ആയുസ് നീട്ടിക്കിട്ടുമോ എന്നറിയില്ല; ഇന്ത്യന്‍ സ്വദേശിനിയുടെ ബിരുദദാനം നേരത്തെയാക്കി കാനഡ യൂണിവേഴ്സിറ്റി

ആയുസ് നീട്ടിക്കിട്ടുമോ എന്നറിയില്ല; ഇന്ത്യന്‍ സ്വദേശിനിയുടെ ബിരുദദാനം നേരത്തെയാക്കി കാനഡ യൂണിവേഴ്സിറ്റി
കാനഡ യൂണിവേഴ്സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായിരുന്ന പേഴ്സില്ലയുടെ ബിരുദദാനചടങ്ങ് ജൂണിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍..
കാനഡ യൂണിവേഴ്സിറ്റി പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായിരുന്ന പേഴ്സില്ലയുടെ ബിരുദദാനചടങ്ങ് ജൂണിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ക്യാന്‍സര്‍ രോഗബാധിതയായ പേഴ്സില്ല വൈഗാസിന് ജൂണ്‍ വരെ ആയുസ് നീട്ടിക്കിട്ടുമോ എന്നറിയില്ല. അതിനാല്‍ പേഴ്സില്ലയുടെ രോഗവിവരം മനസിലാക്കിയ യൂണിവേഴ്സിറ്റി അധികൃതര്‍ പ്രത്യേകം ചടങ്ങ് സംഘടിപ്പിച്ചുകൊണ്ട് അവര്‍ക്ക് ബിരുദം കൈമാറി.
കര്‍ണാടകയില്‍ ജനിച്ചുവളര്‍ന്ന പേഴ്സില്ല വിവാഹശേഷം ദുബൈയിലേക്കും പിന്നീട് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം 2005ല്‍ കാനഡയിലേക്കും താമസം മാറുകയായിരുന്നു. കാനഡയില്‍ നല്ലൊരു ജോലി ലഭിച്ചെങ്കിലും പിഎച്ച്ഡി ചെയ്യുക എന്നത് പേഴ്സില്ലയുടെ വലിയൊരു സ്വപ്നമായിരുന്നു. അങ്ങിനെ കാനഡയിലെ ടോറന്റോ യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡിക്കും ചേര്‍ന്നു.
എന്നാല്‍ 2015ല്‍ പേഴ്സില്ലക്ക് ക്യന്‍സര്‍ ബാധിച്ചു. ആദ്യം പിത്തരസനാളിയെ ബാധിച്ച ക്യാന്‍സര്‍ പിന്നീട് കരള്‍, അണ്ഡാശയങ്ങള്‍, ശ്വാസകോശം എന്നിവയിലേക്കും പടര്‍ന്നു. 2016ല്‍ ആറ് മാസത്തെ ആയുസാണ് ഡോക്ടര്‍മാര്‍ പേഴ്സില്ലക്ക് വിധിച്ചത്. എന്നാല്‍ കീമോതെറാപ്പിയിലൂടെ ഒരു വര്‍ഷത്തേക്ക് കൂടി ജീവിതം നീട്ടിക്കിട്ടി. പക്ഷേ, ഏറെ സ്വപ്നം കണ്ടിരുന്ന പിഎച്ച്ഡി നേടാനാകാതെ പോകേണ്ടിവരുമോ എന്ന ചിന്ത അവരെ വിഷമിപ്പിച്ചു. ഇതോടെ, ജൂണില്‍ നടക്കേണ്ടിയിരുന്ന ബിരുദദാനചടങ്ങ് യൂണിവേഴ്സിറ്റി അധികൃതര്‍ മെയ് 9ന് പേഴ്സില്ലക്ക് വേണ്ടി പ്രത്യേകം നടത്തുകയായിരുന്നു.
''ക്യാന്സര്‍ ആണെന്നറിഞ്ഞിട്ടും ഞാനെന്റെ കുടുംബത്തിന്റെയോ കൂട്ടുകാരുടെയോ മുമ്പില്‍ ഒരിക്കലും കണ്ണീരൊഴുക്കിയിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് എനിക്ക് അംഗീകരിച്ചേ മതിയാകുമായിരുന്നുള്ളൂ. ആദ്യം ആറ് മാസത്തെ ആയുസാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. പക്ഷേ കീമോതെറാപ്പിയിലൂടെ എനിക്ക് ഒരു വര്‍ഷത്തേക്ക് കൂടി ജീവിതം നീട്ടിക്കിട്ടി. അതെന്റെ ഭാഗ്യമായി കരുതുന്നു. എങ്കിലും എന്റെ ലോകം കീഴ്മേല്‍ മറിഞ്ഞു. പക്ഷേ, വിട്ടുകൊടുക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എനിക്കെന്റെ മകള്‍ എന്റെ മുന്നില്‍ വളരുന്നത് കാണണമായിരുന്നു. അവള്‍ക്ക് വെറും 14വയസേ ആയിരുന്നുള്ളൂ. എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതില്‍ അഭിമാനമുണ്ട്. ഇനി ഭാവിയെക്കുറിച്ച് എനിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല, ഒന്നൊഴികെ. എന്റെ മകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് കാണണമെന്നുണ്ട്.'' പേഴ്സില്ല പറയുന്നു.
അതിജീവനത്തിന്റെ മാതൃക തീര്‍ക്കുന്ന അവര്‍ക്ക് ലോകത്തോട് പറയാനുള്ളത് ഇതാണ്, ''നിങ്ങളില്‍ തന്നെ സ്വയം വിശ്വാസമര്‍പ്പിക്കുക. കരുത്തരായിരിക്കക. സ്വപ്നം കാണുന്നത് നേടുകയും ചെയ്യുക."
Adjust Story Font
16

