Quantcast

യമനിലെ ഹൂതികളുമായി ഐക്യരാഷ്ട്ര സഭ മെഡിക്കല്‍ കരാര്‍ ഒപ്പു വെച്ചു

പരിക്കേറ്റ ഹൂതി വിമതരെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കാനാണ് കരാര്‍

MediaOne Logo

Web Desk

  • Published:

    17 Sept 2018 8:23 AM IST

യമനിലെ ഹൂതികളുമായി ഐക്യരാഷ്ട്ര സഭ മെഡിക്കല്‍ കരാര്‍ ഒപ്പു വെച്ചു
X

യമനിലെ ഹൂതികളുമായി ഐക്യരാഷ്ട്ര സഭ മെഡിക്കല്‍ കരാര്‍ ഒപ്പു വെച്ചതായി റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ ഹൂതി വിമതരെ വിമാനമാര്‍ഗം ആശുപത്രിയിലെത്തിക്കാനാണ് കരാര്‍. ഇതോടെ സമാധാന ചര്‍ച്ചക്ക് വീണ്ടും വഴി തെളിഞ്ഞു. അതേ സമയം ഹുദൈദക്ക് അരികില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.

കഴിഞ്ഞയാഴ്ച യമന്‍ സര്‍ക്കാറിനേയും ഹൂതികളേയും യു.എന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ സമാധാന ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍ ഹൂതികള്‍ ചര്‍ച്ചക്കെത്തിയില്ല. മുന്നോട്ടു വെച്ച ഉപാധികള്‍ യു.എന്‍ അംഗീകരിച്ചില്ല എന്നതായിരുന്നു ഹൂതികളുടെ നിലപാട്. ഇതില്‍ പ്രധാനമായിരുന്നു പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മാര്‍ഗമുണ്ടാക്കണമെന്ന ആവശ്യം. രണ്ടാമത്തേത് ചര്‍ച്ചക്ക് വരുന്നവരെ ത‍ടഞ്ഞു വെക്കരുത് എന്നതുമായിരുന്നു. ഇതില്‍ ഒന്നാമത്തേതിനാണ് പരിഹാരമായത്. ഇതുപ്രകതാരം പരിക്കേല്‍ക്കുന്ന ഹൂതി വിമതരെ എയര്‍ലിഫ്റ്റ് ചെയ്യും. എന്നാല്‍ എങ്ങോട്ടാണ് മാറ്റുക എന്നതില്‍ വ്യക്തതയില്ല.

വിഷയത്തില്‍ അറബ് സഖ്യസേന പ്രതികരിച്ചിട്ടില്ല. പ്രധാന ഉപാധി യു.എന്‍ അംഗീകരിച്ചതോടെ സമാധാന ചര്‍ച്ചക്ക് വീണ്ടും വഴി തെളിഞ്ഞു. ഈ ആഴ്ച അതിനുള്ള ശ്രമങ്ങള്‍ തുടരും. യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് യമന്‍ ഭരണകൂടവുമായും ഹൂതികളുമായും ചര്‍ച്ച നടത്തും. ഇതിനിടെ ഹുദൈദയില്‍ സൈന്യവും ഹൂതികളും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്. 17 ഹൂതികളെ വധിച്ചു. 7 സൈനികര്‍ക്കും പരിക്കുണ്ട്.

TAGS :

Next Story