Quantcast

ഖബര്‍ ലഹരിയ; അക്ഷരങ്ങളില്‍ തീ നിറച്ച പെണ്ണുങ്ങള്‍

സകല വാർപ്പുമാതൃകകളെയും ഖബര്‍ ലഹരിയ മാധ്യമ രംഗത്ത് സൃഷ്ടിച്ച വിപ്ലവത്തിന് സമാനതകളില്ല

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2022-02-11 08:26:03.0

Published:

11 Feb 2022 8:03 AM GMT

ഖബര്‍ ലഹരിയ; അക്ഷരങ്ങളില്‍ തീ നിറച്ച പെണ്ണുങ്ങള്‍
X

സ്കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ദലിത് സ്ത്രീകള്‍ കൈകൊണ്ടെഴുതി പുറത്തിറക്കിയ ഒരു പത്രം ശബ്ദമില്ലാത്തവരുടെ ശബ്ദമായി. അവരുടെ വിജയഗാഥ 20 വർഷത്തിനിപ്പുറം, 'റൈറ്റിങ് വിത്ത് ഫയർ' എന്ന ഡോക്യുമെന്‍ററിയുടെ ഓസ്കർ നോമിനേഷനിലൂടെ വീണ്ടും ആഘോഷിക്കപ്പെടുകയാണ്. ഇവിടെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്- ജാതി വിവേചനവും പുരുഷാധിപത്യവും കൊടികുത്തി വാഴുന്ന സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നുള്ള സ്ത്രീകളാണ് അക്ഷരങ്ങളിൽ തീ പടർത്തിയത്. സകല വാർപ്പുമാതൃകകളെയും തച്ചുടച്ച് അവർ മാധ്യമ പ്രവർത്തന മേഖലയിൽ സൃഷ്ടിച്ച വിപ്ലവത്തിന് സമാനതകളില്ല.


സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിരന്തര്‍ എന്ന സന്നദ്ധ സംഘടനയുടെ ഒരു സാക്ഷരതാ ക്യാമ്പില്‍ നിന്നാണ് ഖബര്‍ ലഹരിയ എന്ന പത്രത്തിന്‍റെ തുടക്കം. ഖബര്‍ ലഹരിയക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് കവിത ബുന്ദേൽഖണ്ഡിയുടേത്. സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാവും മുന്‍പ് പന്ത്രണ്ടാം വയസ്സില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായി കവിത. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാകാതെ ഇറങ്ങിപ്പോന്നു. എന്നിട്ട് സാക്ഷരതാ ക്ലാസിലൂടെ വിദ്യാഭ്യാസം തുടരാന്‍ സ്വന്തം മാതാപിതാക്കളുടെ വരെ എതിര്‍പ്പിനെ മറികടക്കേണ്ടിവന്നെന്ന് കവിത പറയുന്നു. ഒരു ദിവസം, ഗ്രാമത്തിലെ ഏതെങ്കിലും പ്രശ്‌നത്തെപ്പറ്റി വാര്‍ത്ത തയ്യാറാക്കാന്‍ അസൈന്‍മെന്‍റ് ലഭിച്ചു. കവിതയുടെ എഴുത്തിന് നിറയെ കയ്യടി കിട്ടി. കവിത വീണ്ടും വീണ്ടും എഴുതി. അങ്ങനെയാണ് എന്തുകൊണ്ട് ഒരു പത്രമായിക്കൂടാ എന്ന ചിന്ത ഉരുത്തിരിഞ്ഞത്.


2002 മെയ് 30ന് ഉത്തര്‍പ്രദേശിലെ ചിത്രകൂടിലെ കര്‍വി എന്ന ചെറുപട്ടണത്തില്‍ നിന്ന് ബുന്ദേലി ഭാഷയില്‍ ഖബര്‍ ലഹരിയ പുറത്തിറങ്ങി. വാര്‍ത്ത എഴുതുന്നതും എഡിറ്റ് ചെയ്യുന്നതും പത്രം അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും എല്ലാം സ്ത്രീകളാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നാട്ടിൻപുറത്തെ ദലിത് സ്ത്രീകൾ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ പത്രമായി ഖബര്‍ ലഹരിയ. ആദ്യ കാലത്ത് ആറ് പേരാണ് പത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കൈകൊണ്ടെഴുതിയാണ് പത്രം പുറത്തിറക്കിയിരുന്നത്. പിന്നീട് ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ബിഹാറിലെയും 600 ഗ്രാമങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ എട്ടു പേജ് പത്രം എത്താൻ തുടങ്ങി. ബുന്ദേലിക്ക് പുറമേ ബജ്ജിക, അവാധി, ഭോജ്പൂരി എന്നിങ്ങനെ പ്രാദേശിക ഭാഷകളിലായാണ് ഖബര്‍ ലഹരിയ പുറത്തിറങ്ങിയത്. കാലത്തിനൊപ്പം സഞ്ചരിച്ച പത്രം 2013ല്‍ ഡിജിറ്റല്‍ എഡിഷന്‍ തുടങ്ങി. ഇപ്പോള്‍ യു ട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് ഖബര്‍ ലഹരിയ. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലൂടെ 10 മില്യണ്‍ പേരിലേക്ക് ഇന്ന് ഖബര്‍ ലഹരിയ എത്തുന്നു.


