Quantcast

അക്ബറും സീതയും ഇനി സൂരജും തനായയും; സിംഹങ്ങള്‍ക്ക് പുതിയ പേരുമായി ബംഗാള്‍ സര്‍ക്കാര്‍

കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാൾ സർക്കാർ പേരുകള്‍ കൈമാറി

MediaOne Logo

Web Desk

  • Updated:

    2024-04-18 04:11:19.0

Published:

18 April 2024 3:34 AM GMT

sita akbar lion
X

അക്ബറും സീതയും

കൊല്‍ക്കത്ത: അക്ബർ, സീത സിംഹങ്ങളുടെ പേരുമാറ്റ വിവാദത്തിൽ പുതിയ പേരുമായി പശ്ചിമബംഗാൾ സർക്കാർ. അക്ബറിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമബംഗാൾ സർക്കാർ പേരുകള്‍ കൈമാറി.

കേന്ദ്ര മൃഗശാല അതോറിറ്റി ശിപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക.

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് വിവാദമായിരുന്നു. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിൽ ഹരജി സമർപ്പിക്കുകയും ചെയ്തിരുന്നു.

സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി പറഞ്ഞിരുന്നു. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. മൃഗങ്ങൾക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര് നൽകുമോയെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് ഈ പേരുകള്‍ നല്‍കിയത് ത്രിപുരയാണെന്നായിരുന്നു ബംഗാൾ സര്‍ക്കാരിന്‍റെ വാദം.

ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കൽ പാർക്കിലാണ് ജനിച്ച് വളർന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടിൽ കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.

TAGS :

Next Story