Quantcast

സി.എ.എ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി എപ്രിൽ 9 ലേക്ക് മാറ്റി

മൂന്നാഴ്ചക്കകം കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് സുപ്രിം കോടതി

MediaOne Logo

Web Desk

  • Updated:

    2024-03-19 09:28:46.0

Published:

19 March 2024 9:07 AM GMT

സി.എ.എ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി എപ്രിൽ 9 ലേക്ക്  മാറ്റി
X

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിം കോടതി എപ്രിൽ ഒമ്പതി​ലേക്ക് മാറ്റിവെച്ചു. ഉപഹരജികളിൽ മറുപടി നൽകാൻ നാല് ആഴ്ചവേണമെന്ന് കേ​ന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ച സുപ്രിം കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്.

മുസ്‍ലിം ലീഗ്, ഡി.വൈ.എഫ്‌.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, കേരള സർക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികൾ മുൻവിധിയോടെയെന്നും കേന്ദ്രം വാദിച്ചു. ഉപഹരജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ച സാവകാശം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സാവകാശം ചോദിക്കാൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. ഇത് പരിഗണിച്ചാണ് സുപ്രിംകോടതി മൂന്നാഴ്ച സമയം അനുവദിച്ചത്.

അതെ സമയം എല്ലാ ഹരജിക്കാര്‍ക്കുമായി ഒരു നോഡല്‍ അഭിഭാഷകന്‍ വേണമെന്ന് കോടതി പറഞ്ഞു. അവർ ആവശ്യങ്ങള്‍ ഒരുമിച്ച് എഴുതി ഏപ്രില്‍ രണ്ടിനകം നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. അഞ്ച് പേജില്‍ കൂടരുതെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു​. അസം, ത്രിപുര ഹരജികളില്‍ പ്രത്യേകം നോഡല്‍ അഭിഭാഷകനെ വെക്കാമെന്നും കോടതി പറഞ്ഞു

നാല് വർഷത്തിന് ശേഷമാണു കേന്ദ്രം വിജ്ഞാപനം ഇറക്കിയതെന്ന് മുസ്‌ലിം ലീഗ് വാദിച്ചു. ആർക്കെങ്കിലും പൗരത്വം ലഭിച്ചാൽ ഹരജികൾ നിലനിൽക്കില്ല.ചട്ടങ്ങള്‍ നിലവില്‍ വന്നത് ഇപ്പോഴാണ്, അതിനാലാണ് സ്‌റ്റേ ആവശ്യപ്പെടുന്നതെന്ന് ഹരജിക്കാര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം വിശദമായി വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഉറപ്പ്. ഈ ഉറപ്പിന് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാൻ വിജ്ഞാപനം ഇറക്കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് പൗരത്വ നിയമമെന്നും ഹരജിക്കാർ വാദിച്ചത്. ഒരു മതത്തെ മാത്രം മാറ്റി നിര്‍ത്തി പൗരത്വം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിക്കാര്‍ പറയുന്നു.

നിലവിൽ പൗരത്വം നൽകുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല, അതിനു കൂടുതൽ സമയം എടുക്കും അതിനാലാണ് സ്റ്റേ എന്നാവശ്യ കോടതി അംഗീകരിക്കാത്തതെന്ന് മുസ്‍ലിം ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ പറഞ്ഞു. മൂന്ന് ആഴ്ച്ചയ്ക്കുള്ളിൽ പൗരത്വ നടപടികൾ തുടങ്ങിയാൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story