ഖബര്‍ ലഹരിയയും വനിതാ മാധ്യമപ്രവര്‍ത്തകരും പിന്നിട്ട 20 വര്‍ഷങ്ങള്‍ ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ദലിത് സ്ത്രീകളെ മാധ്യമപ്രവര്‍ത്തകരായി കാണാനേ കഴിയാത്ത സമൂഹമായിരുന്നു അതെന്ന് പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ മീരാദേവി പറയുന്നു. ഇങ്ങനയൊരു പത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് അച്ചാറും പപ്പടവുമുണ്ടാക്കാന്‍ പരിശീലനം നല്‍കൂ എന്നായിരുന്നുവത്രേ ജില്ലാകലക്ടറുടെ പ്രതികരണം. വാര്‍ത്ത തയ്യാറാക്കാനായി വിവരങ്ങള്‍ തേടിയിറങ്ങിയപ്പോള്‍ അധികൃതരില്‍ നിന്ന് അധിക്ഷേപവും ഭീഷണിയും നേരിടേണ്ടിവന്നു. വീടിനുള്ളിലെ സാഹചര്യവും ഒട്ടും അനുകൂലമായിരുന്നില്ല. അടുക്കളയിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കരുതിയിരുന്ന ആ സമൂഹത്തില്‍, ഭാര്യമാര്‍ വാര്‍ത്തയ്ക്ക് പിന്നാലെ യാത്ര ചെയ്യുന്നതും രാത്രി വൈകി തിരിച്ചെത്തുന്നതും ഭര്‍ത്താക്കന്മാര്‍ക്ക് അംഗീകരിക്കാനായില്ല. കാലക്രമത്തില്‍ നാട്ടുകാരുടെ മനോഭാവം മാറി. ആ വനിതാ മാധ്യമപ്രവര്‍ത്തകരെ അധികൃതരും ഗ്രാമത്തിലെ സാധാരണക്കാരുമെല്ലാം തിരിച്ചറിയാനും അംഗീകരിക്കാനും തുടങ്ങി.


സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, ദലിതര്‍ക്കു നേരെയുള്ള ക്രൂരതകള്‍, കര്‍ഷകരുടെ പ്രതിസന്ധി, കുടിവെള്ളം, ഓവുചാല്‍, ആരോഗ്യം തുടങ്ങി ഗ്രാമത്തിലെ പ്രശ്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഖബര്‍ ലഹരിയയില്‍ വന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച പല വാര്‍ത്തകള്‍ക്കും പിന്നാലെ ധൈര്യപൂര്‍വം ഖബര്‍ ലഹരിയയിലെ മാധ്യമ പ്രവര്‍ത്തകര്‍ പോയി. വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയല്ല, ഇംപാക്റ്റ് ഉറപ്പുവരുത്തി. പിന്നീട് ദേശീയ-അന്തര്‍ ദേശീയ വിഷയങ്ങള്‍ ഉള്‍പ്പെടെ ആധികാരികമായി അവതരിപ്പിക്കാന്‍ തുടങ്ങി. തേച്ചുമിനുക്കിയ ഭാഷയില്ലാതെ, വാർത്തയെഴുത്തിലെ എല്ലാ പതിവുകളും തെറ്റിച്ച ആ വാർത്തകൾ, ഗ്രാമീണരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. അപരിചിതമായിരുന്ന സാങ്കേതിക വിദ്യകൾ പഠിച്ചെടുത്ത് മൊബൈൽ ഫോണും മൈക്കുമായി അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി.


ഇന്ന് ആഗോള മാദ്ധ്യമ സമ്മേളനങ്ങളില്‍ പ്രാദേശിക ഭാഷ മാത്രം കൈമുതലാക്കി ഖബര്‍ ലഹരിയയിലെ മാധ്യമപ്രവര്‍ത്തകര്‍ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നു. ചമേലി ജെയിന്‍ പുരസ്‌കാരം, യുനെസ്‌കോയുടെ ലിറ്ററസി പുരസ്കാരം, അമേസിങ് ഇന്ത്യാ അവാര്‍ഡ്, കൈഫി ആസ്മി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഖബർ ലഹരിയയെ തേടിയെത്തി. ചീഫ് എഡിറ്റർ കവിത ബുന്ദേൽഖണ്ഡി എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയിലെ ഏക ദലിത് അംഗമാണ്. ഖബര്‍ ലഹരിയ എന്നാല്‍ വാര്‍ത്താ തരംഗം എന്നാണ് അര്‍ഥം. കവിതയും മീരാദേവിയും തുടങ്ങിവെച്ച വാര്‍ത്താ വിപ്ലവം പുതിയ തലമുറയിലേക്കും തരംഗമായി പടരുകയാണ്.

TAGS :

Next Story