാറിനും 46,624 കോടിയുണ്ട്‌. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന്‌ മുന്നര ശതമാനം നികുതി വിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖലാ ഗ്രാന്റുകളും കിട്ടി.

കേരളം ഇങ്ങനെ തഴയപ്പെട്ടതിനുകാരണം ജനസംഖ്യാ നിയന്ത്രണം അടക്കം സാമൂഹിക, മാനവീയ വികസന സൂചകങ്ങളിലെ മുന്നേറ്റമാണ്‌. ധന കമീഷൻ പരിഗണനാ വിഷയങ്ങൾ നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാർ നടത്തിയ പക്ഷപാതപരമായ ഇടപെടീലാണ്‌ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നികുതി വിഹിതത്തിൽ പിന്നിലാകാൻ കാരണം.

പതിനാലാം ധന കമീഷൻ 42 ശതമാനം വിഹിതം ഡിവിസിബിൾ പൂളിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്‌തു. പതിനഞ്ചാം ധന കമീഷൻ ഒരു ശതമാനം കുറച്ച്‌ 41 ശതമാനമാണ്‌ ശുപാർശ ചെയ്‌തത്‌.

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്‌ക്കണമെന്ന നിർദേശം കേന്ദ്ര ഭരണ നേതൃത്വം പതിനാലാം ധന കമീഷനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്ന്‌, അന്ന്‌ ധന കമീഷൻ അംഗമായിരുന്ന, ഇപ്പോഴത്തെ നീതി ആയോഗ്‌ സി ഇ ഒ വെളിപ്പെടുത്തിയത്‌ അടുത്തകാലത്താണ്‌. അതിനുശേഷം സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്ത കേന്ദ്ര നികുതി വിഹിതത്തിന്റെ ഭാഗമായ സെസും സർചാർജും വൻതോതിൽ ഉയർത്തി. 2014ൽ എട്ടു ശതമാനമായിരുന്ന സെസും സർചാർജും നിലവിൽ 28.1 ശതമാനമായി ഉയർന്നു. അതായത്‌ കേന്ദ്ര നികുതി വരുമാനത്തിലെ 28 ശതമാനം തുകയിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക്‌ നൽകാതെ കേന്ദ്രം കവർന്നെടുക്കുകയാണ്‌.

2) 2004 മുതൽ 2014 വരെ (യുപിഎ കാലത്ത്‌) വിവിധ ഗ്രാന്റുകളായി കേരളത്തിന്‌ ലഭിച്ചത്‌ 25,629 കോടി രൂപ. 2014 മുതൽ 2024 (എൻഡിഎ കാലം) കേരളത്തിന്‌ ലഭിച്ചത്‌ 1,43,117 കോടി രൂപ.

* കേന്ദ്ര ധനമന്ത്രി പെരുപ്പിച്ചു കാട്ടിയ കണക്കാണിത്‌. പത്തുവർഷത്തെ നികുതി വിഹിതത്തിന്റെ കണക്കിൽ 2017–18 മുതൽ അനുവദിച്ച ജിഎസ്‌ടി നഷ്ടപരിഹാരവും ഗ്രാന്റായാണ്‌ ചിത്രീകരിക്കുന്നത്‌. പത്തുവർഷത്തിൽ നികുതി വിഹിതം അല്ലാതെയുള്ള വിവിധ കേന്ദ്ര ഗ്രാന്റുകൾ ലഭിച്ചത്‌ (കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം ഉൾപ്പെടെ) 1,53,490 കോടി രുപ. ഇതിൽ 28,791 കോടി രൂപ ജിഎസ്‌ടി നഷ്ടപിഹാരമായി ലഭിച്ച തൂകയാണ്‌. ബാക്കി 1,24,698 കോടി രൂപയാണ്‌ കേന്ദ്ര ഗ്രാന്റിനത്തിൽ ഉള്ളത്‌. ജിഎസ്‌ടി നഷ്ടപരിഹാരം തരുന്നതിന്‌ കേന്ദ്ര സർക്കാരിന്‌ ഒരു രൂപയുടെ ബാധ്യതയില്ല. ജിഎസ്‌ടി നഷ്ടപരിഹാര സെസ്‌ വഴിയാണ്‌ തുക പിരിക്കുന്നത്‌. ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി 2022 ജൂണിൽ അവസാനിപ്പിച്ചിട്ടും, കോവിഡ്‌ കാലത്ത്‌ നൽകിയ നഷ്ടപരിഹാരത്തിന്റെ പേരിൽ ഇപ്പോഴും നഷ്ടപരിഹാര സെസ്‌ പിരിക്കുന്നുണ്ട്‌.

കേന്ദ്ര ഗ്രാന്റുകൾ 2014നെ അപേക്ഷിച്ച്‌ എൻഡിഎ കാലത്ത്‌ ഉയർന്നുവെന്നതാണ്‌ മറ്റൊരു അവകാശവാദം. 2023–14ൽ കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവ്‌ 22.10 ലക്ഷം കോടി രൂപയായിരുന്നു. ഈവർഷം (അടുത്ത മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തികവർഷം) ആകെ ചെലവ്‌ 44.91 ലക്ഷം കോടി രൂപയാണ്‌. (പുതുക്കിയ അടങ്കൽ). അടുത്ത സാമ്പത്തിക വർഷം 47.65 കോടിയും.

