Quantcast

വികാരനിര്‍ഭരം യാത്രയയ്പ്പ്; ഐക്യദാര്‍ഢ്യം കൈവിടരുതെന്ന് ഒബാമ

MediaOne Logo

Khasida

  • Published:

    1 Jun 2018 2:18 PM GMT

വികാരനിര്‍ഭരം യാത്രയയ്പ്പ്; ഐക്യദാര്‍ഢ്യം കൈവിടരുതെന്ന് ഒബാമ
X

വികാരനിര്‍ഭരം യാത്രയയ്പ്പ്; ഐക്യദാര്‍ഢ്യം കൈവിടരുതെന്ന് ഒബാമ

ഭരണകാലയളവില്‍ രാജ്യത്തുണ്ടായ നേട്ടം പ്രസംഗത്തില്‍ വിഷയമായി

ഭരണനേട്ടങ്ങളും രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കയും പങ്കവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം. ഷിക്കാഗോയില്‍ വികാര നിര്‍ഭരമായ യാത്രയയ്പ്പാണ് ഒബാമക്കും കുടുംബത്തിനും നല്‍കിയത്. ജനാധിപത്യം നിലനിര്‍ത്താനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം ജനുവരി 20 ന് ശേഷവും തുടരണമെന്ന് ഒബാമ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ തന്റെ സുപ്രധാന ഭാരണ നേട്ടങ്ങളും ഒബാമ എടുത്തു പറഞ്ഞു.

ഐക്യദാര്‍ഢ്യമാണ് ജനാധിപത്യത്തിന്റെ അടിത്തറകളില്‍ പ്രധാനമെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഐക്യദാര്‍ഢ്യം എല്ലാവരോടും നമ്മള്‍ പുലര്‍ത്തി. ജനാധിപത്യം നിലനില്‍ക്കാന്‍ അത് അത്യാവശ്യമാണ്. രാജ്യത്തെ കറുത്ത വര്‍ഗക്കാര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും വേണ്ടി നമ്മള്‍ നിലകൊണ്ടു. വിവേചനമുള്ള ജനാധിപത്യം അപകടമാണ്. അതുകൊണ്ടാണ് മുസ്‍ലിംകള്‍ക്കെതിരായ വിവേചനത്തെ താന്‍ എതിര്‍ത്തു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷത്തെ നേട്ടങ്ങളും അമേരിക്കയെ കുറിച്ചുള്ള സ്വപ്നങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നു വന്നു. ഇത്രയും കാലം തനിക്ക് നല്‍കിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇറാഖിലെയും അഫ്ഗാനിസ്താനിലെയും ധീരരായ സൈനികരെ നാം തിരികെ കൊണ്ടുവന്നു. നന്മക്ക് വേണ്ടിയുള്ള യുദ്ധത്തിനിടെ ബിന്‍ലാദനെയും നിരവധി തീവ്രവാദികളെയും കീഴ്പെടുത്താന്‍ കഴിഞ്ഞുവെന്നായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തിന്റെ അവസാന ഒരുക്കങ്ങളിലുളള ഒബാമ അതേക്കുറിച്ച് പറഞ്ഞത്. ക്യൂബയുമായി പുതിയ അധ്യായം തുറന്നു. ഒരു വെടി പോലും പൊട്ടിക്കാതെ ഇറാന്റെ ആണവായുധം നിര്‍മിക്കാനുള്ള പദ്ധതി നിര്‍ത്തിക്കാന്‍ കഴിഞ്ഞു. വരും തലമുറക്ക് വേണ്ടി കാലാവസ്ഥാ കരാറില്‍ ലോകത്തെ ഒരുമിച്ച് നിര്‍ത്തി. ഇതുപോലെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയെ കൂടുതല്‍ ശക്തമാക്കി.

ജനുവരി 20 ഡോണള്‍ഡ് ട്രംപിന് അധികാരം കൈമാറിയ ശേഷമായിരിക്കും ഒബാമ വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുക.

നേട്ടങ്ങളും കോട്ടങ്ങളും

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാധിച്ചുവെന്നതാണ് ആഭ്യന്തര രംഗത്ത് ബറാക് ഒബാമയുടെ നേട്ടം. ഒബാമ കെയര്‍ പദ്ധതിയും ഡ്രീം ആക്ടും കൈയടി നേടി.

