Quantcast

മിസൈല്‍ പരീക്ഷണം ; ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത്

MediaOne Logo

Jaisy

  • Published:

    26 May 2018 2:00 PM IST

മിസൈല്‍ പരീക്ഷണം ; ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത്
X

മിസൈല്‍ പരീക്ഷണം ; ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത്

ഉത്തര കൊറിയ പുതിയതായി വികസിപ്പിച്ച ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് താക്കീതുമായി അമേരിക്ക രംഗത്ത് വന്നത്

ഉപരോധം മറികടന്നും മിസൈല്‍ പരീക്ഷണം ആവര്‍ത്തിക്കുന്ന ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത്. ഉത്തര കൊറിയയുമായി യുദ്ധം വേണ്ടിവന്നാല്‍ പ്രത്യാഘാതം ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കുമെന്ന് പ്രതിരോധ മേധാവി ജെയിംസ് മാറ്റിസ് മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയ പുതിയതായി വികസിപ്പിച്ച ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് താക്കീതുമായി അമേരിക്ക രംഗത്ത് വന്നത്. ഉത്തര കൊറിയ പ്രകോപനം തുടര്‍ന്നാല്‍ യുദ്ധമായിരിക്കും ഫലം. അങ്ങനെയെങ്കില്‍ കൊറിയക്കുണ്ടാകുന്ന ദുരിതം പ്രതീക്ഷിക്കാവുന്നതിലും വലുതായിരിക്കുമെന്ന് യു എസ് പ്രതിരോധ മേധാവി ജെയിംസ് മാറ്റിസ് മുന്നറിയിപ്പ് നല്‍കി.

തുടര്‍ച്ചയായ പരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയ മിസൈല്‍ സാങ്കേതിക രംഗത്ത് ഒരുപാട് ദൂരം മുന്നേറിയതായി മാറ്റിസ് പറഞ്ഞു. ഞായറാഴ്ച പരീക്ഷിച്ച ദീര്‍ഘദൂര മിസൈല്‍ വിജയമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയന്‍ നീക്കങ്ങളെ നേരിടാന്‍ അമേരിക്കയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

ഏതു നിമിഷവും തിരിച്ചടിക്കാന്‍ തയ്യാറായി യുദ്ധവിമാനങ്ങളടക്കം സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു. യുദ്ധം ഒഴിവാക്കാന്‍ ഉത്തര കൊറിയക്കുമേല്‍ എത്രയും വേഗം അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ചെലുത്തുകയാകും നല്ലതെന്ന് മാറ്റിസ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ തകര്‍ക്കാന്‍ ആണവായുധങ്ങള്‍ കോപ്പുകൂട്ടുകയാണ് ഉത്തര കൊറിയ. ഇതിന് പുറമെ ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് വന്‍ തോതിലുള്ള സൈനിക വിന്യാസവും ഉത്തര കൊറിയ നടത്തിയിട്ടുണ്ട്.

TAGS :

Next Story