2014നെ താരതമ്യം ചെയ്‌ത്‌ ഇപ്പോൾ, രാജ്യത്തിന്റെ ജിഡിപിയിൽ കാലികമായ വലിയ വർധന ഉണ്ടായിട്ടുണ്ട്‌. അതിനനസുരിച്ച്‌ നികുതി വരുമാനത്തിലും വലിയ വർധന ഉണ്ടായി. ജിഎസ്‌ടി നടപ്പാക്കിയതിലൂടെ നികുതി വരുമാനത്തിന്റെ 64 ശതമാനം കേന്ദ്രം കൈക്കലാക്കുന്നു. ജിഡിപി വളർച്ചയുടെ ഭാഗമായി വായ്‌പാ വരുമാനവും കുതിച്ചു. ഏതാണ്ട്‌ 17 ലക്ഷം കോടി രൂപയാണ്‌ അടുത്ത വർഷം കടമെടുക്കുന്നത്‌. വിലക്കയറ്റം ഉണ്ടാക്കിയ പണപ്പെരുപ്പത്തിന്റെ തോത്‌ ഏതാണ്ട്‌ അഞ്ചു മുതൽ എട്ടു ശതമാനം വരെയാണ്‌. ഇതെല്ലാം മറച്ചുവച്ചാണ്‌ വർധിപ്പിച്ച തുകയുടെ കണക്ക്‌ പറയുന്നത്‌.

3) കാപ്പെക്‌സ്‌ 2020–21ൽ ലഭിച്ചത്‌ 82 കോടി. 21–22ൽ ലഭിച്ചത്‌ 239 കോടി. 22–23ൽ ലഭിച്ചത്‌ 1903 കോടി

* മൂലധന നിക്ഷേപ പദ്ധതികൾക്കായുള്ള പ്രത്യേക വായ്‌പാ പദ്ധതി (കാപ്പെക്‌സ്‌) യിൽ 2020–21ൽ 11,912 കോടി രൂപയാണ്‌ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തത്‌. ഇതിൽ കേരളത്തിനായി അംഗീകരിച്ചത്‌ തുച്ഛമായ 163 കോടി രൂപ. അനുവദിച്ചതാകട്ടെ 81.50 കോടി രൂപ മാത്രവും.

2021–22ൽ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തത്‌ 95,147 കോടി രൂപ. കേരളത്തിന്‌ ലഭിച്ചതാകട്ടെ 238.50 കോടി രൂപ.

2022–23ൽ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്‌തത്‌ 95,147 കോടി രൂപ. കേരളത്തിന്‌ കിട്ടിയതാകട്ടെ 1902.74 കോടി രൂപ.

2023–24ൽ സംസ്ഥാനങ്ങൾക്കായി കഴിഞ്ഞ ഡിസംബർ ആദ്യആഴ്‌ചവരെ വിതരണം ചെയ്‌തത്‌ 97,750 കോടി രൂപ. കേരളത്തിന്‌ ഒരു രൂപപോലും തന്നില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ ഫോണുവഴി എല്ലാ കുടുംബത്തിനും ഇന്റർനെറ്റ്‌ കണക്ടുവിറ്റി ഉറപ്പാക്കൽ അടക്കം ഈവർഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു. 3000 കോടി രുപയ്‌ക്ക്‌ അർഹതയുണ്ടെന്ന്‌ പറഞ്ഞിട്ട്‌, പിന്നീട്‌ ഇത്‌ നിഷേധിച്ചു. ലൈഫ്‌ മിഷൻ പദ്ധതിയിലെ വീടുകൾക്കടക്കം കേന്ദ്ര സർക്കാർ നിർദേശിച്ച ബോർഡുകൾ സ്ഥാപിച്ചെല്ലന്ന ന്യായമാണ്‌ ഉയർത്തുന്നത്‌. ഇത്‌ വായ്‌പയാണ്‌. അമ്പത്‌ വർഷം കഴിഞ്ഞ്‌ തിരിച്ചടയ്‌ക്കേണ്ടതാണ്‌.

4) 2020–21ൽ അധിക കടമെടുപ്പ്‌ അനുവാദം ലഭിച്ചത്‌ 18,087 കോടി

* 2020–21ൽ കേരളത്തിന്‌ മാത്രമല്ല അധിക കടമെടുപ്പ്‌ അനുവാദം ലഭിച്ചത്‌. അന്ന്‌, സംസ്ഥാനങ്ങളുടെ കടമെടുപ്പ്‌ പരിധി ജിഎസ്‌ഡിപിയുടെ മൂന്നു ശതമാനത്തിൽനിന്ന്‌ അഞ്ചു ശതമാനമായി ഉയർത്താൻ നിർബന്ധിതമായപ്പോൾ കേരളത്തിനും അധിക കടമെടുപ്പ്‌ അവകാശം ലഭിക്കുകയായിരുന്നു. ഏതാണ്ട്‌ 4.28 ലക്ഷം കോടി രൂപയാണ്‌ സംസ്ഥാനങ്ങൾ അധികമായി കടമെടുത്തത്‌. അതിനെ കേരളത്തിന്‌ മാത്രം ലഭിച്ച സൗജന്യമായാണ് കേന്ദ്ര ധനമന്ത്രി ചിത്രീകരിക്കുന്നത്‌. കോവിഡിൽ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ സഹായം ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ, സ്വയം രക്ഷപ്പെടാൻ വായ്‌പാ പരിധി ഉയർത്തി കൈകഴുകുകയായിരുന്നു കേന്ദ്ര സർക്കാർ. മൂന്നര ശതമാനത്തിനുമേൽ, ഒന്നര ശതമാനം അധിക പരിധി അനുവദിച്ചതും ഉപാധികളോടെയായിരുന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ്‌, ഊർജ മേഖലയിലെ പരിഷ്‌കരണങ്ങൾ തുടങ്ങിയവയൊക്കെ സംസ്ഥാനങ്ങളുടെമേൽ നിബന്ധനയായി അടിച്ചേൽപ്പിക്കുകയും ചെയ്‌തു.

TAGS :

Next Story