ആഗോള സാമ്പത്തികമാന്ദ്യവും ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നേരിടുന്ന തിരിച്ചടിയുമായിരുന്നു 2009ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഒബാമക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍. ചെലവു ചുരുക്കിയും പൊതുചെലവ് വര്‍ധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി അദ്ദേഹം മറികടന്നു. തൊഴിലില്ലായ്മ 7.8 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തിലേക്ക് കുറച്ചു. പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയും അടിസ്ഥാന മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടുവന്നും പുതിയ മാറ്റങ്ങള്‍ വരുത്തി. ഒബാമ കെയര്‍, ഡ്രീം ആക്ട് തുടങ്ങിയ വിജയകരമായ ആശ്വാസ പദ്ധതികള്‍ നടപ്പാക്കി.

ആഫ്രോ-അമേരിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതാണ് ആഭ്യന്തര രാഷ്ട്രീയരംഗത്ത് ഒബാമ നേരിട്ട പ്രധാന തിരിച്ചടി. തോക്ക് നിയന്ത്രണത്തിന് തുടക്കം മുതല്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സ്വവര്‍ഗവിവാഹം അംഗീകരിക്കുന്നതില്‍ മെല്ലപ്പോക്ക് സ്വീകരിച്ചുവെന്ന ആക്ഷേപവും ഒബാമക്കെതിരെ ഉയര്‍ന്നു.

ആക്രമണോത്സുക വിദേശനയത്തില്‍ നിന്നുള്ള വഴിമാറി നടത്തവും, ആഭ്യന്തര രാഷ്ട്രീയരംഗത്ത് സ്വീകരിച്ച കടുത്ത നിലപാടുകളുമാണ് ഒബാമയുടെ പ്രസിഡന്റ് കാലയളവ് അടയാളപ്പെടുത്തുന്നത്. പുതിയ സൈനികാധിനിവേശങ്ങളൊന്നും ഇക്കാലത്തുണ്ടായില്ല., ഐഎസിന്റെ ഉദയവും അഭയാര്‍ഥികളുടെ പലായനവും ഒബാമ ഭരണകൂടത്തിന്റെ വീഴ്ചയായി വിലയിരുത്തുന്നു.

ഇറാനുമായുണ്ടാക്കിയ ആണവകരാറാണ് ഒബാമ യുഗത്തിലെ ശ്രദ്ധേയനേട്ടം. അഫ്ഗാനില്‍ നിന്നും ഇറാഖില്‍ നിന്നും സൈന്യത്തെ തിരിച്ചുവിളിച്ചതും ഗ്വാണ്ടാനാമോ തടവറ അടച്ചുപൂട്ടിയതും ഏറെ പ്രശംസിക്കപ്പെട്ടു. മാത്രമല്ല പുതിയ അധിനിവേശങ്ങള്‍ക്കൊന്നും ഒബാമ ഭരണകൂടം തയ്യാറായതുമില്ല. ഉസാമ ബിന്‍ലാദനെ വധിക്കാന്‍ കഴിഞ്ഞതും ഒബാമ ഭരണകൂടം വലിയ നേട്ടമായാണവകാശപ്പെട്ടത്. ക്യൂബയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതും ജപ്പാനിലെ ഹിരോഷിമയിലും വിയറ്റ്നാമിലും നടത്തിയ സന്ദര്‍ശനവും നയതന്ത്രരംഗത്തെ വിജയമായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടായി സാധ്യമാകാതിരുന്ന കരാര്‍ പാരിസ് ഉച്ചകോടിയില്‍ പാസ്സാക്കിയെടുക്കുന്നതില്‍ മുന്‍കൈയെടുക്കാനും ഒബാമക്കായി.

റഷ്യയുമായുള്ള ഉഭയകക്ഷിബന്ധം വഷളായതും സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹവുമാണ് ഒബാമയുടെ പ്രധാന പരാജയമായി വിലയിരുത്തുന്നത്. സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ക്രിയാത്മക പങ്ക് വഹിക്കാനും അമേരിക്കക്ക് കഴിഞ്ഞില്ല. ഇറാഖ്, സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഐഎസ് പിടിമുറുക്കിയതും ഒബാമ ഭരണകൂടത്തിന്റെ വീഴ്ചയായി നീരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ചുരുക്കത്തില്‍ ദേശീയതാല്‍പര്യസംരക്ഷണ വാദമുയര്‍ത്തി പ്രത്യക്ഷ സൈനിക നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നത് തന്നെയാണ് ഒബാമയുടെ നേട്ടം.

TAGS :

Next Story