Quantcast

‘ബി.ജെ.പിയിൽ വീർപ്പുമുട്ടൽ അനുഭവിക്കുന്നു’; കോൺഗ്രസിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് ചിന്ദ്വാര മേയർ

ഏപ്രിൽ ഒന്നിനാണ് വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    19 April 2024 11:03 AM GMT

vikram ahake
X

ഭോപ്പാൽ: അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന മധ്യപ്രദേശിലെ ചിന്ദ്വാര മേയർ കോൺഗ്രസിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു. വിക്രം അഹാകെയാണ് കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ മകനുമായ നകുൽ നാഥിന് വോട്ട് ചെയ്യാൻ ജനങ്ങളോട് അഭ്യർഥിച്ചത്.

‘ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ എനിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. ചിന്ദ്വാര വികസിപ്പിച്ച ഒരു വ്യക്തിയുമായി താൻ ശരിയായ കാര്യം ചെയ്യുന്നില്ലെന്ന് തോന്നി’ -സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അഹാകെ പറഞ്ഞു.

നകുൽ നാഥ് എപ്പോഴും മണ്ഡലത്തിൻ്റെ പുരോഗതിക്കായി സ്വയം സമർപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലും ജനങ്ങൾക്ക് ചികിത്സ നൽകുന്നതിലും വികസന പ്രവർത്തനങ്ങളിലുമെല്ലാം ഒരുപാട് കാര്യങ്ങളാണ് ചെയ്തത്.

ഭാവിയിൽ തനിക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ലഭിക്കും. പക്ഷേ, ഇന്ന് തൻ്റെ നേതാവ് കമൽനാഥിനും നകുൽ നാഥിനും ഒപ്പം നിന്നില്ലെങ്കിൽ... അവർ എനിക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. നകുൽ നാഥിൻ്റെ വിജയം വൻ ഭൂരിപക്ഷത്തിൽ ഉറപ്പാക്കാൻ വോട്ടർമാരോട് അഭ്യർഥിക്കുന്നു’ -അഹാകെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

നകുൽ നാഥിനെതിരെ ബി.ജെ.പിയിലെ വിവേക് ​​ബണ്ടി സാഹുവാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പല മുതിർന്ന നേതാക്കളും അദ്ദേഹത്തിനായി പ്രചാരണത്തിന് മണ്ഡലത്തിൽ എത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിൽ ഒന്നാണ് ചിന്ദ്വാര.

ഏപ്രിൽ ഒന്നിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെയും സംസ്ഥാന പാർട്ടി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമ്മയുടെയും സാന്നിധ്യത്തിലാണ് ചിന്ദ്വാര മേയർ വിക്രം അഹാകെ ബി.ജെ.പിയിൽ ചേർന്നത്.

മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിൽ 2019ൽ കോൺഗ്രസ് വിജയിച്ച ഏക മണ്ഡലമാണ് ചിന്ദ്വാര. മുൻ മുഖ്യമന്ത്രി കമൽ നാഥ് ഇവിടെ നിന്ന് ഒമ്പത് തവണ വിജയിച്ചിട്ടുണ്ട്.

TAGS :

Next Story