Quantcast

നമസ്കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു

150 ഓളം പേരാണ് കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഇമാം പ്രാര്‍ത്ഥന തുടരുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    7 Aug 2018 7:52 AM GMT

നമസ്കാരത്തിനിടെ ഭൂമികുലുങ്ങി; പതറാതെ നമസ്കാരം പൂര്‍ത്തിയാക്കുന്ന ഇമാമിന്റെ വീഡിയോ വൈറലാകുന്നു
X

ലോകത്തെ തന്നെ ഞെട്ടിച്ച ഭൂകമ്പങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയില്‍ ഉണ്ടായത്. നൂറ്റി അമ്പതോളം പേരാണ് ഭൂകമ്പത്തില്‍ മരിച്ചത്. ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര ദ്വീപുകളായ ബാലിയിലും ലംബോക്കിലുമാണ് ഭൂകമ്പമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടയിലും തന്‍റെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്ന ഇമാമിന്‍റെ വീഡിയോ ഇതിനിടെ വൈറലാകുകയാണ്. ബാലിയിലെ പള്ളിയിലെ നിസ്കാരത്തിനിടയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭൂമി കുലുങ്ങിയപ്പോഴും പേടിക്കാതെ പ്രാര്‍ഥന തുടര്‍ന്ന ഇമാമിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബാലിയിലെ പള്ളിയില്‍ നമസ്‌കാരത്തിന് ഇമാം നേതൃത്വം കൊടുക്കുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമികുലുങ്ങിയതോടെ ഇമാമിന്‍റെ പിന്നില്‍ നിന്ന ചിലര്‍ എന്താണ് നടക്കുന്നതെന്നറിയാനായി ഓടിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇമാമാകട്ടെ ഇടത് കൈകൊണ്ട് ചുമരില്‍ പിടിച്ച് ഒരു കൈ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥന തുടരുകയായിരുന്നു. ഇമാമിന്റെ ധൈര്യവും വിശ്വാസവും പിറകില്‍ നിന്ന ചിലര്‍ക്കെങ്കിലും നമസ്‌കാരം തുടരാന്‍ പ്രചോദനമായി. ഇതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മരണം മുന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഒരു കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പ്രാര്‍ഥന തുടര്‍ന്ന ഇമാമിന്റെ വിശ്വാസത്തിന്റെ ശക്തിയെ പുകഴ്ത്തുകയാണ് നവമാധ്യമങ്ങള്‍. ഇമാമിന്‍റെ പിന്നില്‍ നിന്നവരെയും വാഴ്ത്തുന്നുണ്ട് സോഷ്യല്‍ മീഡിയ.

TAGS :

Next Story