Quantcast

ക്ഷത്രിയ രോഷത്തിൽ തിളച്ച് രാജ്‌കോട്ട്; ഗുജറാത്തിൽ ബിജെപിക്ക് തലവേദന

രാജ്കോട്ട് സ്ഥാനാര്‍ത്ഥി പുരുഷോത്തം രുപാലയെ പിന്‍വലിക്കണമെന്ന് ആവശ്യം

MediaOne Logo

Web Desk

  • Published:

    6 April 2024 10:21 AM GMT

purushottam rupala
X

അഹമ്മദാബാദ്: 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ ഗുജറാത്തിൽ പാർട്ടിക്ക് അപ്രതീക്ഷിത ആഘാതം. രാജ്‌കോട്ടിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ പുരുഷോത്തം രുപാലയുടെ ക്ഷത്രിയ വിരുദ്ധ പരാമർശമാണ് പാർട്ടിയെ വെട്ടിലാക്കിയത്. രുപാലയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രജ്പുതുകള്‍ രംഗത്തെത്തി. കംഭാലിയയിൽ ശനിയാഴ്ച പാർട്ടി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ പങ്കെടുത്ത പരിപാടിയിലും പ്രതിഷേധമുണ്ടായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

'ക്ഷത്രിയർ ബ്രിട്ടീഷ് പീഡനത്തിന് മുന്നിൽ തലകുനിച്ചു. മക്കളെ വിവാഹം ചെയ്തു നൽകിയും ഭക്ഷണം പങ്കിട്ടും വിദേശഭരണാധികാരികളുമായി സൗഹൃദബന്ധം പുലർത്താൻ ശ്രമിച്ചു. ദളിതർ അങ്ങനെ ചെയ്തില്ല' എന്ന് മാർച്ച് 22ന് രുപാലി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴി വച്ചത്. പ്രസ്താവനയിൽ രുപാലി രണ്ടു തവണ മാപ്പു ചോദിച്ചെങ്കിലും പ്രതിഷേധം ഒടുങ്ങിയിട്ടില്ല. സ്ഥാനാർത്ഥിത്വം ഒഴിവാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സംഘടന ക്ഷത്രിയ സമാജ് വ്യക്തമാക്കി. രജ്പുത് നേതാവായ പദ്മിനിബാ വാലയുടെ നേതൃത്വത്തിൽ ഉപവാസസമരവും നടക്കുന്നുണ്ട്. രുപാലയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.



ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംസ്ഥാനത്തിന്റെ പുറത്തേക്ക് വ്യാപിപ്പിക്കുമെന്നാണ് ക്ഷത്രിയ സമാജ് പറയുന്നത്. പ്രശ്‌നപരിഹാരത്തിനായി മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദ്ര സിൻഹ് ചുദാസമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പ്രതിഷേധക്കാരുമായി ചർച്ച നടത്തിയിരുന്നു. ക്ഷത്രിയ വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധം സൗരാഷ്ട്ര-കച്ച് മേഖലയിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സംസ്ഥാന ജനസംഖ്യയിലെ 17 ശതമാനമാണ് രജ്പുതുകൾ.

TAGS :

Next Story