Quantcast

എലേന ഫെരാന്റേ ആരുടെ തൂലികാ നാമമാണെന്ന് കണ്ടെത്തി

MediaOne Logo

Subin

  • Published:

    2 Jun 2017 4:27 AM GMT

എലേന ഫെരാന്റേ ആരുടെ തൂലികാ നാമമാണെന്ന് കണ്ടെത്തി
X

എലേന ഫെരാന്റേ ആരുടെ തൂലികാ നാമമാണെന്ന് കണ്ടെത്തി

ഇറ്റലിക്കാരിയായ വിവര്‍ത്തക അനിതാ രായയാണ് അതെന്നാണ് ക്ലോഡിയോ പുറത്ത് വിട്ട വിവരം.

സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹത ചുരുളഴിഞ്ഞു. ഇത് വരെ അജ്ഞാതയായിരുന്ന എലേന ഫെരാന്റേ എന്ന നോവലിസ്റ്റ് ആരാണെന്ന വിവരം ക്ലോഡിയോ ഗാട്ടി എന്ന മാധ്യമപ്രവര്‍ത്തകന്‍ അന്വേഷിച്ച് കണ്ടെത്തി. ഇറ്റലിക്കാരിയായ വിവര്‍ത്തക അനിതാ രായയാണ് അതെന്നാണ് ക്ലോഡിയോ പുറത്ത് വിട്ട വിവരം.

അനിതാ രായ ഇറ്റലിയില്‍ മാത്രം അറിയപ്പെടുന്ന ഒരു വിവര്‍ത്തകയാണ്. നേപ്പിള്‍സില്‍ ജനിച്ച് റോമില്‍ താമസമാക്കിയ അവര്‍ കാഫ്കയുടെ ദ ട്രയല്‍ ഉള്‍പ്പടെ ജര്‍മന്‍, ഫ്രഞ്ച്, ആസ്ട്രിയന്‍ ഭാഷകളിലെ നിരവധി കൃതികള്‍ ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലുമുണ്ട് അവരുടെ വിവര്‍ത്തന കൃതികള്‍. ഗൂഗിളില്‍ അവരുടെ ഒരു ചിത്രമോ വിക്കിപീഡിയ പേജോ നിലവിലുണ്ടായിരുന്നില്ല.

എലേന ഫെറാന്റെ ലോകപ്രശസ്തയായ ഒരു തൂലികനാമമാണ്. അത് തൂലികനാമമാണെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആരുടേതാണെന്ന് ലോകത്തുള്ള ലക്ഷക്കണക്കിന് ആരാധകര്‍ക്കറിയുമായിരുന്നില്ല. നെപ്പോലിറ്റന്‍ നോവലുകള്‍ എന്ന പേരില്‍ നാല് ഭാഗങ്ങളുള്ള നോവല്‍ പരമ്പര അവരെ ഏറെ പ്രശസ്തയാക്കി. ദ സ്‌റ്റോറി ഓഫ് ദ ലോസ്റ്റ് ചൈല്‍ഡ്, ദ സ്‌റ്റോറി ഓഫ് എ ന്യൂ നെയിം, ദോസ് ഹു ലീവ് ആന്‍ഡ് ദോസ് ഹു സ്‌റ്റേ, മൈ ബ്രില്യന്റ് ഫ്രണ്ട് തുടങ്ങിയ നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതോടെ ഇവര്‍ ലോകപ്രശസ്തയായി മാറി.

ഇവരുടെ പുസ്തകങ്ങളുടെ ആരാധകരുടെ ആകാംക്ഷയാണ് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ക്ലോഡിയോ ഗാട്ടി അവസാനിപ്പിച്ചത്. ഇവരുടെ പുസ്തകങ്ങളുടെ റോയല്‍റ്റി സംബന്ധിച്ച രേഖകള്‍ കരസ്ഥമാക്കിയാണ് എലേന ഫെറാന്റെ അനിതാ രായയുടെ തൂലികാനാമമാണെന്ന് തെളിയിച്ചത്. ഇതിനോട് അനിതാ രായ പ്രതികരിച്ചിട്ടില്ല.

എഴുത്തുകാരുടെ സ്വകാര്യത മാനിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മര്യാദ കാണിക്കണമെന്ന് ഇവരുടെ പ്രസാധകര്‍ പ്രതികരിച്ചു. എന്നാല്‍, അനിത ഒരു പൊതുവ്യക്തിത്വമായതിനാലാണ് താന്‍ ഈ രഹസ്യം അനാവരണം ചെയ്തതെന്ന് ക്ലോഡിയോ ഗാട്ടി പ്രതികരിച്ചു.

TAGS :

Next Story