Quantcast

യുഎന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

MediaOne Logo

Sithara

  • Published:

    12 May 2018 9:06 AM GMT

യുഎന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം
X

യുഎന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

അഭയാര്‍ഥി പ്രശ്നമാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ടകളില്‍ ഒന്ന്

യുഎന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. അഭയാര്‍ഥി പ്രശ്നമാണ് സമ്മേളനത്തിന്‍റെ പ്രധാന അജണ്ടകളില്‍ ഒന്ന്. അടുത്ത രണ്ട് വര്‍ഷം അഭയാര്‍ഥികളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെടുന്ന പ്രമേയത്തില്‍ വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകദേശ ധാരണയായി. ആഗോള താപനവുമടക്കമുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. സ്ഥാനമൊഴിയുന്ന സെക്രട്ടറി ജനറല്‍ ബാന്‍കിമൂണിന്റെ പകരക്കാരനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ കൂടി സമ്മേളനത്തിലുണ്ടാവും.

ലോകരാജ്യങ്ങളിലെ പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോള താപനം മുതല്‍ അഭയാര്‍ഥി പ്രശ്നം വരെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും. ഉത്തര കൊറിയയുടെ ആണവ പരീക്ഷണവും സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത് അടക്കമുള്ള പുതിയ സംഭവവികാസങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കപ്പെടും. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് ഒഴിയുന്ന ബാന്‍ കി മൂണിന്റെ പകരക്കാരനെ സംബന്ധിച്ച ചരടുവലികള്‍ക്കും സമ്മേളനം വേദിയാകുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വന്‍ശക്തി രാഷ്ട്രങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചാവും പുതിയ സെക്രട്ടറി ജനറലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.

ചരിത്രത്തിലാദ്യമായി അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക യോഗം സമ്മേളനത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍, നേരത്തേ യുഎന്‍ മുന്നാട്ടുവെച്ച, എല്ലാ വര്‍ഷവും 10 ശതമാനം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനുള്ള നിര്‍ദേശം മിക്ക രാജ്യങ്ങളും തള്ളിയ സാഹചര്യത്തില്‍ ചര്‍ച്ച വിജയം കാണാന്‍ സാധ്യതയില്ല. ചൊവ്വാഴ്ച അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പ്രത്യേകം യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ ചില രാജ്യങ്ങളെങ്കിലും സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരിസ് കരാറിനെക്കുറിച്ച് ബുധനാഴ്ച ചര്‍ച്ച നടക്കും.

193 അംഗരാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ വിവിധ വിഷയങ്ങളില്‍ സ്വകാര്യ ചര്‍ച്ചകളും ഉണ്ടാകും. സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രത്തലവന്മാരുമായും മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തും.

TAGS :

Next Story