ചേരിചേരാ സമ്മേളനം തുടങ്ങി

ചേരിചേരാ സമ്മേളനം തുടങ്ങി
ചേരിചേരാ രാഷ്ട്രങ്ങളുടെ 17മത് സമ്മേളനത്തിന് വെനസ്വേലയില്‍ തുടക്കമായി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്
ചേരിചേരാ രാഷ്ട്രങ്ങളുടെ 17മത് സമ്മേളനത്തിന് വെനസ്വേലയില്‍ തുടക്കമായി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ആണവ നിര്‍വ്യാപനം, ഐക്യരാഷ്ട്രസഭ പുനസംഘടന, ഭീകരവാദം മുതലായ നിര്‍ണായക വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ശീതയുദ്ധ കാലത്ത് അമേരിക്കയുടെയും റഷ്യയുടെയും ഭാഗം ചേരാതെ നിലകൊണ്ട 120 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ സഖ്യം. കാലാന്തരത്തില്‍ ഈ കൂട്ടായ്മയുടെ പ്രസക്തി നഷ്ടമായതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് വെനിസ്വേല സമ്മേളനം. വളരെ കുറച്ച് രാജ്യങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ് 17 മത് സമ്മേളനത്തിന് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ചരണ്‍ സിങിന് ശേഷം ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കാത്ത രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ പുനസംഘടിപ്പിക്കണമെന്നും ഇതിന് പ്രേരിപ്പിക്കാന്‍ ചേരിചേരാ സഖ്യത്തിന് ശക്തിയുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുരോ പറഞ്ഞു.
സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വെനിസ്വേല പ്രസിഡന്റിനെ അനുകൂലിച്ചു. വികസിത രാജ്യങ്ങള്‍ക്കെന്ന പോലെ ഇറാനും ആണവശക്തി വികസിപ്പിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. അമേരിക്കയുമായി സഹകരിക്കുമ്പോഴും ചേരിചേരാ നയത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനിസ്വേല സമ്മേളന നടത്തിപ്പിനായി പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്. പല രാജ്യങ്ങളുടെയും പ്രതിനിധ്യം ഉറപ്പിക്കാന്‍ സംഘാടകര്‍ പരിശ്രമിച്ചില്ല. സമ്മേളന വേദിയിലേക്കുള്ള റോഡുകള്‍ മോടി പിടിപ്പിക്കാനോ ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സജ്ജമാക്കാനോ ശ്രമം ഉണ്ടായില്ല. സുരക്ഷ ക്രമീകരണങ്ങളിലും പാളിച്ചകളുണ്ട്. അസൌകര്യങ്ങളില്‍ പല പ്രതിനിധികളും അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

