Quantcast

'ജോലി' മൊബൈൽ ഫോണ്‍ മോഷണം, ശമ്പളം 25,000 രൂപ!; രണ്ടുപേർ അറസ്റ്റിൽ

ഇവരിൽ നിന്ന് 29 ഐഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളുമടക്കം 58 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    13 Feb 2024 12:57 PM GMT

Ahmedabad,Mobile theft, arrest, steal mobile phones,Mobile theft job,crimenews,latest national news,മൊബൈല്‍മോഷണം,അഹമ്മദാബാദ്,ഗുജറാത്ത് ക്രൈം,മൊബൈല്‍ ഫോണ്‍,
X

അഹമ്മദാബാദ്: മൊബൈൽ മോഷ്ടിക്കാൻ മാസ ശമ്പളത്തിന് 'ജോലി' ചെയ്തിരുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് രണ്ടുപേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മൊബൈൽ മോഷ്ടിക്കാൻ മാസം 25,000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന അവിനാഷ് മഹാതോ (19), ശ്യാം കുർമി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 29 ഐഫോണുകളും ഒമ്പത് വൺപ്ലസ് ഫോണുകളുമടക്കം 58 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.20.60 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ ബംഗ്ലാദേശ്,നേപ്പാൾ എന്നിവടങ്ങിലേക്കാണ് കടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.

അവിനാഷും ശ്യാമും ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പിടിയിലായ അവിനാഷിന്റെ ജ്യേഷ്ഠൻ പിന്റു മഹാതോയും രാഹുൽ മഹാതോയും ഗുജറാത്തിലെ മൊബൈൽ മോഷ്ടാക്കളാണ്. മോഷണത്തിൽ ഇവരെ സഹായിക്കാനായി അവിനാഷിനോടും ശ്യാമിനോടും ആവശ്യപ്പെടുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന് പ്രതിമാസം 25,000 രൂപ സ്ഥിര ശമ്പളം നൽകുമെന്നും വാഗ്ദാനം ചെയ്തു. തിരക്കേറിയ സ്ഥലങ്ങളിൽ പോയി ഫോൺ മോഷ്ടിക്കുന്നതിന് 45 ദിവസം പരിശീലനം നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ടുപേരടങ്ങുന്ന സംഘങ്ങളായാണ് ഇവർ മോഷണം നടത്താറ്. ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ഒരാൾ ബാഗുമായി ദൂരെ മാറി നിൽക്കും. സംഘത്തിലെ ഒരാൾ ഫോൺ മോഷ്ടിച്ച് രണ്ടാമത്തെ ആൾക്ക് കൈമാറും. രണ്ടാമൻ അത് ബാഗുമായി നിൽക്കുന്ന ആളെ ഏൽപ്പിച്ച് ആൾക്കൂട്ടത്തിലേക്ക് മറയും. ആരെങ്കിലും പിടിക്കപ്പെട്ടാൽ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയും ചെയ്യും. അഹമ്മദാബാദ്, ഗാന്ധിനഗർ, വഡോദര, ആനന്ദ്, രാജ്കോട്ട് എന്നിവിടങ്ങളിൽ ഇത്തരം മോഷണങ്ങൾ നടത്തിയതായി ഇരുവരും മൊഴി നൽകിയിട്ടുണ്ട്. സൂറത്ത് റെയിൽവേ സ്റ്റേഷനു സമീപം വാടക വീടെടുത്താണ് മോഷണം നടത്തുന്നത്. മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് 19 പരാതികളാണ് ഈ മേഖലകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

TAGS :

Next Story